Saturday 22 November 2014

നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ്

പഴയൊരു മഴക്കാലത്ത്
കലാലയപ്പറമ്പിന്റെ മൂലയില്‍
ആല്‍മരത്തിന്റെയുടലില്‍
അവന്റെ പേര്  വരഞ്ഞിരുന്നു
ഇനിയും കാണാമെന്ന് പിരിഞ്ഞിരുന്നു.

കടുത്ത മഴയിലവന്‍ പനിച്ചുവോ
അടുത്ത വേനലില്‍ പൊള്ളിയോ
ഉടലില്‍ പുതുപേരുകള്‍ ചേര്‍ന്നുവോ
പ്രണയപ്പുതുശാഖികള്‍ പൊടിച്ചുവോ
പ്രസ്ഥാനവേരുകള്‍ ആഴ്ന്നിറങ്ങിയോ  ?

ഇന്നലെ കലാലയത്തിന്  നൂറ്
ആല്‍മരത്തിന്റെ ഉയരങ്ങളില്ല
പച്ചയില്ല,ഒച്ചയില്ല,ഉച്ചയുടെ
പൊതിച്ചോര്‍ മണമില്ല
മുദ്രാവാക്ക്യങ്ങളുടെ സ്വാന്തനമില്ല
മുദ്ര വെക്കും രഹസ്യ ചുംബനമില്ല .
നോട്ടങ്ങളില്‍ പഴയ കനവുകളില്ല
നോട്ടു ബുക്കില്‍ പുതിയ കവിതകളില്ല .
പ്രാവുകളുടെ കുറുകലില്ല
പ്രണയത്തിന്റെ മുറുകലില്ല.

ആല്‍മരമൊഴിഞ്ഞ
ആസനക്കുഴിയില്‍
ഞെളിഞ്ഞിരിക്കുന്നുണ്ടൊരു
കോണ്ക്രീറ്റ് ദീര്‍ഘചതുരം
കൊത്തിവെച്ചിരിക്കുന്നു
ശതകത്തിന്റെ പൂജ്യങ്ങള്‍
കറുത്തു വരഞ്ഞ് പേരുകള്‍
മന്ത്രിയാകാം,തന്ത്രിയാകാം
മുന്തിയ ഏതോ കോന്തനാകാം.

സിമന്‍റ് കട്ടയ്ക്ക് പിന്നില്‍
നാണിച്ചു നില്‍ക്കുന്നണ്ടവന്‍
പഴയ,
നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ് .