Friday 27 February 2015

ചക്കരത്തുണ്ടിന് മധുരം കുറയുന്നത്


ചക്കരത്തുണ്ടിന് മധുരം കുറയുന്നത്
---------------------------------------------------------------------------------
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ കുന്നംകുളം എന്നൊരു പ്റദേശം .കമ്മ്യൂണിസ്റ്റ്കാരും കോൺഗ്റസ്കാരും മാറി മാറി 
ജയിക്കുന്ന സാദാ നിയോജകമണ്ഡലം.കുന്നംകുളം നസ്റാണി എന്നൊരു കൂട്ടു വാക്ക് മലയാളത്തിനു നല്കിയ ദേശം. 
നസ്റാണിപ്പേരിട്ട് ഒരു കുന്നംകുളം മുഴുവൻ സ്വന്തമാക്കാൻ മാത്റം നസ്റാണികളൊന്നും കുന്നംകുളത്തില്ല താനും. കുന്നംകുളം 
നായരെന്നോ കുന്നംകുളം കോയാന്നോ കേട്ടിട്ടുമില്ല.അപ്പോൾ എണ്ണം കൊണ്ടല്ല തിണ്ണബലം കൊണ്ടായിരിക്കണം 
നസ്റാണിക്കുന്നംകുളം ഉണ്ടായത്.

തൃശൂർ നസ്റാണി,ഇരിങ്ങാലക്കുട നസ്റാണി ,കാഞ്ഞിരപ്പിള്ളി നസ്റാണി എന്നിങ്ങനെയുള്ള മറ്റു നസ്റാണി ക്കൂട്ടങ്ങളുമായി 
കാര്യമായ കൂട്ടൊന്നുമില്ല കുന്നംകുളം നസ്റാണിക്ക് .അടിസ്ഥാനപരമായി കച്ചവടക്കാരും 
ആർത്തിക്കാരുമാണെന്നതൊഴിച്ചാൽ.കോളേജ് പഠിപ്പിന് തൃശൂരിലെത്തിയപ്പോൾ അവിടത്തെ നസ്റാണികളാണ് കുന്നംകുളത്തിന്റെ മറ്റൊരു  വീരസ്യം പറഞ്ഞു തന്നത്.ഒരു പാട് ഡ്യൂപ്ളിക്കേറ്റ് വസ്തുക്കളുടെ സുഖപ്റസവം നടക്കുന്നത് 
കുന്നംകുളത്താണ്.കുന്നംകുളത്തായിരുന്നപ്പോൾ അതിൽ വലിയ കാര്യമൊന്നും തോന്നിയിരുന്നില്ല.ഒരു നാട്ടു നടപ്പുകാര്യം,അത്ര 
മാത്രം.

IOB നീലപ്പൊടിയും ചുമ്മാരുേട്ട്യട്ടൻറെ IO8 നീലവും തമ്മിൽ നിറത്തിലോ ഗുണത്തിലോ വ്യത്യാസമൊന്നുമില്ലെന്നാണ് അമ്മച്ചി 
പറയാറ്.CUTTICURA സുന്ദരികളുടെ ആവശ്യത്തിലേക്കായി ഒരു Cuttikura പൗഡറും ഞങ്ങൾ നല്കിയിരുന്നു.തിരുവതാംകൂറിൽ 
മലയാള മനോരമ നിരോധിച്ചപ്പോൾ ,പിറ്റേ ദിവസം കുന്നംകുളത്തെ അക്ഷര രത്നം പ്റസ്സിൽ നിന്ന് പത്റം 
ഇറക്കിക്കൊടുത്തവരാണ് ഞങ്ങളുടെ വീരപൂർവികർ.

നാലഞ്ച് ബസ്സുകൾ നിർത്താവുന്ന കുറച്ചു സ്ഥലവും ബസ്സുകൾക്കിടയിലെ തിണ്ണകളിൽ ചെറുകിട മൊബൈൽ(ഫോണല്ല) 
കച്ചവടക്കാരും കൊച്ചു പുസ്തകങ്ങളും മനോരമ-നർമ്മദ-ഹാസ്യകൈരളി ആഴ്ചപ്പതിപ്പുകളും വില്ക്കുന്ന ചെറു സ്ഥിരം കടകളും 
കുറച്ചു സോഡാ സർബത്ത് നിലവിളികളും ചേർന്നാൽ പഴയ കുന്നംകുളം ബസ് സ്റ്റാൻഡായി.

ബസ് സ്ററാൻഡിൽ നിന്ന് ഗുരുവായൂർ - ചാവക്കാട് ബോർഡ് വെച്ച ബസ്സുകൾ രണ്ടു കിലോമീറ്ററോളം ഓടി ബാവപ്പള്ളി 
സ്റ്റോപ്പിലെത്തും. ചിലർ പള്ളിപ്പടിയെന്നു പറഞ്ഞിവിടെയിറങ്ങും.ചിലർ സിംഹാസനപപ്പള്ളിയെന്നു പറയും.എല്ലാവരും 
ഇറങ്ങുന്നത് പള്ളിക്കു മുമ്പിലെ പുളിമരച്ചോട്ടിലേക്കാണ്.ഇന്നാ പുളിമരമില്ല.അതിൻറെ വട്ടത്തിൽ മുറിച്ച തായ്ത്തടിക്കഷണങ്ങൾ 
പള്ളി മതിലിനോട് ചേർന്നു കിടന്ന് ജീർണ്ണിക്കുന്നുണ്ട്. ഒരു ഉപേക്ഷിക്ക്പ്പെട്ട സ്മാരകം പോലെ.

പുളിമരച്ചോടിനപ്പുറത്ത്,റോഡിൻറെ മറുവശത്ത് ഒരു കല്ലത്താണി കാണാം.കുത്തി നിറുത്തിയ മൂന്നു കനത്ത കരി ന്കൽ 
പാളികൾക്കു മേൽ വിലങ്ങനെ വെച്ചിരിക്കുന്ന രണ്ടു കരിങ്കൽ പാത്തികൾ.അരയാൾ പൊക്കം.പത്തു പന്ത്റണ്ടു പേർക്ക് 
സുഖമായിരുന്നു സൊറ പറയാം.രാഷ്ട്റീയ നേതാക്കൾ ആരാധിക്കപ്പെടുന്നതും വധിക്കപ്പെടുന്നതും ഞാനവിടെ കണ്ടിട്ടുണ്ട്. 
ജവഹർ തിയേറ്ററിലെ ഉച്ചപ്പടത്തിലെ ഇക്കിളി രംഗങ്ങൾ പൊടിമീശക്കാരെ ആവേശിക്കുന്നത് ഞാനവിടെ 
കണ്ടിട്ടുണ്ട്.കുഞ്ഞോനേട്ടൻ,ഇറ്റാത്തേട്ടൻ,ഹോമിയോ ഡോക്ടർ(ഇങ്ങേർക്ക് ഇതിനപ്പുറം ഒരു പേരുണ്ടായിരുന്നോ 
ആവോ)പാപ്പച്ചേട്ടൻ എന്ന എന്റെ അപ്പച്ചൻ , എന്നിവരായിരുന്നു ഈ അത്താണിക്കമ്മററിയിലെ മൂപ്പന്മാർ.പിന്നെ അതാതു 
ദിവസത്തെ വിഷയങ്ങളിൽ ആസക്തരായി വന്നു കേറുന്ന നാട്ടു വഴിപോക്കർ. നികേഷും വേണുവും ചാനലുകളും ഇല്ലാതിരുന്ന 
അക്കാലത്ത് ഞങ്ങളുടെ രാഷ്ട്റീയ വിദ്യാഭ്യാസം നടന്നത് ഈ അത്താണിപ്പരിസരത്താണ്.

ഈ കല്ലത്താണിക്ക് പടിഞ്ഞാറായി ഞങ്ങളുടെ പുലിക്കോട്ടിൽ ഭവനം.രണ്ടു മുറിയിൽ തുടങ്ങി,സാമ്പത്തികമായി 
മെച്ചപ്പെടുന്നതിനനുസരിച്ച് ,തീവണ്ടിക്ക് ബോഗി ചേർക്കുന്നതു പോലെ മുറികൾ ചേർത്തെടുത്ത തേരട്ട വീട്.ഏറ്റവും മുന്നിൽ 
ഉമ്മറം.പിന്നിൽ അടുക്കളയും പര്യമ്പറവും.ഇടയിൽ പലപ്പോഴായി സ്ഥാനക്കയറ്റം കിട്ടിയ മൂന്നു മുറികൾ.ഉമ്മറ വാതിലിൽ 
നിന്നാൽ പര്യമ്പുറത്തിന് താഴെ വളർത്തു കോഴികൾ ചിക്കിപ്പരതുന്നതു കാണാം.നേർക്കു നേരെയാണ് വാതിലുകൾ. അതാണ് 
കുന്നംകുളത്തിന്റെ വാസ്തുശാസ്ത്റം.

ഇവിടെ നിന്ന് പതിനഞ്ചു മിനിറ്റോളം നടക്കണം അമ്മച്ചിയുടെ തറവാടായ നെയ്യൻ വീട്ടിലേക്ക്.കുന്നംകുളം-ഗുരുവായൂർ 
റോഡിലേക്കിറങ്ങി തെക്കോട്ടല്പം നടക്കുകയും ഒരു ചെറിയ കയറ്റം കയറുകയും ചെയ്താൽ കറുത്ത റോഡിനോട് പിണങ്ങിയൊരു 
ചെമ്മൺ പാത കിഴക്കോട്ടോടിപ്പോകും. ആർത്താറ്റ് വലിയ പള്ളിക്കു മുന്നിലെത്തിയൊന്ന് കുരിശ് വരച്ച് വലത് വശത്തെ പള്ളി 
മതിലിനോട് ചേർന്നത് താഴേക്ക് ഇറങ്ങിപ്പോകും.വെള്ളം കുത്തിയൊലിച്ചുണ്ടായ ചാലുകളാലും കുഴികളാലും സമൃദ്ധമാണ് ഇനിയും 
ടാറുടുക്കാത്ത ഈ വെട്ടുവഴി.പള്ളിമതില് വിട്ട് രണ്ടു വളവ് കഴിഞ്ഞാൽ നെയ്യൻ തറവാടിനു മുമ്പിലെത്തും.പഴയ മട്ടിവുള്ള 
പടിപ്പുരയുടെ പകുതി പ്റൗഡിയൊക്കെയുള്ള പഴകിയ പടി തുറക്കാം.ഒതുക്കുകളിറങ്ങി മുറ്റത്തേക്കെത്തുമ്പോൾ 
സർവ്വകോശങ്ങളേയും ഞാൻ ഒരു നാലാം വയസ്സുകാരനിലേക്ക് ഒതുക്കിയെടുക്കും. അപ്പോൾ വലതു വശത്തെ തൊഴുത്തിൽ നിന്ന് 
പച്ചച്ചാണകത്തിന്റേയും അയവിറക്കപ്പെടുന്ന വൈക്കോലിന്റേയും അടുപ്പമറിയിക്കുന്ന ഉംബേ വിളികളുടേയും കൂട്ടുഗന്ധം തഴുകാൻ 
വരും.
ഉമ്മറത്തിണ്ണക്കപ്പുറം ,തടിയൻ കട്ടിളപ്പടികളുള്ള ഭാരിച്ച പ്റധാന വാതിലിന് ഇടതു ചേർന്ന് ചുമരു ചാരി ,ചുവപ്പു നിറത്തിൽ 
ചിന്തേരിട്ടു മിനുക്കിയ തറയിലേക്ക് നീട്ടി വെച്ച മടിത്തട്ടിലേക്ക് ഞാൻ കയറിക്കിടക്കും.ചുളിവുകളുടെ ധാരാളിത്തം കൊണ്ട് 
സുന്ദരമായ വെളുത്ത സൗമ്യമുഖം ഒൗട്ട് ഓഫ് ഫോക്കസ്സിൽ പുഞ്ചിരിക്കും.അപ്പ്യച്ചിയമ്മയുടെ മറയ്ക്കാത്ത മാറിൽ നിന്ന് 
ചുക്കിച്ചുളുങ്ങിയിറങ്ങി ഫോക്കസിലേക്ക് വന്ന് രണ്ടു മുലക്കണ്ണുകൾ നെറ്റിയിൽ ഉമ്മ വെക്കും.അന്നേ തൊണ്ണൂറ് കഴിഞ്ഞിരുന്ന 
അവർ എപ്പോഴൊ കൂനിക്കൂനിയിറങ്ങിപ്പോയി ,ഒാർമ്മകളിൽ ഇല്ലാതെയായി.

നല്ല പൊക്കവും വല്ലാത്തൊരു ഗാംഭീര്യവുമുണ്ടായിരുന്ന , സഹോദരങ്ങളും മക്കളും പേരക്കുട്ടികളും നാട്ടുകാരും കൂട്ടുകാരും ഒക്കെ 
ഒരു പോലെ ഏട്ടൻ ഏന്നു വിളിച്ചിരുന്ന ,അമ്മച്ചിയുടെ അപ്പനായിരുന്നു വീട്ടിലെ കാരണവർ.അതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് 
ഒാർമ്മകളോ അടയാളപ്പടുത്തലുകളോ ഇല്ല. കൂട്ടത്തിൽ അങ്ങനെയും ഒരാളുണ്ടായിരുന്നു,അത്റ മാത്റം.കൂട്ടത്തിലൊരാൾ 
മാത്റമായിരുന്നു ,ഞങ്ങൾ അച്ചാച്ചൻ എന്നു വിളിച്ചു പോന്ന അമ്മച്ചിയുടെ ഒരേയൊരാങ്ങള.അദ്ദേഹത്തിന്റെ 
ഭാര്യയോടായിരുന്നു(ഞങ്ങൾ അവരെ അമ്മായി എന്നു വിളിച്ചു )ഞങ്ങൾ കുട്ടികൾക്ക് സ്വല്പമെങ്കിലും അടുപ്പം.അവർ പിന്നീട് 
പാമ്പു കടിയേറ്റ് നാട്ടു വൈദ്യന്റെ വിദഗ്ധചികിത്സയിൽ മരിച്ചു.

തറവാട്ടു വീട്ടിൽ പിന്നെ ബാക്കിയുള്ളത് ഞങ്ങളുടെ പ്റിയപ്പെട്ട അമ്മുവാണ്.അമ്മച്ചിയുടെ അമ്മ.താണ്ടക്കുട്ടി.എല്ലാവരും 
അമ്മുവെന്ന് വിളിച്ചു .കുന്നോളം സ്നേഹം തന്ന് ,ഒാർമ്മകളിൽ നിന്ന് ഏക്കറു കണക്കിന് തീറെഴുതിയെടുത്തത് 
അവരാണ്.കാതിൽ തോടകളൊക്കെയായി പിൻവശത്തേക്ക് വിശറിയിട്ട് മുണ്ടുടുത്ത് തൂവെള്ള റൗക്കയിട്ട് തെളിഞ്ഞ് നിലക്കുന്ന 
ബ്ളാക്ക് വൈറ്റ് ചിത്റം.പേരക്കുട്ടികളിൽ എന്നോട് പ്റത്യേകമായൊരടുപ്പം അമ്മുവിനുണ്ടായിരുന്നു.പഠിക്കാൻ മിടുക്കനായതു 
കൊണ്ടാണ് ഈ ഇഷ്ടമെന്ന് ഞാനും അമ്മച്ചിയും അഹങ്കരിച്ചിരുന്നു.പക്ഷേ തരം കിട്ടുമ്പോഴൊക്കെ അമ്മു തന്ന ഉപദേശം 
ഇങ്ങനെയായിരുന്നു-'മോൻ മിടുക്കനൊന്ന്വാവണ്ടാട്ടോ.ഒരു പാവായാ മതി.'(അതി)സാമർത്ഥ്യക്കാരനാവുന്നത് അത്റ നല്ല 
കാര്യമല്ലെന്നാണ് അമ്മുവിന്റെ വിശ്വാസം. അമ്മുവിന്റെ ഉപദേശം മനസ്സിലാക്കാൻ മാത്റം മിടുക്കൊന്നും 
എനിക്കൊരിക്കലുമുണ്ടായില്ല.അമ്മു പറഞ്ഞ പോലെ ഒരു പാവമാകാനും എനിക്കായില്ല.

ഇന്നത്തെപ്പോലെ അന്നും നല്ലൊരു തീറ്റക്കാരനായിരുന്നു ഞാൻ.അന്നത്തെക്കാലത്ത് ,ആ കുഗ്റാമത്തിന്റെ നില വെച്ച് 
ചെറിയൊരു പരിഷ്ക്കാരിയായിരുന്നു,അമ്മായി.നല്ല രസികൻ മസാലദോശയുണ്ടാക്കുമായിരുന്നു അമ്മായി.അന്ന് സാധാരണ 
വീടുകളിലൊന്നും ഉണ്ടാക്കാത്ത ഒരു വിഭവമാണ് മസാലദോശ.കുന്നംകുളം ടൗണിലെ ഭേദപ്പെട്ട കുറച്ചു ഹോട്ടലുകളിലാണ് അന്ന് 
മസാലദോശയും നെയ്റോസ്റ്റുമൊക്കെ കിട്ടുന്നത്.അത് കഴിക്കുന്നതാകട്ടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്റവും.
നെയ്യൻ വീട്ടിൽ മസാല മൊരിയുന്ന ദിവസം ആർത്താറ്റ് സെന്റ് തോമസ് സ്കൂളിലേക്ക് ഒരു ദൂത് വരും_.'സ്ക്കൂള് കഴിഞ്ഞട്ട് 
ഒന്നങ്ങട്ട് എറങ്ങണംന്ന് പറഞ്ഞൂ അമ്മു'
സെന്തോമസ് സ്കൂളിലായിരുന്നു അമ്മച്ചി പഠിപ്പിച്ചിരുന്നത്.ഞാൻ പഠിച്ചിരുന്നതും.മേരി ടീച്ചറോ ത്റേസ്യ ടീച്ചറോ ആയിരിക്കും 
ദൂത് കൊണ്ടു വരുന്നത്.

വേനലവധിക്കാലത്ത് പത്തോ പതിനഞ്ചോ ദിവസം അമ്മുവിന്റെ കൂടെ തറവാട്ടിൽ പോയി നിലക്കും.ഉത്സവം പോലെയാണ് ആ 
ദിവസങ്ങൾ .വേനലിൽ ദേഹം മുഴുവൻ കുരുകുരാ പൊന്തുന്ന ചൂടുകുരുവും (അയ്ച്ചൂടെന്ന് ലോക്കൽ ഭാഷ്യം.ഇപ്പോഴിത് അന്യം 
നിന്ന് പോയിരിക്കുന്നു.)അതിന്റെ ചൊറിച്ചിലും അത് മാന്തിപ്പൊളിക്കലും ശമനത്തിനായി തേങ്ങാവെള്ളത്തിൽ കുളിക്കലും (തേങ്ങാ 
വെട്ടുള്ളപ്പോൾ ചെമ്പ് കണക്കിന് തേങ്ങാവെള്ളമുണ്ടാവും.)കുളിക്കുമ്പോൾ കോപ്പക്കണക്കിന് തേങ്ങാവെള്ളം കുടിക്കലും പിറ്റേന്ന് 
വയറിളകിത്തൂറലും ഈ ഉത്സവദിനങ്ങളുടെ ഭാഗമാണ്.

കുറച്ചു പനകളും കുറേ തെങ്ങുകളും ധാരാളം കവുങ്ങുകളുമുള്ള വലിയൊരു പറമ്പായിരുന്നു അവിടെത്തേത്.വേനലിൽ ദിവസം രണ്ടു 
തവണ കൊട്ടത്തേക്കുണ്ടാവും.രണ്ടു കാളകൾ ചേർന്ന് കിണറ്റിൽ നിന്ന് വലിച്ചു കയറ്റുന്ന വലിയ കൊട്ടയിൽ നിന്ന് വെള്ളം 
ചാലിലേക്ക് ഒഴുക്കിവിടും.ഈ വെള്ളത്തിനെ ചാലുകളിലൂടെ വിളിച്ചു കൊണ്ടു പോയി വരമ്പൊതുക്കിയും വെട്ടിയും ഓരോ 
തെങ്ങിന്റേയും കവുങ്ങിന്റേയും മൂട്ടിലെത്തിക്കുന്നത് രസകരമായൊരു കലയാണ്.വെള്ളം തിരിക്കാൻ ഒരു 
കൂലിക്കാരനുണ്ടാവും.എന്നാലും ഞങ്ങൾ കുട്ടികൾ അതേറ്റെടുക്കും,സന്തോഷത്തോടെ ഊഴമിട്ടു ചെയ്യും. കൂലിക്കാരൻ പയ്യൻ ദിനേശ് 
ബീഢിപ്പുകയ്ക്കിടയിലൂടെ ഓരോ ഉത്തരവുകൾ തന്നു കൊണ്ടിരിക്കും.തേക്കുവെള്ളം ഒഴുക്കിക്കൊണ്ടു പോയ 
ചാലുകളിലൂടെത്തന്നെയാണ് പിന്നീട് ഞങ്ങളുടെ 'പാളത്തീവണ്ടികൾ ' പാഞ്ഞു പോകുന്നത്.കവുങ്ങിൻ പാളയിൽ ഒരാൾ 
പാളത്തണ്ടിൽ പിടിച്ച് കുന്തിച്ചിരിക്കും.ചിലപ്പോൾ ചമ്റം പടിഞ്ഞ്.നല്ലവണ്ണം പിടിച്ചിരിക്കണം.പാളയുടെ ഓലത്തുമ്പ് ഒന്നോ 
രണ്ടോ പേർ ചേർന്ന് പിടിക്കും.പിന്നൊരോട്ടമാണ്.ചാലുകളിലൂടെ,വരമ്പുകൾക്കു മുകളിലൂടെ,തിട്ടകൾ ചാടി ആ പാള 
വണ്ടിയങ്ങനെ പറക്കും.നല്ല വണ്ണം പിടിച്ചിരുന്നില്ലെങ്കിൽ മുട്ടു തട്ടി പൊട്ടും.ചിലപ്പോൾ തെറിച്ചും പോകും.പിന്നെ തെറിച്ചു 
വീണവൻ പാള വലിച്ചോടും.പാള കീറി ട്റൗസറും തേഞ്ഞ് ചന്തിയുരഞ്ഞു പൊട്ടി കളം വിടും ചിലർ. ഇന്നത്തെ റോളർ 
കോസ്റ്ററിന്റെ ഒരു തറപ്പതിപ്പാണ് ഈ പാളപ്പറക്കൽ.

വൈകുന്നേരം വെള്ളം തേവുന്നത് താഴത്തെ പറമ്പിലാണ്,താഴത്തെ കുളത്തോളം പോന്ന വലിയ കിണറ്റിൽ നിന്ന്..ആ തേക്ക് 
കഴിയുന്നതോടെ ഞങ്ങളുടെ കുളിയും കഴിഞ്ഞിരിക്കും.പിന്നെ അഞ്ചുമണിയോടു കൂടി 'നാലുമണിക്കാപ്പി' കുടിച്ചു കഴിഞ്ഞാൽ 
ഞങ്ങളുടെ വിളയാട്ടം ഉമ്മറത്തേക്കും മുറ്റത്തേക്കും മാറും.അപ്പോൾ തന്നെയാണ് അമ്മു ചിലപ്പോൾ നടത്താറുള്ള മിഠായി 
വിതരണം.മിഠായി എന്നു വെച്ചാൽ പനച്ചക്കരയുടേയോ കരുപ്പട്ടിച്ചക്കരയുടേയോ കഷണം. അന്ന് ഗാലക്സി കിറ്റ് കാറ്റ് 
മിഠായികളൊന്നും അണപ്പൽപോടുകളിൽ ഒളിച്ചു കളി തുടങ്ങിയിട്ടില്ല .അന്നത്തെ ആ ചക്കരത്തുണ്ടോളം വരില്ല ഇന്നത്തെ ഒരു 
കാൻഡിയും ചോക്ലേറ്റും.

കോണിപ്പടിക്കു ചുവട്ടിലായി നിരപ്പലകയിട്ടടച്ച പത്തായം പോലൊരു സംവിധാനത്തിലാണ് ചക്കരക്കുടങ്ങൾ 
സൂക്ഷിക്കുന്നത്.അറയിൽ അരയാൾ പൊക്കത്തിൽ നെല്ലു നിറച്ചിരിക്കും.നെല്ലിൽ പല കുടങ്ങളിലായി പലതരം ചക്കരകൾ 
,കുടപ്പുളി,പഴംപുളി എന്നിവ അരയോളം പൂഴ്ത്തി വെച്ചിരിക്കും. ചിലപ്പോൾ ചെറുപഴക്കുലകളും.നെല്ലിന്റെ നിരപ്പിന് മുകളിലാണ് 
നിരപ്പലകകൾ നിരത്തുന്നത്.താഴെ ഭാഗം വലിയ മരപ്പലകകൾ വെച്ച് അടച്ചിരിക്കുകയാണ്.നിരപ്പലകകളിൽ ഒന്നോ രണ്ടോ 
എപ്പോഴും മാറ്റിവെച്ചിരിക്കും.ഞങ്ങൾ കുട്ടികൾക്ക് നന്നായി ഒന്നു ചാടിയാലേ ആ ചക്കരപ്പൊത്തിലേക്കെത്തുകയുള്ളു. എന്നിട്ടും 
എന്നും ഒന്നോ രണ്ടോ തവണ വാനരന്മാർ ചക്കരക്കുടങ്ങളിൽ കയ്യിടുകയും ചക്കരത്തുണ്ടുകൾ മോഷ്ടിക്കുകയും ചെയ്തു 
പോന്നു.എപ്പോഴും അമ്മുപ്പോലീസ് കള്ളന്മാരെ പിടികൂടും,പക്ഷേ എല്ലായ്പ്പോഴും തൊണ്ടി മുതൽ വയറ്റിലേക്ക് മറയുന്നതു വരെ 
അറസ്റ്റ് വൈകിപ്പിക്കും.
പിന്നെ ചോദ്യം ചെയ്യലായി.
-ചക്കര കട്ട്വോ?
-ഇല്ലില്ല.....നുണയൻ കോറസ്സ്
-കട്ടത് കുറ്റം,കട്ടിട്ട് കട്ടില്ലാന്ന് പറേണത് വല്ല്യേ കുറ്റം.കക്കരുത്.തലപോയാലും നുണ പറയരുത്.ചെറുപ്പത്തിലന്നെ അതങ്ങട്ട് 
മനസ്സിലുറക്കണം. മനസ്സിലായോ?
-ഊൗൗം
-ഇനി നുണ പറയ്യോ?
-ഇല്ല
-കക്ക്വോ?
-ഏയ്.ഇല്ല.
അടുത്ത ദിവസങ്ങളിലും ഞങ്ങൾ ചക്കര കക്കും.പോലീസ് പിടിക്കും.'ഭേദ്യം' ചെയ്യും.
പിന്നേയും പല അവധിക്കാലങ്ങളിൽ ഞങ്ങൾ കള്ളനും പോലീസ് കളിച്ചു.
ഒരിക്കൽ അമ്മു പതിവു തെറ്റിച്ചു.എന്നെ മുറ്റത്തെ തെച്ചിച്ചോട്ടിലേക്ക് വലിച്ചു കൊണ്ടു പോയി.തെച്ചിയിൽ നിന്ന് ചെറിയൊരു 
കൊമ്പൊടിച്ച് തുടയിൽ രണ്ടു പെട,വളരെ വളരെ മൃദുവായിട്ട്.വേദനിച്ചില്ലെങ്കിലും ഞാൻ പേടിച്ചു പോയി.
- ന്റെ മോൻ മിടുക്കനൊന്ന്വാവണ്ട.ഒരു പാവായാ മതി.
അമ്മുവിന്റെ കണ്ണു നിറഞ്ഞിരുന്നു.ശബ്ദം വിറച്ചിരുന്നു

ഒരവധിക്കാലത്താണ് അമ്മു കിടപ്പിലായത്.ഞാനും അമ്മച്ചിയും കൂടെയുണ്ടായിരുന്നു.പിറ്റേന്ന് മറ്റു 
ബന്ധുക്കളെത്തി.സംഭവിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.ആളുകൾ വരുന്നു, പോകുന്നു. 
നെടുവീർപ്പിടുന്നു.ഒരനിശ്ചിതത്വം.നാലാം ദിവസമായപ്പോഴേക്കും പുതിയ സാഹചര്യങ്ങൾ ശീലമായി.കോണിക്ക് പുറകിലെ 
അറയിലിരുന്ന് ചക്കരക്കുടങ്ങൾ പ്റലോഭനം തുടങ്ങി.ഒരു നാലുമണി നേരത്ത് ഒരു തുണ്ടം കരുപ്പട്ടിച്ചക്കര കൈക്കലാക്കുകയും 
ചെയ്തു.

ഉണ്ടച്ചക്കരത്തുണ്ടും വായിലിട്ടു കൊണ്ട് ഞാൻ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു.ജനലിലൂടെ അമ്മുവിന്റെ മുറിയിലെ കുശുകുശുപ്പുകൾ 
കേൾക്കാം.ഞാൻ ചക്കരത്തുണ്ട് ഒതുക്കിക്കടിച്ചു. ചക്കരക്കഷണം വായിലിട്ടു കടിക്കുമ്പോൾ ചെവികളിൽ വൻ ശബ്ദങ്ങൾ 
മുഴങ്ങും. കട്ടെടുത്ത ചക്കരയാവുമ്പോൾ അതൊരു സ്ഫോടനത്തോളം വരും.ആ ശബ്ദം മറ്റുള്ളവർ കേട്ടാലോ എന്നു ഭയന്നാണ് 
ഈ ഒതുക്കിച്ചവക്കൽ. പെട്ടെന്ന് അകത്തെ മുറിയിൽ നിന്നും ഒരു കൂട്ടക്കരച്ചിലുയർന്നു.ഇതു തന്നെ തരം.ഇനിയിപ്പോ 
ശബ്ദമൊന്നും ആരും കേൾക്കില്ല.ഞാൻ ചക്കരത്തുണ്ടം ചറുപിറെ ചവച്ചു.അമ്മുവിന്റെ മുറിയിൽ നിന്നും ചിലരൊക്കെ 
പുറത്തേക്കിറങ്ങിവരുന്നുണ്ട്.അന്തം വിട്ടിരിക്കുന്ന എന്നോട് ആരോ പറഞ്ഞു....
-അമ്മു മരിച്ചു പോയി
വായിലെ ചക്കരത്തുണ്ടു മറന്നു ഞാൻ വാ പൊളിച്ചു.
-മരിക്ക്വേ?
-ആ.അമ്മു പോയി.
-പുവ്വേ? 
-അതേന്ന്.അമ്മു ഇനീല്ല.കുറച്ചു ദിവസായില്ലേ കെടക്കണൂ.

അപ്പോൾ അങ്ങനെയാണ് ആളുകൾ ഇല്ലാതാവുന്നത് .കിടന്നു കിടന്നങ്ങില്ലാണ്ടാവുകയാണ്.അങ്ങനെയായിരിക്കും അപ്പച്ച്യമ്മയും 
ഇല്ലാണ്ടായത്.കിടന്നുകൊണ്ടിരുന്നാലിങ്ങനെ ഇല്ലാണ്ടാവുമെങ്കിൽ എന്തിനാണിവരിങ്ങനെ കിടക്കുന്നത്.എന്തിനാണ് അമ്മുവിനെ 
കിടത്തിയത്.
അലിഞ്ഞു തുടങ്ങിയ ചക്കരത്തുണ്ട് വായിൽ കിടന്ന് കയ്ചൂ തുടങ്ങി.

ഉള്ളം വല്ലാതെ പിടച്ചു.അമ്മു അറിഞ്ഞിരിക്കുമോ എന്റെ ചക്കരമോഷണം.ഇല്ലാതാവുന്ന കിടപ്പിൽ എന്നെ 
ശകാരിച്ചിരിക്കുമോ,ശപിച്ചിരിക്കുമോ.'മോൻ മിടുക്കനൊന്നാവണ്ട.ഒരു പാവായ മതീട്ടാ ' എന്ന് ഉപദേശിച്ചിരിക്കുമോ.
ഞാൻ മുറ്റത്തേക്കിറങ്ങി .തെച്ചിയുടെ ചോട്ടിലേക്ക് നടന്നു.തെച്ചി നിറയെ പൂത്തുലഞ്ഞ് കിടന്നു.പച്ചയുടെ സൗമ്യത 
വളരെക്കുറവ്.ചുവപ്പിന്റെ രൗദ്റത നാലുമണി വെയിലിലും തിളച്ചു.

വായിലെ ചക്കരത്തുണ്ടുകളും നീരും കയ്പും തെച്ചിച്ചോട്ടിലേക്ക് വീണ്ടും വീണ്ടും തുപ്പി.കയ്പു നീരു തീരുന്നില്ല.എത്റ ആഞ്ഞു 
തുപ്പിയിട്ടും മനസ്സിലെ കുറ്റബോധം തെറിച്ചു പോകുന്നില്ല .