Sunday 21 August 2016

അമുദയുടെ അവയവങ്ങള്‍

അമുദയുടെ അവയവങ്ങൾ
.............
സൂര്യൻ  മണ്ണും മണലും മനസ്സും ചുട്ടെടുക്കുന്ന തീ മാസങ്ങളാണ് ഗൾഫിലെ ജൂൺ ജൂലായ്കൾ . മരങ്ങളുടെ പച്ചയുടുപ്പുകളൊക്കെ അക്കാലത്ത് വെട്ടിമാററപ്പെടും. നഗ്നരായ മരങ്ങൾ നാണിക്കാൻ മറന്നു പോവുന്ന ചൂടിൽ പൊള്ളിനില്ക്കും. അസ്സദ് ബിൻ അബ്ദുള്ള റോഡിലെ ശ്രീലങ്കൻ എംബസ്സിയുടെ ഉയരം കൂടിയ തടിച്ച മുൻ മതിലിനോട് ചേർന്ന്  ഭയപ്പെട്ട് നില്ക്കുന്ന അഞ്ചാറ്  മരങ്ങളും ഏറെക്കുറെ നഗ്നരാണു്.നാലരപ്പുലർച്ചക്കേ പരന്ന് തുടങ്ങിയ ജൂൺ വെയിൽ വെളിച്ചത്തിൽ അവ ഉറക്കം നഷ്ടപ്പെട്ടതു പോലെയോ ഉറക്കം ഉണരാത്ത പോലെയോ തളർന്ന് നിന്നു.എംബസ്സിയിലെ ഹൗസ് കീപ്പിങ്ങ് ജീവനക്കാരൻ മുരളീധരൻ മരങ്ങളേക്കാൾ മന്ദിപ്പിലായിരുന്നു. രാത്രി രണ്ടിന്  വീട്ടിൽ നിന്നു വന്നൊരു ഫോൺ കോൾ പന്ത്രണ്ട് മണിക്ക് തുടങ്ങിയ അയാളുടെ ഉറക്കത്തെ കശക്കിക്കളഞ്ഞിരുന്നു. ഇതും നടന്നില്ല. അത്രമാത്രമാണ്  ജാനകി പറഞ്ഞത്. മകളുടെ ആറാമത്തെ വിവാഹശ്രമമാണ്  അന്ന് അലസിയത്.ആദ്യമൊക്കെ മകൾത്തന്നെ വിളിച്ച് അവളുടെ സങ്കടങ്ങൾ കരഞ്ഞും സ്വയം ശപിച്ചും തീർക്കുമായിരുന്നു. ഇപ്പോൾ അവൾ വിളിക്കാറില്ല.

തടിയൻമതിലിനെ തുറക്കുന്ന കൂറ്റൻ ഗേററിലെ വലിയതും പഴയതും ആയ താഴ്  അയാൾ ആയാസപ്പെട്ട് തുറന്നു.ഗേറ്റല്പം തുറന്ന് രണ്ട് വശത്തേക്കും ഒന്നു പാളി നോക്കി. പുലി ശല്യം ഭീകരമായിരുന്ന കാലത്തു തുടങ്ങിയ ശീലമാണ്. പ്രവാസിത്തമിഴർ ശ്രീലങ്കൻ സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നത് എംബസിപ്പടിക്കലേക്ക് പഴയ വസ്ത്രങ്ങളും വൃത്തികേടുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും വലിച്ചെറിഞ്ഞാണ്. അതൊക്കെ എടുത്തു മാറ്റലാണ് ആദ്യത്തെ ജോലി.ഇപ്പോൾ കുറേ കാലമായി പ്രശ്നങ്ങളാന്നുമില്ല. പക്ഷേ ഇന്ന് ഇടത് വശത്തററത്തൊരു പാഴ്തുണിക്കെട്ട് പോലെ മതിലിനോട് ചേർന്ന് കിടക്കുന്ന അമുദ അയാൾക്കൊരു പ്രശ്നമാവും. മലത്തിന്റേയും മൂത്രത്തിന്റേയും വിയർപ്പിന്റേയും ദുർഗന്ധ പശ്ചാത്തലത്തിൽ നഗ്നതയുടെ വാതിലുകളെല്ലാം തകർന്ന് അമുദ കിടന്നു.രൂക്ഷവും ദയനീയവുമായ ആ കാഴ്ചയിലും അമുദയുടെ  അനാവൃതമായ അവയവഭംഗിയിൽ അയാളുടെ ആൺകണ്ണുകൾ അറിയാതെ ഉടക്കിപ്പോയി. അടുത്ത നിമിഷം തന്നെ മകളെ ഓർക്കുകയും അന്നു മുഴുവൻ ആ ദർശനപാപത്തിന്റെ പേരിൽ കഠിനമായി പശ്ചാത്തപിക്കുകയും ചെയ്തു.

"മോളേ " അയാൾ വാത്സല്യവും സങ്കടവും കലർന്ന്  വിളിച്ചു. 

"അമുദ, കിള്ളിനോച്ചി. " അതിലപ്പുറം എന്തെങ്കിലും പറയാനുള്ള ഊർജ്ജമൊന്നും കഴിഞ്ഞ രാത്രിയിലെ പീഡനങ്ങൾ ബാക്കി വെച്ചിരുന്നില്ല.മുരളീധരന് അത്രയും വിവരങ്ങൾ മതിയായിരുന്നു, ഉയർന്ന ഓഫീസർമാരെ വിവരമറിയിക്കാനും അവരുടെ നിർദ്ദേശങ്ങൾ ലഭിക്കാനും അരമണിക്കൂറിനുള്ളിൽ പോലീസും മുബാരക്കാശുപത്രിയിൽ നിന്ന് ആംബുലൻസും എത്തുമെന്ന് ഉറപ്പു വരുത്താനും .അമുദക്ക് മോളേ വിളിയിലേക്കൊന്നു തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നു. വയ്യ. അവൾ എംബസ്സിയുടെ പരുക്കൻ മതിലിലേയ്ക്ക് നോക്കിക്കിടന്നു.അവൾ ജോലി ചെയ്തിരുന്ന അറബിയുടെ വീടിനും ഇതുപോലെ വലിയ പരുക്കൻ മതിലായിരുന്നു. ഒലിച്ചിറങ്ങിയ കണ്ണീരിൽ മണല് പുരണ്ട ഓർമ്മകൾ തെളിഞ്ഞു വന്നു.
അറബിത്തമ്പുരാന്റെ വലിയ വീടിന്റെ പിന്നാമ്പുറത്തെ പട്ടകളെല്ലാം ഉണങ്ങിത്തൂങ്ങിയ ഈന്തപ്പനക്ക് ചുവട്ടിൽ ചൂടു മണലിൽ വെറുതെ ഇരിക്കുകയാണ് അമുദ.മൂന്ന് മാസങ്ങളായി ഏല്ക്കുന്ന പീഡനങ്ങളുടേയും പട്ടിണിയുടേയും അടയാളങ്ങളുടെ തിരക്കിൽ നിന്ന്  അന്നത്തെ മുറിവുകളെ കണ്ടെത്തി അവൾ തലോടിക്കൊണ്ടിരുന്നു. വീടിന്റെ ഏതോ ഭാഗത്ത്  ഏതോ ആഘോഷത്തിലാണ് അറബിക്കുടുംബവും കൂട്ടുകാരും. കുറച്ചപ്പുറത്ത് ,വീടിന്റെ മുന്നിൽ നിന്ന് പിന്നിലേക്കിഴഞ്ഞു വരുന്ന പുല്പരപ്പരപ്പിന്  പുറത്ത് എരിയുന്ന കനലുകൾക്കു മേൽ തിരിഞ്ഞ് തിരിഞ്ഞ് വേവുന്ന കോഴിക്ക് കാവലിരിപ്പാണ് ഈജിപ്തിൽ നിന്നുള്ള അടുക്കളയിടമ ഒസാമ.തൂവലുടുപ്പുകൾ നഷ്ടപ്പെട്ട് വേവിന്റെ സ്വർണ്ണനിറമണിഞ്ഞ സാധനത്തെ അമുദ കുറച്ചു നേരം നോക്കിയിരുന്നു.പിന്നെ എഴുന്നേറ്റ് ഒസാമയേയും കടന്ന് ,പുൽത്തകിടിയും കടന്ന് ,മുന്നിലെ ഗേററ് തള്ളിത്തുറന്ന് അമുദ പുറത്തേക്ക് നടന്നു.തലകുനിച്ച് താഴെ ഭൂമിയെ മാത്രം നോക്കിക്കൊണ്ട് .ആകാശം അവൾക്ക് വേണ്ടായിരുന്നു. താൻ ആരേയും കാണാത്തതിനാൽ തന്നെ ആരും കാണുന്നില്ലെന്ന് അവൾ വിശ്വസിച്ചു. ആ വിശ്വാസത്തിൽ അവൾ മണൽത്തരികളെ നോക്കി നടന്നു.

എവിടേക്ക് നടക്കണമെന്ന് അവൾക്കറിയില്ലായിരുന്നു. എവിടേക്കെങ്കിലും നടക്കണമെന്ന് അവളെ നിർബന്ധിച്ചത് കട്ടി കൂടി വരുന്ന ഇരുട്ടായിരുന്നു.അനശ്ചിതത്വം ഉറച്ച കൂട്ടായി അവൾക്കൊപ്പം നടന്നു. ദിക്കുകളോ വഴികളോ ലക്ഷ്യങ്ങളോ അവളെ ശല്യപ്പെടുത്താതെ വെറുതെ വിട്ടയച്ചു. ചിലയിടങ്ങളിൽ ഇരുട്ടിനു മുന്നിൽ തോറ്റ വെളിച്ചം പിടഞ്ഞു വീഴുന്നുണ്ട്. അപ്പോളൊക്കെ അവൾ ഭയക്കുകയും തന്റെ പുതിയ വേദനകളിൽ തലോടി ധൈര്യം നേടുകയും ചെയ്തു..സമയം? രാത്രിയെന്നു മാത്രം പറയാം.റോഡിലെ ബഹളങ്ങൾ കുറഞ്ഞിരിക്കുന്നു.അവൾ നടന്നു കൊണ്ടേയിരുന്നു, ശാന്തമായി. ലക്ഷ്യമില്ല. ധൃതിയില്ല.

അമുദയുടേയും ആ രാവിന്റെയും ശാന്തതയെ കളങ്കപ്പെടുത്തിക്കൊണ്ട് എതോ വാഹനം ഇരച്ചു വന്നു നിന്നു.താഴോട്ടു മാത്രം നോക്കി നടന്ന അമുദ ഒന്നു പാളി നോക്കി.ഒരു കൂറ്റൻ കറുത്ത കുതിര ചുര മാന്തി നില്ക്കുന്നു. അഞ്ചോ ആറോ പേർ ചേർന്ന് അവളെ കുതിരപ്പുറത്തേക്ക് വലിച്ചെടുത്തു.പണ്ട് കണ്ട ഏതോ എംജീയാർ സിനിമയുടെ ഓർമ്മയിൽ അവൾ അലറി വിളിച്ചു. കാപ്പാത്തുങ്കോ അണ്ണാ കാപ്പാത്ത്. ആറു പേർ അവളെ ലാൻഡ് ക്രൂയിസറിന്റെ പിൻസീറ്റിലേക്ക് അമർത്തിപ്പിടിച്ചു. വായ് പൊത്തിപ്പിടിച്ചു.മൂന്ന് മാസത്തെ അരപ്പട്ടിണിയും തല്ലും ചവിട്ടും തെറി വിളിയും തളർത്തിയ മനസ്സും ശരീരവും അവളുടെ ചെറിയ പോരാട്ടം പെട്ടെന്നവസാനിപ്പിച്ചു.ഏതാനും അറബി അശ്ലീല ശീലുകൾ അവൾക്ക് മനസ്സിലാവാതെ തിരിച്ചു പോയി.

ഓടിയോടി കുതിര മരുഭൂമിയിലെവിടെയോ നിന്നു.

കൂറ്റൻ കുതിരപ്പുറത്തു നിന്ന് മരുഭൂമിയുടെ പൊള്ളലിലേക്ക് എറിയപ്പെടുമ്പോൾ , ഭൂമിയുടെ അററത്തു നിന്ന് തെററിത്തെറിക്കുന്നതു പോലെ തോന്നി അമുദക്ക്. ചൂടുപിടിച്ചു കിടന്നിരുന്ന മണൽത്തരികൾ അവളെ ഇറുക്കെപ്പുണരാൻ മത്സരിച്ചു. ആറ് പേർ പലവിധത്തിൽ അവളിലേക്ക് വലിഞ്ഞ് കയറി.പല ഭാഗത്തു നിന്നു് അവളുടെ ആടകൾ വലിച്ചു കീറി. അവൾ കരഞ്ഞു. പിടഞ്ഞു. ഒരോരുത്തരേയും കുടഞ്ഞു മാററാൻ പൊരുതി.അതിലപ്പുറം മൂന്നു മാസത്തെ പട്ടിണിയും പീഢനവും അവളെ അനുവദിച്ചില്ല.പരാജയത്തിന്റെയും നിസ്സഹായതയുടേയും ലജ്ജാഭാരം അവൾക്കു മേലമർന്നു. തലച്ചോറിലെ വിളക്കുകൾ അണഞ്ഞു തുടങ്ങി. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. മലർന്ന് കിടന്നവൾ അവയെ എണ്ണിത്തുടങ്ങി. ഒന്ന് രണ്ട് മൂന്ന് ....പത്തെണ്ണുമ്പോഴേക്കും അവൾക്കത് മടുത്തു.ഈ നക്ഷത്രങ്ങൾക്ക് ഒരു ചന്തവുമില്ല. യുദ്ധത്തിന്റെ പുക നിറഞ്ഞ കിള്ളിനേച്ചിയുടെ ആകാശത്ത് ഇതിലും തിളക്കമുളള നക്ഷത്രങ്ങൾ വിരിഞ്ഞിരുന്നു.

ശരീരസാമ്രാജ്യത്തിലെ സൗന്ദര്യത്തുരുത്തുകൾ ഓരോന്നായി അന്യാധീനപ്പെടുന്നത് അവൾ അറിഞ്ഞു .ആറു പേരുടെ കാമാഗ്നിയും മദവും ജൂൺ രാവിന്റെ ചൂടൻ നിശ്വാസങ്ങളും അവളെ ചുട്ടു പൊള്ളിച്ചു. കനല് പോലെയെരിയുന്ന മണൽ മെത്തയിൽ അവൾ വെന്തു മലർന്നു. തലച്ചോറിലെ അവസാനത്തെ വിളക്കുമണയുകയാണ്. എന്റെ മുരുകാ, അവൾ പതിയെ വിളിച്ചു. ആറ് വർഷങ്ങൾ പഴകിയൊരു വെടിയൊച്ച അവൾ കേട്ടു .നെറ്റിയോട് ചേർത്തുവെച്ച സർക്കാർ തോക്കിൽ നിന്നുളള വെടിയുണ്ട തലച്ചോറിനെ മുറിച്ചുകടന്നപ്പോൾ അവൻ കരഞ്ഞുവോ ആവോ? പിടഞ്ഞുവോ ആവോ?

എല്ലാ വിളക്കുകളും അണഞ്ഞിരിക്കുന്നു .ഇരുട്ട് മാത്രം. ഉള്ള് പൊള്ളിക്കുന്ന ഇരുട്ട്. അമുദ മുരുകന്റെ മടിയിലേക്ക് തല കയറ്റി വെച്ചു. കണ്ണുകളടച്ചു. ബോധത്തിന്റെ
ജനലുകളെല്ലാമടച്ച് അവൾ മയങ്ങിത്തുടങ്ങി.മുരുകന്റെ മടിയിൽ തല വെക്കുമ്പോഴൊക്കെ അങ്ങനെയാണ്. അമുദ അറിയാതെ ഉറങ്ങിപ്പോകും. മുരുകൻ അവളുടെ നെറ്റിയിൽ മെല്ലെത്തലോടി.ഒന്നുമില്ല അമുദ.  ഒന്നുമില്ല.നിനക്കൊന്നും സംഭവിക്കുന്നില്ല. ആ ചെറ്റകൾ വിയർത്തൊലിച്ച് എഴുന്നേറ്റ് പൊയ്ക്കോളും. അമുദ മയങ്ങി. മുരുകൻ മയങ്ങി. മരുഭൂമിയും നക്ഷത്രങ്ങളും മയങ്ങി. 

വിയർപ്പൊലിപ്പിച്ചെഴുന്നേറ്റ് പോയവർ വണ്ടിയിൽ അമുദയേയും എടുത്തിട്ടു.നിറത്തിൽ നിന്നോ നിലവിളിയിൽ നിന്നോ അവളൊരു ശ്രീലങ്കക്കാരിയാണെന്ന് അവർ കരുതിയിരുന്നു. ശ്രീലങ്കൻ എംബസ്സിയുടെ ചുമരിനോട് ചേർത്ത് അവർ അവളെ ചുരുട്ടിയെറിഞ്ഞു..വിധിയെന്നും ദൈവഹിതമെന്നും അശ്ലീലം പറഞ്ഞ് ലാൻഡ് ക്രൂയിസർ കുതിര കുളമ്പടിച്ച് പാഞ്ഞു പോയി.
മുരളീധരന്റെ ഏതാനും ഫോൺകോളുകൾ  രണ്ട് ഓഫിസർമാരേയും  ആംബുലൻസിനേയും  എത്തിച്ചു കഴിഞ്ഞു. പോലീസോഫീസർമാർ അവരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചു പോയി.സ്ട്രെക്ച്ചറിൽ ആംബുലൻസിലേക്ക്  കയറുമ്പോഴേക്കും അമുദമുടെ ബോധകണികകളെല്ലം ചിതറിപ്പിരിഞ്ഞിരുന്നു. മുബാരക്കാശുപത്രിയുടെ  അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ സഹതാപത്തോടെയും സങ്കടത്തോടെയും അമുദയുടെ വിധി വായിച്ചു.ചെടിയിലേക്ക് മടങ്ങാനാവാത്ത വിധത്തിൽ ചതഞ്ഞു പോയിരുന്നു ആ പൂവ്. നേഴ്സുമാർ  അവളുടെ മുറിവുകൾ കഴുകുകയും മരുന്നു വെച്ച് മൂടുകയും ചെയ്തു.അത്യാഹിത വിഭാഗത്തിൽ നിന്ന് തീവ്രപരിചരണത്തിന്റെ അഞ്ചാം ബെഡ്ഡിലേക്ക് വെൻറിലേറ്ററിന്റെ പിന്തുണയും മോണിറ്ററുകളുടെ അകമ്പടിയുമായാണ് അമുദ യാത്രയായത്.അഞ്ചാം നമ്പർ കിടക്കയിലേക്ക് എടുത്ത് മലർത്തിക്കിടത്തുമ്പോൾ
അമുദയുടെ ഉപബോധം പിടഞ്ഞു. എന്റെ മുരുകാ.....വീണ്ടും?

ഐസീയുവിലെ അഞ്ചാം ബെഡ്ഡ് ഒരു മൂലയിലായിരുന്നു. രണ്ടു വശങ്ങളിൽ ടൈലുകൾ പതിച്ചുണ്ടാക്കിയ മിനുപ്പാണ്. കിളളിനൊച്ചിയിലെ വീട്ടിൽ ഇതുപോലൊരു മൂലയിലായിരുന്നു അമുദയും മുരുകനും പിന്നിത്തുടങ്ങിയ പായയിൽ  നീളത്തിൽ നീലവരകളുള്ള വിരി വിരിച്ചു കിടന്നിരുന്നത്. ഒരു മുറിയിലും അടുക്കളയിലും തീർന്നു ആ വീടിന്റെ അളവുകൾ.അമ്മയും കുഞ്ഞനിയത്തിയും അടുക്കളയിൽ കിടന്നുറങ്ങി. ചുവരുകൾ മൺകട്ടകളിൽ തൃപ്തരായി പരുക്കരായി നിന്നു.ആകാശത്തെ പൊട്ടും പൊടിയുമായിഅകത്തേക്ക് കടത്തിവിട്ടു, പലയിടങ്ങളിൽ പൊട്ടിയ ആസ്ബസ് റ്റോസ് മേൽക്കൂര .മൂലയിലെ വിരിപ്പിൽ കിടന്നാൽ അമുദക്ക് മുൻവാതിലിന് ഇടതായി തൂക്കിയിട്ടിരിക്കുന്ന അവരുടെ കല്യാണപ്പടം കാണാം. ഏതോ നോട്ട്ബുക്കിന്റെ ചട്ടയിൽ ഫോട്ടോ ഒട്ടിച്ച് വശങ്ങളിൽ ചുവപ്പ് ചേർത്ത് അമുദയുടെ കുഞ്ഞനിയത്തി മനോഹരമാക്കിയിരുന്നു അത്. വാതിലിനപ്പുറത്തെ ചുമരിൽ വർഷങ്ങൾക്ക് മുമ്പ് അച്ഛൻ തൂക്കിയിട്ടു പോയ കലണ്ടർ വർഷങ്ങളും മാസങ്ങളും മറിച്ചു കളയാനാവാതെ വിമ്മിഷ്ടപ്പെട്ടു. കലണ്ടറിലെ ദുർഗ്ഗാദേവിയുടെ ശിവകാശിപ്പടം വല്ലാതെ മങ്ങിപ്പോയിരുന്നു. കലണ്ടറിന് മുമ്പിൽ അമ്മ ദിവസവും പ്രാർത്ഥനകളർപ്പിച്ചു,അനിയത്തി സങ്കടങ്ങൾ വിതുമ്പി ,അമുദഅവളുടെ മോഹങ്ങൾ വിളമ്പി.ബോധാബോധങ്ങൾ ഒളിച്ചുകളിച്ചു കൊണ്ടിരിക്കെ പലപ്പോഴും പഴയവീടിന്റെ പരുക്കൻ ചുമരുകളിൽ അമുദ തലോടിക്കൊണ്ടിരുന്നു.മൈഥുനത്തിന്റെ മഹാമൂർച്ഛകളിൽ പോലും പരുക്കൻ ചുമരിലുരഞ്ഞ് തനിക്ക് വേദനിക്കരുതെന്ന് ശ്രദ്ധിച്ചിരുന്നു മുരുകൻ.

ബെഡ്ഡിനരികിൽ ഒരു വെന്റിലേറ്റർ സഹതാപപൂർവ്വം അമുദയുടെ ശ്വാസകോശങ്ങളിൽ ഓക്സിജൻ നിറച്ചു കൊണ്ടിരുന്നു. അമുദയുടെ ഹൃദയത്തിനൊപ്പം താളം പിടിച്ചും അവളുടെ ജൈവോജസ്സ്  അക്കങ്ങളായും വരകളായും മുഖത്തെഴുതി മോണിറ്റർ അവൾക്ക് കൂട്ടുനിന്നു. അവളുടെ അനിയത്തിക്കുട്ടിയെപ്പോലെ മോണിറ്റർ തുടർച്ചയായി കലപില സംസാരിച്ചുകൊണ്ടിരിക്കുകയും ചിലപ്പോൾ തേങ്ങുകയും ചിലപ്പോൾ അലറിക്കരയും ചെയ്തു.അഞ്ചാം ബെഡ്ഡിന്റെ സിസ്റ്റർ പലപ്പോഴും അയ്യോ എന്നാശങ്കപ്പെട്ടോടി വന്ന് ആഹ് എന്ന് നിസ്സാരപ്പെട്ട് തിരിച്ചു പോയി. മടുപ്പിക്കുന്ന മുഖങ്ങളുമായി മരുഭൂമിയിൽ വഴിതെറ്റിയ യാത്രക്കാരെപ്പോലെ ഡോക്ടർമാർ കറങ്ങി നടന്നു .രണ്ടാം ദിവസം മോണിറ്ററിന്റെ മുഖം വികൃതമാക്കി അമുദയുടെ രക്തസമ്മർദ്ദം താഴേക്ക് വീണു.ഹൃദയം അവതാളത്തിൽ മിടിച്ചു.വെന്റിലേറ്റർ തള്ളി വിട്ട ഓക്ലിജൻ രക്തത്തിലേക്ക് പ്രവേശിക്കാനാവാതെ ഉഴറിപ്പറന്നു.ഡോക്ടർമാരും നേഴ്സുമാരും മരുന്നുകളും യന്ത്രങ്ങളും കെട്ടിയുയർത്തിയ പ്രതിരോധച്ചുമരിനപ്പുറം അമുദ ഇല്ലാതെയായി. അക്കങ്ങളും അളവുകളും അലാറങ്ങളും അഞ്ചാം നമ്പർ ശരീരവുമായി അവൾ. മൂന്നാം നാൾ അങ്ങനെ അവൾ സ്വതന്ത്രയായി. അന്ന് രാവിലെ അവൾ വീടിന്റെ പരുക്കൻ ചുമരിൽ തൂക്കിയിട്ട കലണ്ടറിൽ അച്ഛന്റെ ശിവകാശിപ്പടം കണ്ടു.നോട്ട് ബുക്ക് ചട്ടയിലൊട്ടിച്ച പടത്തിന് മുന്നിൽ കരയുന്ന അനിയത്തിക്കുട്ടിയെക്കണ്ടു. അമ്മയെക്കണ്ടു. അമ്മയുടെ ഗർഭപാത്രം കണ്ടു.അവളതിലേക്കൊന്നു ചുരുണ്ടുകൂടാൻ ശ്രമിച്ചു. ഐസീയുവിൽ എത്തിയതിനു ശേഷം ആദ്യത്തെ അനക്കമായിരുന്നു അത്. അന്ന് രാത്രി മരണത്തിനു് തല സമർപ്പിച്ച് അമുദ ഒരിക്കൽക്കൂടി മതിലുകൾക്ക് പുറത്തേക്ക് കടന്നു.മസ്തിഷക്കമരണം ഉറപ്പാക്കാൻ വിദഗ്ദർക്കും
വിദഗ്ദപരിശോധനകൾക്കും  പിന്നെയും ഒരു ദിവസം വേണ്ടിവന്നു. കൃത്രിമ ശ്വാസോച്ഛാസത്തിന്റേയും മരുന്നുകളുടേയും പിന്തുണയിൽ ഹൃദയം കൃത്യമായി മിടിക്കുന്നതും രക്തസമ്മർദ്ദത്തിന്റെ സൂചികൾ തളർന്നുവീഴാത്തതും വൃക്കകളുടെ അധ്വാനം യൂറിൻ ബാഗിലേക്ക് തുള്ളിയായി വീഴുന്നതും അമുദ നോക്കി നിന്നു.

പ്രഥമമായൊരു പ്രണയാതുരതയോടെ അമുദ തന്റെ ശരീരത്തിലൂടെ  തലോടി. ഐസീയുവിലെ വെളുത്ത ബ്ലാങ്കറ്റിനടിയിൽ ചന്ദനവർണ്ണത്തുടകളിലെ മുറിവുകൾ ചലം കെട്ടിക്കിടന്നു. യോനീദലങ്ങൾ നീരു കെട്ടി വീർത്തിരിക്കുന്നു. വയറിലും നെഞ്ചിലും ചോര കല്ലിച്ച നീലപ്പാടുകൾ.മരുഭൂമി പൊള്ളിച്ചെടുത്ത തൊലിയിൽ പഴുപ്പു് നിറഞ്ഞ് പൊന്തിയ പൊളങ്ങൾ .നഖക്ഷതങ്ങളും പൽപ്പാടുകളുമായി മുലയിലെ മുറിവുകൾ വിങ്ങുന്നു. കീഴ്ച്ചുണ്ടിലെ രണ്ടു മുറിവുകളെ വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ സ്വാന്ത്വനിപ്പിക്കുന്നുണ്ട്. കവിളുകളിലും കഴുത്തിലും പീഡാനുഭവത്തിന്റെ എത്രയോ കുരിശുവരകൾ. വായിലൂടെ മൂക്കിലൂടെ ട്യൂബുകൾ .തൂക്കിയിട്ടിരിക്കുന്ന കുപ്പികളിൽ നിന്ന് ഇരു കൈകളിലേക്കും ജലപ്രവാഹം. തുടകൾക്കിടയിലൂടെ ചോരകലർന്ന മൂത്രവുമായി ഇറങ്ങി വരുന്നു മറ്റൊരു ട്യൂബ് .എങ്കിലും താനിപ്പോഴും വല്ലാതെയൊന്നും കോലം കെട്ടു പോയിട്ടില്ലെന്ന് അമുദ തന്റെ യൗവ്വന സഹജമായ കുസൃതിയോടെ അത്ഭുതപ്പെട്ടു.

പലപ്പോഴും തന്റെ ശരീരത്തെ മരുന്നുകളുടെ മടിയിൽ കിടത്തി വെളുത്തു തടിച്ച ഡ്യൂട്ടി നേഴ്സ്  ഉറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തി ( ദേഹാസകലം മറച്ച അവളുടെ കണ്ണുകൾ മാത്രം അമുദക്കു വേണ്ടിയാവാം മറയ്ക്കപ്പെട്ടിരുന്നില്ല.) അമുദമ ഐസീയൂവിൽ കറങ്ങി നടന്നു .രണ്ടാം നിലയിൽ നിന്ന് വീണ്  എല്ലുകൾ തകരുകയും തലച്ചോർ കലങ്ങുകയും ചെയ്ത എട്ടു വയസ്സുകാരന്റെ ഒന്നാം ബെഡ്ഡും  രണ്ടു കാലുകളും മുറിച്ചു മാറ്റപ്പെട്ട , വൃക്കകളുടെ സ്ഥാനം ഡയാലിസ് മെഷീൻ കയ്യടക്കിയ അറുപതു കഴിഞ്ഞൊരുമ്മയുടെ എട്ടാം ബെഡ്ഡും ആയിരുന്നു അമുദയുടെ ഇഷ്ടതാവളങ്ങൾ .ഒരുപാടസുഖങ്ങളുടെ പേടകമായിരുന്നു ഉമ്മ .ഇന്നലെയാണ്  വെൻറിലേറ്ററിന്റെ പിടിയിൽ നിന്ന് ഉമ്മ തന്റെ നിശ്വാസങ്ങളെ മോചിപ്പിച്ചത്.അപ്പോൾ മുതൽ ഡോക്ടർമാരും സിസ്റ്റർമാരുമായി കളിയും ചിരിയുമാണ്.നാളെ വാർഡിലേക്ക് പോകാമെന്നുള്ളത് ഉമ്മയെ സന്തോഷിപ്പിച്ചിട്ടില്ല.
ഐസിയൂവിൽ തന്നെ കൂടാനാണ് ഉമ്മയുടെ പൂതി.

അഞ്ചാം ദിവസം പുതിയൊരു സംഘം വൈദ്യന്മാർ അമുദയ്ക്കടുത്തെത്തി. കൊയ്ത്തുകാർ.
ശാസ്ത്രബുദ്ധിയിൽ അനാഥമായിക്കഴിഞ്ഞ അമുദയുടെ ചങ്കും കരളും മറ്റും അവർ നോട്ടമിട്ടു കഴിഞ്ഞിരുന്നു. ശ്രീലങ്കൻ എംബസ്സി വഴി കിളളിനോച്ചിയിൽ നിന്ന് സമ്മതപത്രവും എത്തിയിരിക്കുന്നു. ഒപ്പിടുമ്പോൾ അമ്മ? അമുദക്കറിയാം, ഇല്ല, അമ്മ കരഞ്ഞിട്ടുണ്ടാവില്ല .അമ്മ കരയുന്നതോ ആരെയെങ്കിലും കരയിക്കുന്നതോ അമുദ കണ്ടിട്ടില്ല. അച്ഛനില്ലാതെ രണ്ടു പെൺമക്കളെ വളർത്തിയെടുത്ത കരുത്ത് മനസ്സിലും ഭാവങ്ങളിലും നിറച്ചുണ്ടായിരുന്നു.എങ്കിലും? മകളിങ്ങനെ? ആരും കാണാതെയൊരു പെരുമഴ പെയ്തു നിറയുന്നുണ്ടാകും അമ്മയുടെ ഉള്ളിൽ .

വൈകുന്നേരം ട്രാൻസ്പ്ലാൻറ്  ടീമിലെ ഒരു ഡോക്ടർ കൂടി വന്ന് അമുദയെ പരിശോധിച്ച് ബോധ്യപ്പെട്ടു. മോണിറ്ററിലെ ഹൃദയ രേഖകൾ വായിച്ചു.രക്തസമ്മർദ്ദത്തിലെ ചാഞ്ചാട്ടങ്ങളെ മരുന്നുകളെടുത്തടിച്ചു വരുതിയിലാക്കി.കിഡ്നികളുംസഹകരണത്തിലായിരിക്കുന്നു കരളിലെ കണക്കുകളിലും കാര്യമായ കുറ്റങ്ങളില്ല. ഇൻഫക്ഷന്റെ ഇളം തെന്നൽ രക്തത്തിലൂടെ വീശുന്നുണ്ടെന്ന് മാത്രം.അതത്ര കാര്യമില്ല. കേസ് ഫയലിലൂടെ പരതി നടന്ന ഡോക്ടറുടെ വൈദഗ്ദ്യം ഇങ്ങനെ കുറിച്ചിട്ടു, വല്ലാത്ത പ്രശ്നങ്ങളൊന്നുമില്ല. നാളെ രാവിലെ ഏട്ട് മണിക്ക് ഹാർവെസ്റ്റിന് തിയേറ്ററിലേക്ക് മാറ്റുക 
.
അന്ന്  രാത്രി അമുദ തന്റെ ശരീത്തോടൊപ്പമിരുന്നു. നാലരക്ക് എട്ടാം ബെഡ്ഡിലെ പരാക്രമങ്ങൾ തുടങ്ങുന്നതു വരെ. പുലർച്ചക്ക് തന്നെ സിസ്റ്റർമാരുമായി വെടി പറച്ചിൽ തുടങ്ങിയതാണ് ഉമ്മ .ഒരു പൊട്ടിച്ചിരിയുടെ നടുവിൽ ഉമ്മ ഉറച്ചു പോയി. ഹൃദയം പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി നടന്നു. ഡോക്ടർമാരും മററും ആയുധങ്ങളുമായി ചാടി വീണു. ശ്വാസകോശങ്ങൾ വീണ്ടും വെൻറിലേറ്ററിലേക്ക് വലിച്ചുകെട്ടപ്പെട്ടു. അഡ്രിനാലിൻ തുള്ളികൾ ഇറങ്ങിപ്പോയ ഹൃദയത്തിനു പിന്നാലെ പാഞ്ഞു, ഭീഷണിപ്പെടുത്തി നോക്കി. അപേക്ഷിച്ചു നോക്കി. ഉമ്മയുടെ ദ്രവിച്ച് തുടങ്ങിയ നെഞ്ചിനുമുകളിൽ സീ പി ആറിന്റെ (CPR-Cardiopulmonary Resuscitation) ചടുലമർദ്ദനം. ഇറങ്ങിപ്പോയ ഹൃദയം തിരിഞ്ഞു നോക്കിയില്ല. ഉമ്മയിലുറഞ്ഞു കിടന്ന കള്ളച്ചിരി അമുദ  മാത്രം കണ്ടു.

രാവിലെ എട്ട് മണിക്ക് അമുദയും ഉമ്മയും ഒരുമിച്ചാണ് ഐസീയുവിൽ നിന്നിറങ്ങിയത്.ഓപ്പറേഷൻ തിയേറ്ററിലേക്കും മോർച്ചറിയിലേക്കും അവർ പിരിഞ്ഞു പോയി.ഓപ്പറേഷൻ ടേബിളിലെ പച്ചവിരിപ്പ്  അമുദയ്ക്ക് ഇഷ്ടമായി. മരണത്തിന്റെ വെള്ളവിരികൾ അവൾക്ക് മടുത്തിരുന്നു. പച്ച വിരിപ്പിൽ അവളുടെ ശരീരം മലർത്തിവെച്ചപ്പോൾ അവൾ പേടിച്ചില്ല. പിടഞ്ഞില്ല. ലജ്ജിച്ചില്ല. മോണിറ്ററിൽ മരണമണിനാദം സംഗീതമായി. ഓപ്പറേഷൻ മുറിയുടെ ആകാശത്ത് എൽ.ഇ ഡി നക്ഷത്രങ്ങൾ എരിഞ്ഞു കൊണ്ടിരുന്നു. ട്രാൻസ്പ്ലാൻറ് സർജ്ജന്റെ ഗ്ലൗസിട്ട കൈകൾ അമുദയുടെ ശരീര വാതിൽ കീറിത്തുറന്ന് അവളുടെ അവയവങ്ങളെ ഇക്കിളിപ്പെടുത്തിയപ്പോഴും അവൾക്കൊന്നും തോന്നിയില്ല. അവൾ ഓപ്പറേഷൻ വിളക്കിലെ നാല്പത്തിരണ്ട് ബൾബുകൾ എണ്ണിത്തീർക്കുകയായിരുന്നു. അപ്പോഴേക്കും അവളുടെ അവയവങ്ങൾ സുരക്ഷാലായനിയുടെ തണുപ്പിലേക്ക് കൂട് മാറി.

കൊയ്ത്തു കഴിഞ്ഞ നിലം അമുദ വെളള വിരിയിട്ട് മൂടി.മണിനാദം നിലച്ചു.വിളക്കുകൾ അണഞ്ഞു.ഇരുട്ട്. തണുത്ത ഇരുട്ട്. ശാന്തം. അമുദ മുരുകന്റെ മടിയിലേക്ക് തല വെച്ചു. മുരുകൻ അവളുടെ മുറിവുകളില്ലാത്ത നെറ്റിയിൽ മെല്ലെത്തലോടി. അമുദ അവന്റെ നെറ്റിയിലെ മുറിവിൽ തൊട്ടു.അമുദ മയങ്ങി. ആറു ദിവങ്ങൾക്കു മുമ്പത്തെ ആറ് കറുത്ത മുഖങ്ങളെ അമുദ ഓർക്കുന്നില്ലെന്നത്  മുരുകന് സമാധാനമായി.മുരുകനും മയങ്ങി.

Wednesday 10 August 2016

അപ്പച്ചനോടൊപ്പം കണ്ട ഏകാദശികള്‍


അപ്പച്ചനോടൊപ്പം കണ്ട ഏകാദശികൾ

ഏകാദശി ഒന്ന്
ഗുരുവായൂരിലെ അച്ഛൻ പ്രദേശം

--------------------------------------------------
ദേ ഈ ചെറിയ കുട്ടി കൂടീണ്ടേട്ടോ...എന്നു  പറഞ്ഞ് ബസ്   ടിക്കറ്റ്  ഒഴിവാക്കാവുന്നിടത്തോളം കാലം വിരലിൽ തൂക്കിയെടുത്തു കൊണ്ടു പോയിട്ടുണ്ട്,അപ്പച്ചൻ, പോകുന്നിടത്തേക്കെല്ലാം.ഞായറാഴ്ചകളിൽ കുന്നംകുളം മീൻചന്തയിലേക്ക്,ഓണക്കാലത്ത് ഹെർബർട്ട് റോഡിലെ വാഴക്കുലച്ചന്തയിലേക്ക്,വിഷുവാണിഭത്തിന്,മാർക്സിസ്റ്റ് പാർട്ടി സമ്മേളനങ്ങൾക്ക്,തെരെഞ്ഞെടുപ്പു ബഹളങ്ങളിലേക്ക് , പൂരത്തിന്,പെരുന്നാളിന്,ഗുരുവായൂർ ഏകാദശിക്ക്..അങ്ങനെ ഒരുപാടു് സൗജന്യയാത്രകൾ, സ്നേഹയാത്രകൾ.എന്റെ പൊക്കം കുറഞ്ഞ്  ശരീരം മെല്ലിച്ച ആകാരസൗഷ്ഠവം അഞ്ചാം ക്ളാസ്  കഴിയുന്നതു വരേക്കും ഈ സൗജന്യയാത്റ തുടരുവാൻ എന്നെ സഹായിച്ചു.
ജന്മം കൊണ്ട്  ഒരു കുന്നംകുളം നസ്രാണിയായിരുന്നെങ്കിലും വലിയൊരളവോളം  മതേതരനും വിമതജീവിയുമായിരുന്നു അപ്പച്ചൻ.അതു കൊണ്ടായിരിക്കാം ഏകാദശി ദിനങ്ങളിൽ ഗുരുവായൂരിലേക്കുള്ള പോക്ക് മൂപ്പർക്ക് നിർബന്ധമായിരുന്നു.അന്ന് ഗുരുവായൂർ-കുന്നംകുളം _തൃശൂർ-കോഴിക്കോട് റൂട്ടുകളിലൊന്നും  ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ചീറിപ്പാഞ്ഞു തുടങ്ങിയിട്ടില്ല. ജിബിറ്റി, ബാലകൃഷ്ണ,മയിൽ വാഹനം  ഗ്രൂപ്പുകളുടെ അഞ്ചാറു ബസ്സുകൾ വീതം.കൊക്കിയും കരഞ്ഞും വലിഞ്ഞു വലിഞ്ഞു പോകുന്ന ഒരു നമ്പ്യാർ സർവ്വീസ്.പിന്നെ SRM എന്നു വിളിക്കപ്പെട്ട ശ്രീരാമ .നാല്പതിലേറെ വർഷം പഴക്കമുള്ള ഓർമ്മകളുടെ റൂട്ടിൽ ഇത്രയൊക്കെയേ വാഹനത്തിരക്കുള്ളു.

   ആർത്താറ്റ് ബാവാപ്പള്ളിയാണ് ഞങ്ങളുടെ ബസ്റ്റോപ്പ്.കുന്നംകുളത്ത് നിന്ന് വരുമ്പോൾ ബാവപ്പള്ളി എന്നു തന്നെ പറയണം.ആർത്താറ്റ് പള്ളിയെന്നു പറഞ്ഞാൽ അടുത്ത സ്റ്റോപ്പാണ്,ചാർജും കൂടും.പള്ളികളുടെ പ്രളയം കൊണ്ട്  അനുഗൃഹീതമാണ്  ഞങ്ങളുടെ ആർത്താറ്റ്  ദേശം. എല്ലാ വിഭാഗം കൃസ്ത്യാനികളുടേയും പള്ളികളുണ്ട്. അവർക്കെല്ലാമിടയിൽ വഴക്കുകളുണ്ട്, കേസുകളുമുണ്ട്.

അന്ന് അപ്പച്ചന് ചാവക്കാട് മലേറിയ കൺട്റോൾ ഓഫീസിലാണ് ജോലി.ഏഴു മുതൽ ഒരു മണി വരെ.ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ആർത്താറ്റ്  വലിയ പള്ളി സ്റ്റോപ്പിലിറങ്ങും.നട്ടുച്ചക്ക് കത്തുന്ന വെയിലിൽ കുട ചൂടി വീട്ടിലേക്ക് നടക്കും.പത്തു പൈസ ലാഭം.ആർത്താറ്റെ എൽ പി സ്കൂളിൽ ടീച്ചറായിരുന്ന അമ്മച്ചി ഇടവേളകളിലെ ചായകുടി ഒഴിവാക്കി പത്തോ ഇരുപതോ പൈസയും ലാഭിക്കും.ഇത്തരം ചെറിയ ചെറിയ ത്യാഗങ്ങളിൽ അവർ വലിയ സന്തോഷങ്ങൾ കണ്ടെത്തിയിരുന്നു.ഇത്തരം ത്യാഗപ്പൊതികൾ കുറച്ചൊക്കെ ഞാനും ശേഖരിച്ചു വെക്കുന്നണ്ട്.എനിക്കും മക്കൾക്കും പ്രായമാവുമ്പോൾ ഈ പൊതികളൊക്കെ തുറന്നു വെച്ചു വേണം അവരുടെ മെക്കട്ടു കേറാൻ.

ഉച്ചയൂണ് കഴിഞ്ഞ്  രണ്ടുമണിയോട് കൂടിയാണ് ഗുരുവായൂരിലേക്കുള്ള ഏകാദശി യാത്ര .ബസ്സുകളിലും ഗുരുവായൂരമ്പലത്തിലും തിരക്കു കുറയുന്ന അലസസമയങ്ങളാണിത്.
ബാവപ്പള്ളി സ്റ്റോപ്പിൽ നിന്ന്  ബസ് കയറിയാൽ ഇരുപതിരുപത്തഞ്ചു മിനിറ്റിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഇറങ്ങും.അവിടെ പടിഞ്ഞാറേ നടവഴി ,ഇരു വശങ്ങളിലും കടകളും  ഭക്തജനങ്ങളും സാമ്പ്രാണിയുടേയും കളഭത്തിന്റേയും അവിയൽ ഗന്ധവുമൊക്കെയായി ഉച്ചമയക്കത്തിലായിരിക്കും.നാലാം ക്ളാസ്സിൽ പഠിക്കുന്ന ഒമ്പതുകാരൻ അത്ഭുതലോകത്തിലെ ആലീസ്സാവും.

   ഗുരുവായൂരിലെ നടകളിൽ അന്നൊക്കെ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നത് ഭക്തി മാത്രമായിരുന്നില്ല. അമ്പലത്തിലേക്ക് കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നടന്നു വരുന്ന നടകളുടെ ഓരങ്ങളിൽ കച്ചവടത്തിന്റെ തിക്കിത്തിരക്കാണ്.കളിപ്പാട്ടങ്ങൾ,തലയാട്ടി രസിക്കുന്ന കുടവയറൻ ബൊമ്മകൾ, ബോൺസായിച്ചെണ്ടകൾ, ഗുരുവായൂരപ്പനേയും കുട്ടുകാരേയും പുകഴ്തിപ്പാടുന്ന കാസറ്റുകൾ,പാട്ടുപുസ്തകങ്ങൾ,പൂജാസാധനങ്ങൾ,പൂക്കൾ,മുത്തുമാലകൾ,അമ്മിക്കല്ലു വരെയുള്ള വീട്ടാവശ്യവസ്തുക്കൾ,കഥകളും കവിതകളും വില്ക്കുന്ന NBS എന്ന നാഷണൽ ബുക്ക്സ്റ്റാൾ.ഗുരുവായൂരപ്പനേക്കാളും അമ്പലത്തേക്കാളും  ആ പ്രായത്തിൽ എന്നെ ആകർഷിച്ചിരുന്നത്  ഈ വഴിയോരക്കാഴ്ചകളായിരുന്നു.

പടിഞ്ഞാറേ നടയിലൂടെ അല്പം മുന്നോട്ടു പോയാൽ മതസൗഹാർദം തുളുമ്പുന്ന ഒരു ബോർഡ് കാണാം.'അഹിന്ദുക്കൾക്ക് പ്റവേശനമില്ല.' ഇവിടെയെത്തുമ്പോൾ അപ്പച്ചൻ ഇടതു കയ്യിൽ പിടിപ്പിച്ച്  ചേർത്ത് നടത്തും.അപ്പോൾ വലതു ചൂണ്ടു വിരൽ അപ്പച്ചൻ നീട്ടിപ്പിടിക്കും.

-അവിടെ ആരാ അപ്പച്ചാ?.ഞാൻ ചോദിക്കും.

-അവിടമ്പടെ ഉണ്ണിക്കണ്ണൻ.

ആവൂ.എനിക്ക് ആശ്വാസമാവും. ഇനി പേടിക്കാനില്ല.

എല്ലാ കൊല്ലവും ആവർത്തിക്കുന്ന ഒരു ഗൂഡാലോചനയാണ് പിന്നെ .ഇനിയങ്ങോട്ട് അപ്പച്ചനെ അച്ഛനെന്നേ വിളിക്കാവൂ.കിഴക്കേനടയിൽ ഇതു പോലൊരു ഹിന്ദു ബോർഡ് മറി കടക്കുന്നതു വരെ ഞാൻ അച്ഛൻ മന്ത്രം  ഉരുവിട്ടു കൊണ്ടിരിക്കും.അറിയാതെയെങ്ങാൻ അപ്പച്ചൻ പുറത്തു വരരുതല്ലോ.ഞാനച്ഛനെന്നു വിളിച്ചാലും അപ്പച്ചനെ അറിയുന്നവരാരെങ്കിലും കണ്ടാലോ?ഗുരുവായൂരപ്പന് സംഗതി പിടി കിട്ടില്ലേ?ഞാൻ ഇടക്ക് സംശയിക്കും. എല്ലായ്പ്പോഴും അപ്പച്ചൻ ഒരേ മറുപടി തന്നു.-നമ്മെ അറിയുന്നവർ നമുക്ക് കുഴപ്പം ഉണ്ടാക്കില്ല.പഴയൊരു കമ്മ്യൂണിസ്റ്റിന് മനുഷിനിലുണ്ടായിരുന്ന വിശ്വാസമായിരുന്നു അത്.ഗുരുവായൂരപ്പന് ജാതീം മതോം പ്രശ്നമല്ല.മൂപ്പര് നീറ്റ് പാർട്ട്യാണ്.അത് ആ കമ്മ്യൂണിസ്റ്റിന്റെ പ്രതിപക്ഷ ബഹുമാനം.പല വർഷങ്ങളിൽ ഈ ഉത്തരങ്ങൾ ചോദിച്ചു വാങ്ങി ഞാൻ ആ രണ്ടു വിശ്വാസങ്ങളും സ്വന്തമാക്കി.പക്ഷേ ഇന്നവ എന്റെ മക്കൾക്ക് കൈമാറാൻ എനിക്ക് ധൈര്യം പോര.
(പിൽക്കാലങ്ങളിലെ എന്റെ ഓർമ്മകളിൽ ഈ കിഴക്കു പടിഞ്ഞാറു നടവഴികൾ അച്ഛൻ  പ്രദേശം എന്നറിയപ്പെടും.)

അന്യദേശത്തിലേക്ക്  നുഴഞ്ഞു കയറുന്നവന്റെ രഹസ്യാത്മക ഭാവങ്ങളോടെ ഞങ്ങൾ  അമ്പലത്തിന്റെ മതിലിനോട് ചേർന്ന്  വലത് വശത്തു കൂടി കിഴക്കേ നടയിലെത്തും.മേപ്പത്തൂർ ഓപ്പൺ ഓഡിറ്റോറിയത്തിലപ്പോൾ കച്ചേരി നടക്കുന്നുണ്ടായിരിക്കും.ഓഡിറ്റോറിയത്തിലെ ഏതെങ്കിലും തൂണും ചാരിയിരുന്ന്  ഞങ്ങളല്പം വിശ്റമിക്കും. അവിടെയിരുന്ന് ആളുകളെ  നിരീക്ഷിക്കലായിരുന്നു എനിക്ക് ഏറെ ഇഷ്ടം. ഓഡിറ്റോറിയത്തിലിരിക്കുന്നവർ സ്വസ്ഥരാണ്.അവർ വിശ്രമിക്കുകയോ കച്ചേരിയിൽ വീണു കിടക്കുകയോ ആണ്.അമ്പലത്തിലേക്ക് തിക്കിത്തിരക്കി പോകുന്നവരുടെ വെപ്രാളങ്ങളും കോപ്രായങ്ങളും കണ്ടിരിക്കാനാണ്  രസം.
കുലുങ്ങുന്ന കുംഭമേൽ കേറ്റിക്കുത്തിയ മുണ്ടും താങ്ങിപ്പിടിച്ചോടുന്ന ആണുങ്ങൾ.ചെറുകിടാങ്ങളെ വലിച്ചിഴച്ചും ശകാരിച്ചും കസവു പുടവയുടെ ശാലീനത കളയുന്ന പെണ്ണുങ്ങൾ.എന്തിനാണിവർ ,ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ തീർന്നു പോയേക്കുമെന്ന മട്ടിൽ ഇങ്ങനെ വെപ്രാളപ്പെടുന്നത്? ഗുരുവായൂരപ്പൻ നീറ്റ് പാർട്ടീസാണെന്ന് ഇവർക്കറിയില്ലേ?
പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ വിശ്രമത്തിനും കാഴ്ചകൾക്കും ശേഷം കിഴക്കേ നടയിലെ മഞ്ജുളാലിലേക്കു നടക്കും.'അഹിന്ദു' ബോർഡെത്തിയാൽ അപ്പച്ചന്റെ ഇടതു കയ്യിൽ നിന്നും ഞാൻ  ഊരിപോരും.വലതു ചൂണ്ടു വിരലിൽ നിന്ന് അപ്പച്ചൻ ഉണ്ണികൃഷ്ണനെ തിരിച്ചയക്കും. ദൂരെ നിന്ന്   കിഴക്കേ ഗോപുരവാതിലിലൂടെ ഒന്ന്  ഒളിഞ്ഞു നോക്കും.ഉണ്ടുണ്ട് നമ്മുടെ നീറ്റ് പാർട്ടി അവിടെയുണ്ട്. പിന്നെ ഏതാനും നിമിഷങ്ങൾ തൊഴുതു നില്ക്കും. അതിൽ പ്രാർത്ഥനയൊന്നുമില്ല.'മ്പള് എത്തീട്ടുണ്ടേട്ടാ 'എന്നൊരു ഹാജരു വെക്കൽ.'ഇക്കൊല്ലോംഎമണ്ടൻ തെരക്കാണട്ടാ' എന്നൊരു കുശലം പറച്ചിൽ.'ക്ഷമിക്കണംട്ടാ കണ്ണാ(ഗഡീ)' എന്നൊരു മാപ്പു പറച്ചിൽ.

(അപ്പച്ചൻ പോയി.ഗുരുരുവായൂർ വളരെ ദൂരെയായി. ഓർമ്മകളുടെ അറകളിൽ മറവിക്കുട്ടന്മാർ ഓടിക്കളിച്ചു തുടങ്ങി .എന്നിട്ടും ,അപ്പച്ചന്റെ  ഇടതു കയ്യിൽ ഞാനും വലതു കയ്യിൽ കണ്ണനും തൂങ്ങിനില്കുന്ന മായച്ചിത്രം ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്.)
കിഴക്കേ നടപ്പന്തലു കടന്ന്  കടകൾക്കും തിരക്കുകൾക്കും ഇടയിലൂടെ മഞ്ജുളാലു വരെ അങ്ങനെ നടക്കും.അവിടെ ചിറകുവിടർത്തി നില്ക്കുന്ന ശ്രീകൃഷ്ണപ്പരുന്തും നാടോടി സർക്കസ്സുകാർ, മാജിക്കുകാർ ,പെട്ടിമരുന്നു കച്ചവടക്കാർ ,ഔഷധച്ചെടി വില്പനക്കാർ തുടങ്ങി ഒരു കൂട്ടം രസികരും ഞങ്ങൾക്കായി കാത്തു നില്ക്കുന്നുണ്ടാവും.ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില അത്ഭുതങ്ങളും.
കിഴക്കേ നടയിലെ കാഴ്ചകളിൽ ഒരു മണിക്കൂറോളം കറങ്ങിത്തീരും.  പിന്നെ വടക്കേ നടയും അമ്പലക്കുളവും ചുറ്റി തിരിച്ച് പടിഞ്ഞാറേ നടയിലേക്ക്.അവിടെ ജിബിറ്റിയോ നമ്പ്യാർ സർവ്വീസോ തേങ്ങിക്കരഞ്ഞ് കിടക്കുന്നുണ്ടായിരിക്കും.
കിഴക്കേ നടയിൽ നിന്നുള്ള തിരിച്ചു നടത്തത്തിലാണ് 'ഷോപ്പിങ്ങ്'.തലകുലുക്കും ബൊമ്മയാവാം,കുഞ്ഞൻ ചെണ്ടയാവാം,ഒരു പൊതി കൽക്കണ്ടമാവാം .അങ്ങനെയെന്തെന്കിലും.

1971 ലെ ഏകാദശി .അപ്പച്ചൻറെ കയ്യും പിടിച്ച്  അച്ചൻ പ്രദേശം പിന്നിടുന്ന നാലാം ക്ളാസുകാരൻ. നുഴഞ്ഞുകയറ്റക്കാർ പടിഞ്ഞാറേ നടയിലെ  ബുക്സ്റ്റാളിനു മുമ്പിൽ നില്ക്കുന്നു.
ഒരു ബുക്ക്  വാങ്ങിയാലോ എന്ന് അച്ഛനപ്പച്ചൻ
.
ആ,ആ  എന്നു ആഹ്ളാദത്തോടെ ഒമ്പതുകാരൻ. പുസ്തകങ്ങൾക്കിടയിലേക്ക്.ആആഹ്.പുസ്തകങ്ങളുടെ മണം.ആദ്യമഴയിൽ പുളഞ്ഞു നനയുന്ന മണ്ണിന്റെ മണം.അന്ന് ,ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ചെറിയ പുസ്തകക്കടയിലെ അഭൗമഗന്ധത്തിൽ ഞാൻ മൂക്കും കുത്തി വീണു.പുസ്തകങ്ങൾ മാറി മാറി മലർത്തി വെച്ചും മണത്തും അക്ഷരങ്ങളോടും വാക്കുകളോടും കിന്നരിച്ചും ഞാനവിടെ മണ്ടി നടന്നൂ.അതു വരെ ഞാനറിഞ്ഞിട്ടുള്ള പുസ്തകങ്ങൾ ,സത്യവേദപുസ്തകവും, സന്ധ്യാനമസ്ക്കാരവും പാഠപുസ്തകങ്ങളുമായിരുന്നു. അവയ്ക്കൊന്നും ഈ വശ്യഗന്ധമുണ്ടായിരുന്നില്ല. പുസ്തകക്കൂട്ടെന്ന് പറയാവുന്നത് ബാലരമയും അമ്പിളി അമ്മാവനും കമ്മ്യൂണിസ്റ്റ്  റഷ്യയുടെ സ്നേഹോപഹാരമായ സോവ്യയറ്റ് നാട്  മാസികയുമായിരുന്നു.നല്ല മേനിക്കടലാസ്സിൽ കൊതിപ്പിക്കുന്ന കെട്ടിലും മട്ടിലും ഉളളടക്കത്തോടെയും വന്നിരുന്ന സോവിയറ്റ് മാസികയായിരുന്നു ഞാൻ കാത്തിരുന്നു വായിച്ചത്.ഈ മാസിക തന്നെയായിരുന്നു വായനയുടെ വലിയ ലോകത്തേക്കും ആസ്വാദനത്തിന്റെ സ്വർഗ്ഗങ്ങളിലേക്കും  എന്നെ ക്ഷണിച്ചു കൊണ്ടു പോയത്.
ഞാൻ തെരെഞ്ഞെടുത്തതാണോ അപ്പച്ചൻ തീരുമാനിച്ചെടുത്തതാണോ എന്നറിയില്ല ,അന്ന്  വാങ്ങിച്ച പുസ്തകം രമണൻ എന്ന കവിതയായിരുന്നു.കൃത്യമായി പറഞ്ഞാൽ ഖണ്ഡകാവ്യം.മലയാളത്തിൽ ,പുതുകവിതാ സുനാമിയിൽ  അപ്രത്യക്ഷമായ ഒരു ഭൂപ്രദേശമാണ് ഇത്.അന്ന് വായിക്കാനും ചൊല്ലാനും ആസ്വദിക്കാനും കഴിയുന്നവയായിരുന്നു കവിതകൾ.കവിത  ഒന്നുകിൽ നല്ലത് അല്ലെങ്കിൽ  നല്ലതല്ലാത്തത്.മനസ്സിലാകുന്നത് മനസ്സിലാകാത്തത് എന്നുണ്ടായിരുന്നില്ല.

എന്തു കൊണ്ട്  രമണൻ?അന്നും ഇന്നും എനിക്കറിയില്ല. ഏതായാലും എനിക്കത് വലിയ മുറികളിലേക്കുള്ള ചെറിയ  വാതിലായിരുന്നു.പടിഞ്ഞാറേ നടയിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞാൻ നാലാം ക്ളാസ്സുകാരൻ ചെക്കനായിരുന്നില്ല.ഒരു മുഴു നീളൻ കവിതാ പുസ്തകം സ്വന്തമായുള്ള മുതിർന്ന വായനാക്കാരനാകുകയായിരുന്നു. രമണനെ നെഞ്ചോട് ചേർത്ത്  വെക്കണോ,കയ്യിൽ തൂക്കിപ്പിടിക്കണോ ,രണ്ടു കൈ കൊണ്ട്  താങ്ങിപ്പിടിക്കണോ എന്നൊക്കെ ശങ്കിച്ചായിരുന്നു പിന്നെ യാത്ര .

    ആദ്യ പ്രണയം പോലെ  ഇന്നും കൂടെയുണ്ട് ആ ആദ്യ പുസ്തകം .ഒട്ടു മിക്ക വരികളും ഇന്നും കാണാപാഠം. കുട്ടിക്കാത്ത്  വിട്ടിലൊരു ചാരുകസേരയുണ്ടായിരുന്നു വീട്ടിൽ.തുണി സ്വല്പം അയച്ചു കെട്ടിയ ആ കസേരയിൽ മോഡിഫൈഡ്  പത്മാസനത്തിലിരുന്ന് ആടിയാടി ഉറക്കെയുറക്കെ വായിച്ചു കൊണ്ടായിരുന്നു അന്ന്  പഠനം.പഠനത്തിന്റെ ഇടവേളകളിൽ ഞാനെന്റെ ഖരകരപ്രിയ ശബ്ദത്തിൽ രമണൻ ഉറക്കെ പാടുമായിരുന്നു. സ്നേഹത്തിന്റേയും സ്നേഹ നിരാസത്തിൻറേയും വരികൾ എത്ര  നിഷ്ക്കളങ്കമായാണ്  പത്ത് തികഞ്ഞിട്ടില്ലാത്ത ഞാൻ ഉൾക്കൊണ്ടത്.അല്ലെങ്കിലും ശരീരബദ്ധമോ ലൈംഗികപ്രേരിതമോ ആയിരുന്നില്ലല്ലോ രമണൻ-ചന്ദ്രികാ പ്രണയം.

മലരണിക്കാടുകൾ തിങ്ങി വിങ്ങി
മരതകകാന്തിയിൽ മുങ്ങി മുങ്ങി
തുടങ്ങിയ ആദ്യത്തെ എട്ടു പത്തു വരികളിൽ തന്നെ ഞാൻ വീണു പോയിരുന്നു.വരികളുടെ താളഭംഗി,ദൃശ്യങ്ങളുടെ അവതരണഭംഗി,പ്രാസപ്രയോഗത്തിന്റെ ശ്രവണസുഖം.ആനന്ദലബ്ദിക്കിനിയെന്തു വേണം.

       രമണൻ എനിക്കൊരു നഷ്ടപ്രണയ(പ്രണയനഷ്ട)കാവ്യം മാത്രമായിരുന്നില്ല.പാക് യുദ്ധകാലത്ത് യുദ്ധകാഹളമായും വിജയഭേരിയായും എന്റെ ചാരുകസേരയിൽ കിടന്നാടിക്കൊണ്ട് ഞാനതുറക്കെപ്പാടുമായിരുന്നു. അപ്പച്ചനോടോ അമ്മച്ചിയോടോ വഴക്കിട്ടിരിക്കുമ്പോൾ ഞനത് പ്രതിഷേധശ്രുതിയിൽ പാടി.അമ്മച്ചിയമ്മ മരിച്ചപ്പോൾ എനിക്കത് വിലാപകാവ്യമായി.അങ്ങനെ എന്തിനും ഏതിനും കൂട്ടുവരുന്ന സുഹൃദ്ഗീതമായി രമണൻ .
നല്ല വരികളും നല്ല വാക്കുകളും നല്ല മനുഷ്യരും കലയും നല്കുന്ന പരമാനന്ദസുഖത്തിന്റെ നീണ്ട ഇടനാഴിയിലേക്കുള്ള ആദ്യത്തെ തുറപ്പായിരുന്നു,രമണൻ.ഏകാദശിക്ക് നന്ദി.അപ്പച്ചനും അച്ഛൻ പ്രദേശത്തിനും നന്ദി.


ഏകാദശി രണ്ട്
മഞ്ജുളാലിലെ സർക്കസ്

----------------------------------------
ഏത് കൊല്ലമാണെന്ന് ഓർമ്മയില്ല.ഏത് ക്ളാസിലായിരുന്നെന്നും ഓർമ്മയില്ല.അന്നത്തെ ഏകാദശിത്തിരക്കോ വഴിക്കാഴ്ചകളോ ഓർമ്മയിലില്ല.പക്ഷേ മഞ്ജുളാലിലെ അന്നത്തെ സായംകാല സർക്കസ് കാഴ്ച  ഇന്നും  ഓർമ്മകളെ പൊള്ളിച്ചു കൊണ്ട്  നിന്ന്  കത്തുകയാണ്. ആ ഏകാദശിക്കു ശേഷം മഞ്ജുളാലിൽ ഞാൻ ഇളകിയാടുന്ന ഇലകൾ കണ്ടിട്ടില്ല.ആളിക്കത്തുന്ന തീനാളങ്ങൾ മാത്രം.രോഷത്തിന്റെ തീ.

അന്ന്  ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി മഞ്ജുളാൽ ആ ചെറു ചെക്കനിലേക്കെറിഞ്ഞിട്ട വിത്ത്- ദൈവത്തോടും കാലത്തോടും വിധിയോടും വ്യവസ്ഥിതിയോടും സകലമാന ക്ണാപ്പുകളോടുമുള്ള ക്ഷോഭത്തിന്റെ വിത്ത് -മുളപൊട്ടി,പൊട്ടിത്തെറിച്ച് കവിതയായി, കുത്തിക്കുറിപ്പുകളായി,തെറിച്ച എഴുത്തായി,മുഴുത്ത തെറിയായി.

  പതിവു പോലെ 'ഹിന്ദുക്കൾക്ക് മാത്രം' ബോർഡുകൾക്കിടയിലെ അച്ഛൻ പ്രദേശം പിന്നിട്ട്  മഞ്ജുളാലിലെത്തി ,ഞാനും അപ്പച്ചനും.പതിവു കാഴ്ചകളും രസികന്മാരും ഹാജരുണ്ട്.പതിവിലേറെ തിരക്കുമുണ്ട്. ആലിന്റെ ചുറ്റുവട്ടത്ത് ഒരു സർക്കസ്  കുടുംബം.മുടിയും താടിയും വളർത്തി ക്രിസ്തുവിന്റെ മുഖവും കൃഷ്ണന്റെ നിറവുമുള്ള കുടുംബനാഥൻ തന്നോളം പരിതാപകരമായ ഒരു സൈക്കിളിൽ ചെറുവക അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്.ചപ്രത്തലയും മുഷിഞ്ഞ വേഷവുമായി ഒരു പത്തുവയസ്സുകാരി അയാളോടൊപ്പം നടന്ന് താളത്തിൽ കൊട്ടുന്നു.അവളേക്കാൾ മുഷിഞ്ഞ ചെറിയൊരു പെൺകുട്ടി ആലിനടുത്തിരുന്ന്  ചേച്ചിയുടെ താളത്തോട്  മത്സരിച്ച് ,രൂപം കെട്ടൊരു അലുമിനിയം കലത്തിന്റെ മൂട്ടിൽ ചറുപിറെ തല്ലുന്നു. അല്പം മാറിയിരുന്നൊരു പെൺകോലം തോളത്തു തൂങ്ങുന്ന ഭാണ്ഡത്തിലെ മുഴപ്പിനു മുലപ്പാൽ കൊടുക്കുന്നു.
  
   താടിക്കാരന്റെ സർക്കസ്  മുറുകിക്കൊണ്ടിരിക്കേ കാഴ്ചക്കാർ കൂടി വരുന്നു. എല്ലാവരും നല്ല ഹരത്തിലാണ്. ഞാൻ ആൾക്കൂട്ടത്തിലൂടെ നുഴഞ്ഞ് മുന്നിലെത്തി. കൈയ്യടിച്ചും  നാണയത്തുട്ടുകൾ എറിഞ്ഞു കൊടുത്തും ആൾക്കൂട്ടം അയാളെ പ്രോത്സാഹിപ്പിച്ചു. പെൺകോലം ഇതൊന്നും ശ്രദ്ധിക്കാതെ ഭാണ്ഡക്കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്നു. ഓരോ പ്രകടനവും തീരുമ്പോൾ ആഹായൈ് എന്നൊരു ഒച്ചയുണ്ടാക്കുകയും മുന്നിലെ പാട്ടയിൽ വടിയെടുത്ത് ഒരു തട്ട്  കൊടുക്കുകയും ചെയ്യും.ഒരിക്കലും കണവന്റെ കസർത്തുകളിലേക്ക്  അവർ നോക്കിയതേയില്ല.പക്ഷേ  ഓരോ കസർത്തിനും ശേഷമുള്ള ആഹായ് വിളിയും പാട്ടക്കൊട്ടും കൃത്യമായിരുന്നു. കണവനാകട്ടെ മക്കളെക്കൊണ്ടോ പെണ്ണിനേക്കൊണ്ടോ ഒരഭ്യാസവും ചെയ്യിച്ചില്ല.സ്വന്തം വിയർപ്പു കൊണ്ട് കുടുംബത്തിനു വേണ്ട നാണയത്തുട്ടുകൾ അയാൾ ശേഖരിച്ചു.സൈക്കിൾ വിദ്യകളും വളയം ചാടലും ചീട്ടുമാജിക്കും ഇടക്ക് തമിഴ് പാട്ടുകളുമൊക്കെയായി കുറേ സമയം കഴിഞ്ഞു പോയി.പടിഞ്ഞാറേ നടയിൽ നേരിയ ഇരുട്ടിന്റെ ശോകച്ഛവി പരന്നു തുടങ്ങി .

കൃഷ്ണവർണ്ണക്രിസ്തു 'ക്ളോസിംഗ് ഐറ്റം ' പ്രഖ്യാപിച്ചു. അരയിൽ കയറിട്ട് കുരുക്കി ,മറ്റേയറ്റം വലതു കൈത്തണ്ടയിൽ ചുറ്റി വെച്ച്  ആലിലേക്ക് വലിഞ്ഞ് കയറിതുടങ്ങി.ചഞ്ചലദലങ്ങൾ അയാളെ മുകളിലേക്ക് മുകളിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു.പടിഞ്ഞാറോട്ട് പിരിയുന്ന കനത്തൊരു കൊമ്പിൽ മൂപ്പരിരുന്നു. വലതുകൈയിലെ കയറെടുത്ത് മരക്കൊമ്പിൽ കെട്ടാൻ തുടങ്ങി .മനുഷ്യന് പറക്കാനുള്ള അവകാശം തരാത്തതിന് ഇടക്ക് ദൈവത്തെ ചീത്ത വിളിച്ചു.പറക്കാൻ കഴിവുണ്ടായിട്ടും പറക്കാതെ ആലുംമൂട്ടിൽ മടിച്ചിരിക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ഇടക്ക് കളിയാക്കി.മരക്കൊമ്പിൽ ഒറ്റക്കാലിൽ നിന്ന്  കൊണ്ട്  അരയിലെ കുരുക്ക്  നെഞ്ചിലേക്കുയർത്തി,കൈകളേയും കടത്തി  കഴുത്തിൽ കുടുക്കി വെച്ചു.കാഴ്ചക്കാർ ശ്വാസം പിടിച്ച്  നിന്നു .'മുഷിഞ്ഞ 'പെൺകുട്ടികൾ മുഷിപ്പില്ലാതെ താളം പിടിച്ച് നിന്നു .

പഴയൊരു തമിഴ് പാട്ടിന്റെ ശ്രുതി തെറ്റിയ വരികൾക്കൊപ്പം അയാൾ താഴേക്കുർന്നിറങ്ങി.ചുരുട്ടിയ മുഷ്ടികൾ ആകാശത്തേക്ക് തുഴയുന്ന പോലെ ഒന്നു രണ്ടു തവണ ഉയർന്ന് താഴ്ന്നു് അരക്കെട്ടിൽ വന്ന് വിശ്രമിച്ചു.മാറാപ്പിലെ കുട്ടി മുലതട്ടി മാറ്റി പെട്ടെന്ന് കരഞ്ഞു തുടങ്ങി.പെൺകോലം കുട്ടിയെ തോളത്തേക്ക് മാറ്റി കണവൻറെ കസർത്തിലേക്ക് ആദ്യമായി കണ്ണയച്ചു.ആഹായ് വിളിക്കും പാട്ടക്കൊട്ടിനും പകരം ഭീകരമായൊരു നിലവിളിയോടെ മണ്ണിലേക്ക് മലർന്നു വീണു.

  അപ്പച്ചൻ പിന്നിൽ നിന്നും ഓടി വന്ന്  കണ്ണ് പൊത്തിപ്പിടിച്ച്  എന്നെ ആൾക്കൂട്ടത്തിൽ നിന്നും പുറത്തക്ക് മാറ്റി.
-സർക്കസ്  കഴിഞ്ഞ്വോ അപ്പച്ചാ..
-ഉവ്വ് .സർക്കസ്  കഴിഞ്ഞു.
 
ഏകാദശി മൂന്ന്
മൃഗങ്ങളും മരിക്കാറുണ്ട്.

---------------------------------------
ബസ്സുകളെല്ലാം 'നാവടക്കൂ പണിയെടുക്കൂ' സൂക്തങ്ങൾ കൊണ്ട്  സുന്ദരപ്പെടുത്തിയിരുന്ന കാലം. സർക്കാരാപ്പീസുകൾ സമയത്തു തുറക്കുകയും സമയം കഴിഞ്ഞും തുറന്നിരിക്കുകയും രാജന്മാർ സമയങ്ങൾ കഴിഞ്ഞും വീട്ടിലെത്താതിരിക്കുകയും ചെയ്തിരുന്ന അത്ഭുതകാലം.അടക്കിപ്പിടിച്ച ക്ഷോഭത്തിന്റേയും നിസ്സഹായതയുടേയും നീറ്റൽ നാട്ടിലും വീട്ടിലും അനുഭവപ്പെട്ടിരുന്ന കാലം.ശ്വാസോച്ഛാസമില്ലാതെ,ഹൃദയമിടി പ്പുകളില്ലാതെ vegetative അവസ്ഥയിൽ ഭാരതവും ജനതയും 'സന്തോഷമായി കഴിഞ്ഞിരുന്ന സ്വർഗ്ഗീയകാലം'.
ഡൽഹിയിലെ സഞ്ജയകുസൃതികളും കോൺഗ്രസ്  (ഭരണകൂട) ഭീകരതയും നരനായാട്ടുകളും അറിയാതെ മലയാളികൾ ,ഉണ്ടുറങ്ങിയെഴുന്നേറ്റ് കുടുംബാസൂത്രണ ബക്കറ്റിൽ കുളിച്ച് സ്വസ്ഥം കഴിഞ്ഞു .

1976ൽ 'അടിയന്തരാഘോഷങ്ങൾ' പൊടിപൊടിക്കുന്നതിനിടയിലാണ് ഈ ഏകാദശി യാത്ര.നിസസംഗതയും നിരാശയുമായിരുന്നു അക്കാലത്ത് മലയാളിയുടെ പൊതുഭാവം.ചുറ്റുമുള്ളവരെ സംശയവും.ആരാണ് പോലീസ് ചോദ്യം ചെയ്യലിലേക്കും ലോക്കപ്പിലേക്കും തള്ളിക്കൊടുക്കുക എന്ന ആശങ്ക,ഭയം. ഗുരുവായൂരപ്പൻ നീറ്റ് പാർട്ടിയൊക്കെയാണെങ്കിലും ,നമ്മെ അറിയുന്നവർ നമുക്ക്  കുഴപ്പമുണ്ടാക്കില്ലെന്ന സൂക്തഭാഗം പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങുന്നതിനു മുമ്പേ ഞാനും അപ്പച്ചനും ഉപേക്ഷിച്ചിരുന്നു.അതു കൊണ്ടു തന്നെ 'അച്ഛൻ പ്രദേശപ്രവേശനം' ഞങ്ങളുടെ അജണ്ടയിലില്ലായിരുന്നു.
പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങുമ്പോൾ പുതിയ വഴികളിലേക്ക് ക്ഷണിച്ച്  അന്തോണി മാപ്ള നിലക്കുന്നു.ചാവക്കാട്ടേക്കും കുന്നംകുളത്തേക്കുമുള്ള ബസ്സുകളിൽ ആളുകളെ വിളിച്ചു കയറ്റുന്ന കോട്ടപ്പടിക്കാരൻ അന്തോണിച്ചേട്ടൻ.മൊബൈൽ ഫോണുകളും ബ്രേക്കിങ്ങ് ഫ്ളാഷുകളും ഇല്ലാതിരുന്ന അക്കാലത്ത് അന്തോണിച്ചേട്ടന്മാർക്കായിരുന്നു പൊട്ടും വാർത്തകളുടെ കുത്തക.

-മ്പടെ കേശവൻ പോയീട്ടാ

കേശവനെ മനസ്സിലായി.ഗുരുവായൂർ വെച്ച് കേശവൻ എന്നു കേട്ടാൽ ആര് എന്നു ചോദ്യമില്ല. പക്ഷേ ഈ പോയീന്ന് വെച്ചാൽ?

-മൂപ്പര് മരിച്ചു.ചെരിഞ്ഞു.കോവിലകം പറമ്പിലിണ്ട്.

ബസ്സിറങ്ങിയവരിൽ വലിയൊരു കൂട്ടം പലവഴികളിലായി കോവിലകം പറമ്പിലേക്ക് നടന്നു .ഗുരുവായൂർ കേശവനെ ആദ്യം കാണട്ടെ,ഗുരുവായൂരപ്പനെ പിന്നീടാവാം എന്നൊരു മട്ട്.
കോവിലകം പറമ്പിലെ വലിയ ആൾക്കൂട്ടത്തിലേക്ക് കൂടുതൽ ആളുകൾ ചേർന്നു കൊണ്ടിരുന്നു. ആൾക്കൂട്ടത്തിൽ നിന്നും ഇറങ്ങിവന്ന ക്യൂ നീണ്ടും വളഞ്ഞും കേശവനെക്കണ്ടു പുളഞ്ഞും കടന്നു പോയി. അരമണിക്കൂറിലേറെയെടുത്താണ് ക്യൂ ഞങ്ങളെ കേശവനടുത്തെത്തിച്ചത്.ക്യൂവിലെ നില്പ് മുഷിപ്പിച്ചതേയില്ല.കേശവനെക്കുറിച്ച് ക്ളാസെടുക്കുന്ന പ്രൊഫസർമാരുടേയും അതിൽ മുങ്ങി നില്ക്കുന്ന കേൾവിക്കാരുടേയും വരിയിട്ട പാഠശാലയായിരുന്നു ക്യൂ.
പത്താം വയസ്സിലാണത്രേ നിലമ്പൂർ കോവിലകത്തെ വലിയരാജ കേശവനെ ഗുരുവായൂരപ്പനെ ഏൽപ്പിക്കുന്നത്. മലബാർ ലഹളക്കാലത്ത്  തന്റെ ബന്ധുക്കളേയും സ്വത്തുക്കളേയും സംരക്ഷിച്ചതിനായിരുന്നു ഈ ആനദാനം.കണ്ണനും കേശവനും കടുത്ത കൂട്ടായി. കേശവന്റെ ചില്ലറ കുസൃതികൾ കണ്ണനു  നേദിച്ച വെണ്ണ കൊടുത്തു മാറ്റി പാപ്പാൻമാർ.കണ്ണന്റെ തിടമ്പ്  കേശവന്റെ മസ്തകത്തിൽ മാത്രമിരുന്നു.ഇന്ന് പുലർച്ചയും അതവിടെത്തന്നെയായിരുന്നു.കണ്ണന്റെ തിടമ്പുമായി കേശവൻ ഒന്ന്  വിറച്ചു.കാലുകൾ വേച്ചു വേച്ചു  പോയി. തിടമ്പ് മറ്റൊരു ആനയിലേക്ക് മാറ്റി ,കേശവനെ കോവിലകം പറമ്പിലേക്ക് മാറ്റി .മോക്ഷമുറപ്പിക്കുന്ന ബ്രഹ്മ മുഹൂർത്തത്തിൽ കേശവൻ നിലത്തു കിടന്നു ,തുമ്പിക്കൈ ഗുരുവായൂരപ്പനിലേക്ക് നീട്ടി വെച്ചു .
ക്യൂവിൽ നിരങ്ങി നീങ്ങിയെത്തുമ്പോൾ ആളുകൾ പൂക്കളെറിയുന്നു,കരയുന്നു.നെഞ്ചത്തടിച്ചു കരയുന്ന ഒന്നു രണ്ടു പൂണൂൽധാരികളുമുണ്ടായിരുന്നു കൂട്ടത്തിൽ. പൂക്കളാലും റീത്തുകളാലും കരച്ചിലാകുളാലും ചമയപ്പെട്ട് കേശവൻ കിടന്നു.മരിച്ചങ്ങനെ കിടക്കുമ്പോൾ എന്തൊരു വലിപ്പമാണ് കേശവന്! എന്തൊരു പൊക്കമാണ്!

വീട്ടിലും നാട്ടിലും ചത്തു പോകുന്ന പൂച്ചയേയും പട്ടിയേയുമൊക്കെ കാരപ്പറമ്പിലെ പൊട്ടക്കിണറ്റിലെറിയും. കെണിവെച്ചു കൊല്ലുന്ന എലിയും പെരുച്ചാഴിയും അങ്ങോട്ട് തന്നെ.അങ്ങനെ ചത്തും വലിച്ചെറിയപ്പെട്ടും തീരുന്നതായിരുന്നു എനിക്ക്  ജന്തുജന്മങ്ങൾ.
മൃഗങ്ങളെല്ലാം വെറുതെയങ്ങു ചത്തു പോകുകയല്ലെന്നും നല്ല വെടിപ്പായി മാന്യമായി മരിക്കുന്നവരുണ്ടെന്നും പറഞ്ഞു തന്നൂ,ഈ ആനക്കേശവൻ,ഈ ഏകാദശിക്ക്. ഞങ്ങളെപ്പോലെ പലരും ഗുരുവായൂരപ്പനെ മറന്ന ഏകാദശി .