Thursday, 7 May 2015

വല്ലഭയുടെ ചൂലും രാമന്‍ നായര് മാഷും



വല്ലഭയുടെ ചൂലും രാമൻനായര് മാഷും 

ആർത്താറ്റു നിന്നും കിഴക്കോട്ട് നടക്കുന്ന നാട്ടിടവഴി അത്ര ചന്തക്കാരിയൊന്നുമല്ല.  പാവപ്പെട്ടൊരു നാട്ടു പെണ്ണിൻ്റെ പങ്കപ്പാടുകളുടെ അടയാളങ്ങളൊക്കെ അവളിലുണ്ട്.  ( ഇപ്പോളവൾ കറുത്ത ജീൻസൊക്കെ ഇട്ടു തുടങ്ങിക്കാണും.) ചീരംകുളങ്ങരയിലെ നെൽവയലുകൾക്കിടയിലൂടെ പുളഞ്ഞ് വളഞ്ഞ് ചിരംകുളങ്ങര ഭഗവതിക്കു മുന്നിൽ അവൾ അഭയം പ്രാപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ വയലുകളിലും അപ്പുറത്തെ തോട്ടിലും മണ്ണിരകളെ കോർത്ത ചൂണ്ടക്കൊളുത്തുകൾ നിക്ഷേപിച്ച് ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട് ഞാൻ .ഭഗവതിയുടെ ക്ഷേത്ര മൈതാനത്ത് നാല്പതിൽപ്പരം ആനകളോടെയാണ് പൂരം. കരിങ്കാളിയും മൂക്കാം ചാത്തനുമൊക്കെയുള്ള ഉത്സവം. വലിയ ക്ഷേത്ര മൈതാനത്ത് നിന്ന്   കിഴക്കോട്ട്  ടാറ് പുതച്ചിറങ്ങുന്ന റോഡിലൂടെ ആനായ്ക്കലെത്തിയപ്പോൾ എനിക്ക് സംശയമായി ,ബസ് കാത്തു നില്ക്കണോ നടക്കണോ?ബസ്  സ്റ്റോപ്പിനപ്പുറത്തെ ചായക്കടയിൽ നിന്നൊരു വൃദ്ധൻ ഞാൻ സഹായിക്കണോ എന്ന മട്ടിൽ എത്തി നോക്കുന്നുണ്ട്. 
_ഈ രാമൻനായര് മാഷിൻെറ വീട്ടിലേക്ക്?
_പാലിയത്തേക്കാലേ? മാഷിന് ചെറിയ വയ്യായ്കയൊക്കേ ണ്ട്. കിടപ്പൊന്ന്വല്ല.അപ്പൊ ആരാ ?
-മാഷ് പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോ മെഡിസിന് പഠിക്കുന്നു 
-താനിപ്പോ ബസ്സൊന്നും കാത്തു നില്ക്കണ്ട. അങ്ങട്ട് നടന്നോളൂ.ഒരു പതിനഞ്ച് ഇരുപത് മിനിട്ട് .അവിടെ ഇടത്തായിട്ടൊരാലുണ്ട്. ആലിൻ്റെ സൈഡുക്കൂടങ്ങട്ട് അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ്. അത് മണ്ണുവെട്ടോഴിയാ.
അടുത്ത അര മണിക്കൂർ നേരത്തേക്കുള്ള അദ്ധ്വാനമാണ് കാർന്നോര് സൂത്രത്തിൽ പ്രിസ്ക്രൈബ് ചെയ്യുന്നത്.

എട്ട് ബി യിലെ ആദ്യ പിരീയഡിൽ രാമൻ നായർ സാറാണ് ക്ലാസിലേക്ക് വന്നത്.കയ്യിൽ പുസ്തകമില്ല. ചൂരൽ വടിയില്ല. വലത് കയ്യിൽ പൊട്ടിയ ചോക്കും ചോക്കു പൊടി വെളുപ്പിച്ച വിരൽത്തുമ്പുകളും. ആദ്യമായിട്ടാണ് മാഷ് ഞങ്ങൾക്ക് ക്ലാസ്ലെടുക്കാൻ വരുന്നത്.വെളുത്ത ഖദർ മുണ്ട്. ഖദർ ജുബ .അതിനേക്കാൾ വെളുത്ത തലമുടി.ചെരുപ്പില്ലാതെ തറയിലുറച്ച് പരുക്കൻ പാദങ്ങൾ. വലതു കയ്യിലെ കാലൻ കുട മണ്ണിനെ കുത്തിയുണർത്തി കൂടെയുണ്ടാവും.  ഖദർ മുണ്ടിന്റെ കോന്തല ഇടതു കക്ഷം മണപ്പിക്കാൻ കയറിയിട്ടുണ്ടാവും.പരുക്കൻ ശബ്ദം. അവിവാഹിതനായ മാഷിന്റെ ശരീര ചലന വ്യാകരണങ്ങൾ ഒരൊറ്റയാന്റെയായിരുന്നു.ക്ലാസെടുക്കുന്നത് ആദ്യമായിട്ടായിരുന്നെങ്കിലും മാഷ് ഞങ്ങൾക്ക്‌  പണ്ടേ മനപ്പാഠമായിരുന്നു.പാഠപുസ്തകത്തിൻ്റെ സിലബസ് ചട്ടകൾ കീറിക്കളഞ്ഞ് രാമായണത്തിൻ്റേയും മഹാഭാരതത്തിന്റെയും ഐതിഹ്യമാലയുടെയും കഥാമൈതാനങ്ങളിലേക്ക് ഞങ്ങളെ കൊണ്ട് പോയത് മാഷാണ്.

ചാഞ്ഞ് തുടങ്ങുന്ന ഉച്ച സൂര്യനോട് കുട നിവർത്തിപ്പൊരുതി പാലിയത്ത്  വീട്ടിലെത്തുമ്പോൾ വെയിൽ പൂർണ്ണമായും കീഴടങ്ങിക്കഴിഞ്ഞിരുന്നു.പാലിയത്ത് വീടിൻ്റെ മരപ്പടി മെല്ലെത്തുറന്ന് മുറ്റത്തേക്ക് കയറി. മാഷ് വലിയൊരു പ്ളാസ്റ്റിക്ക് ബക്കറ്റിൽ നിന്ന് ചെടികൾക്ക് കോപ്പക്കണക്കിന് വെള്ളം വീതം വെക്കുകയാണ്.തിരിച്ചറിയുമോ എന്ന് സംശയിച്ചു നില്‌ക്കെ മാഷിൻ്റെ പരുക്കൻ ശബ്ദം വന്നു.
-ഏയ് മോഹനോ? വാ വാ
നഗ്നവും പരുഷവുമായ കാലടികൾ കഴുകി മാഷ് ഉമ്മറത്തേക്ക് കയറി.
ചെറിയ ഓടിട്ട വീട്  വലിയ വരാന്തയിലേക്ക് വിനീതനായി ക്ഷണിച്ചു. മാഷിൻ്റെ പിന്നാലെ വരാന്തയിലേക്ക് കേറിപ്പോകവേ വെളുമ്പിപ്പൂച്ചയും മ്യാവോയെന്ന് സ്വാഗതം പറഞ്ഞു.
ചിന്തേരിട്ടു മിനുക്കിയ കറുത്ത ഉമ്മറത്തിണ്ണയിൽ ഞാനിരുന്നു.റെഡോക്സൈഡിൽ  മിനുങ്ങിയ തറ ചുവന്ന ചുണ്ടുകൾ കൊണ്ട് പാദങ്ങളിൽ തണുത്ത ചുംബനങ്ങൾ തന്നു കൊണ്ടിരുന്നു. ഏതെങ്കിലും അസുഖത്തിന്റെ അടയാളങ്ങളൊന്നും മാഷിൽ ഞാൻ കണ്ടില്ല.സുഖമല്ലേ എന്ന് ചോദിച്ച് അന്തരീക്ഷം അസുഖകരമാക്കാൻ ഞാൻ തുനിഞ്ഞുമില്ല. മതാപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും മാഷ് വിശദമായി അന്വേഷിച്ചു.മെഡിക്കൽ കോളേജ് വിശേഷങ്ങളിലൂടെയും ബഥനി സ്ക്കുളിന്റെ വരാന്തയിലൂടെയും സ്റ്റാഫ് റൂമിലൂടെയും ഞങ്ങൾ മെല്ലെ നടന്നു.കവനകൗതുകം മാസികയിൽ ശ്ളോകപൂരണത്തിന് സമ്മാനം കിട്ടിയത്,ലെപ്രസി കൗൺസിലിന്റെ ഉപന്യാസമത്സരത്തിലെ അഞ്ഞൂറു രൂപ അവരുടെ ഫണ്ടിലേക്ക് നല്കി മിണ്ടാതിരുന്നത്,പത്തിലെ വെക്കഷൻ ക്ളാസ് സമയത്ത്  ഇംഗ്ളീഷ് സംസാരിക്കാൻ വിസമ്മതിച്ചതിന്  പുറത്താക്കപ്പെട്ടത് ,വീട്ടിൽ അറിയിക്കാതെ ഒരു മാസം കുന്നംകുളം അങ്ങാടിയിൽ കറങ്ങി നടന്നത്.(ഇംഗ്ളീഷ് മീഡിയം സ്ക്കൂളിലെ നിർബന്ധിത ഇംഗ്ലീഷ് സംസാരത്തിനെതിരെയുള്ള  പ്രതിഷേധമായിരുന്നു അത്) അങ്ങനെ എന്തൊക്കെയാണ്  മാഷ് ഓർത്തെടുത്തത്. ഞാനൊരിക്കലും രാമൻ നായരു മാഷുടേയോ മറ്റ് അദ്ധ്യാപകരുടേയോ നല്ല കുട്ടിയായിരുന്നില്ല.എല്ലാ അധികാരസ്ഥാനീയരിൽ നിന്നും വഴി മാറി നടന്ന എന്റെ ജീനുകൾ അദ്ധ്യാപകരിൽ നിന്നും അകലം അളന്നു വെച്ചിരുന്നു.എന്നിട്ടും ഇത്രയൊക്കെ പൊതു ഓർമ്മകൾ എനിക്കും മാഷിനും ഇടയിലുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി.സംസാരിച്ചു കൊണ്ടിരിക്കെ പഴയ ഒറ്റയാൻ ഗൗരവം മാഷിൽ നിന്ന് ചോർന്ന് പോകുന്നു.ചിലപ്പോളൊക്കെ ഭാഷ മൗനമാകുന്നു.


അങ്ങനെയൊരു മൗനത്തിൻ്റെ ഇടവേളയിൽ ഞാൻ ബഥനി സെൻറ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ ഒമ്പതാം ക്ളാസിലെ രണ്ടാം വരിയിലെ ബെഞ്ചിൽ ചെന്നിരുന്നു. മാഷ് പാഠപുസ്തകത്തിന് പുറത്ത് മേയുകയാണ്.ശ്രീരാമനും സീതയും വനവാസത്തിലാണ്.മാരീചൻറ മാൻ രൂപത്തിൽ മോഹിച്ച് സീത ലക്ഷ്മണരേഖ വിട്ട് പോയിരിക്കുന്നു. വിവരമറിഞ്ഞ് രാമൻ ഒരു ദർഭപ്പുല്ലെടുത്ത് മാരീചനെ അമ്പെയ്യുന്നു.മാഷിൻ്റെ കരകര പ്രിയ ശബ്ദത്തിൽ കവിത.
  വല്ലഭനു പുല്ലുമായുധം
എന്റെ തലച്ചോറിലെ ഏതോ തലതെറിച്ച കോശം ഉച്ചത്തിൽ പ്രതിവാചകം ചൊല്ലി.
   വല്ലഭക്ക് ചൂലുമായുധം
അനിച്ഛാപൂർവ്വമായ പ്രതികരണമായിരുന്നു അത്.ഞാൻ തന്നെ അന്തം വിട്ടു പോയി.ബ്ളാക്ക് ബോർഡിന് മുന്നിൽ മാഷ് അന്തിച്ച് നില്ക്കുന്നു.ക്ളാസ് നിശബ്ദം.ചെയ്തത് തെറ്റോ ശരിയോ എന്നറിയാതെ ബോധം കണ്ണടച്ചു തല കുനിച്ചു നിന്നു.മാഷ് ചോക്ക് മേശമേൽ വെച്ച് കയ്യിലെ വെളുത്ത പൊടിയിയൊക്കെ തട്ടിക്കളഞ്ഞ്  അടുത്തേക്ക് വരുന്നു.
'- ഒന്നു കൂടി ചൊല്ലെടോ ആ മഹാകാവ്യം.'
ദൈവമേ,മാഷ് കൊടിയ ഗൗരവത്തിലാണ്.എങ്ങനെ ചൊല്ലാൻ?പേടിച്ചു വിറച്ച തലച്ചോറ് ആ മഹാമണ്ടത്തരം എപ്പോഴേ ഉപേക്ഷിച്ചതാണ്.
ഇപ്പോൾ മാഷിന്റെ കൈകൾ എന്റെ രണ്ടു കവിളുകളേയും പിടിച്ചു വലിച്ച് തിരിക്കുകയാണ്.മാഷ് അപൂർവ്വമായി പ്രയോഗിക്കുന്ന പേറ്റൻടഡ് പിഢനമുറയുടെ ആരംഭമാണിത്.കവിളുകൾ വേദനിച്ച് ചുവക്കുന്നുണ്ടാവും. പീഡനം അടുത്ത ഘട്ടത്തിലേക്ക് എപ്പോൾ കടക്കുമെന്ന അനശ്ചിതത്വമാണ് ഈ വേദനയേക്കാൾ വലിയ തൊന്തരവ്.കവിളുകളങ്ങനെ വലിച്ച് വലിച്ച് പെട്ടെന്ന് മാഷിൻ്റെ കൈകൾ അകന്നു മാറുന്നു.പിന്നെ അതിനേക്കാൾ പെട്ടെന്ന് കവിളത്ത് തിരിച്ചു വന്ന് വീഴുന്നു.പെടേ'. കവിളുകളിൽ നിന്ന് പറന്ന് പൊങ്ങിയ പൊന്നീച്ചകൾ കണ്ണുകളിലെ പുതിയ തടാകങ്ങളിൽ ചെന്ന് വീഴുന്നു.
ശിക്ഷ കഴിഞ്ഞു.നായര് മാഷ് ബ്ളാക്ക് ബോർഡിലേക്ക് തിരിച്ചു നടന്നു .ഞാൻ ബെഞ്ചിൽ തരിച്ചിരുന്നു. മാഷ് ക്ളാസിനേയും കൊണ്ട് വനവാസത്തിലേക്കും മാരീചനിലേക്കും പോയി. എൻ്റെ ബോധത്തിലേക്ക് വല്ലഭനും വല്ലഭയും ചൂലും ഒരുമിച്ചു വന്നു.
മലയാളം പാഠാവലിയുടെ  ആദ്യ താളിൽ ഞാനെൻ്റെ സങ്കടം കുടഞ്ഞിട്ടു.

വല്ലഭന് പുല്ലുമായുധം
ചൊല്ലിത്തരുന്നു നായര്
വല്ലഭക്ക് ചൂലുമായുധം
ചൊല്ലിപ്പോകുന്നു ഞാനും
കവനമെന്നൊരീക്കുറുമ്പ്
കവിളത്തടിക്കുള്ള കാര്യമോ?

 മലയാളം ടെക്സ്റ്റ് ബുക്കിൻ്റെ ഒന്നാം പേജിൽ രോഷത്തോടെ അപ്പോൾ തന്നെ കുറിച്ചിട്ട വരികളിൽ നിന്ന് പിന്നീട് നായരെ വെട്ടി മാറ്റി മാഷ് എന്നാക്കി.

_വാടോ, നമുക്ക് തൊടിയിലൊന്ന് കറങ്ങി വരാം.
മാഷെന്നെ എട്ടാം ക്ളാസിൽ നിന്നും വിളിച്ചിറക്കി. തൊടിയിലേക്ക് നടക്കുമ്പോൾ സമാധാനത്തിൻ്റെ വെള്ളവാൽക്കൊടി പൊക്കിപ്പിടിച്ച് വെളുമ്പിച്ചൂച്ചയും കൂടെ വന്നു. പറമ്പിലില്ലാത്ത മരങ്ങളില്ല. കാററിൽ കലങ്ങാത്ത ഗന്ധങ്ങളില്ല. മാമ്പഴത്തിൻ്റെ, ചക്കയുടെ, കശുമാങ്ങയുടെ, ചാമ്പയുടെ. പഴങ്ങൾ തിന്നു മദിച്ച കിളികൾ നന്ദി വാക്കുകൾ ചിലയ്ക്കുന്നുണ്ട്.

_പറമ്പിലിങ്ങനെ നടക്കുമ്പോൾ ഒരു സുഖാണ്. അസുഖോം വിഷമോം ഒക്കങ്ങട്ട് മറക്കും. തനിക്ക് മാങ്ങയിഷ്ടാണെങ്കിൽ അതിൽ നിന്ന് രണ്ടു മൂന്നെണ്ണം പറിക്കാം .

മാഷ് വലത്തോട്ടിയെടുത്ത് പൊക്കാൻ തുടങ്ങിയപ്പോൾ ഞാൻ വിലക്കി.
-വേണ്ട, മാഷേ ഞാൻ പറിച്ചോളാം.

-ഏയ് ,അത്രക്കസുഖമൊന്നുമില്ലെടോ

മൂന്ന് മൽഗോവ സുന്ദരികളെ മാഷ് വലയിലാക്കിക്കഴിഞ്ഞു.ഒരര മണിക്കൂറോളം ഞങ്ങൾ അവിടെ കറങ്ങി നടന്നു. മാഷ് പറഞ്ഞത് ശരിയാണ്. ഈ മരങ്ങൾക്കിടയിലൂടെ ഇങ്ങനെ നടക്കുമ്പോൾ എന്തൊരു സുഖമാണ്. തിരിച്ച് ഉമ്മറത്തിണ്ണയിലെത്തുമ്പോൾ മൂന്നു മൽഗോവയും കുറച്ചു പേരക്കയും കുറേ ചാമ്പക്കയും കയ്യിലുണ്ടായിരുന്നു.മാഷ് അകത്ത് നിന്ന് കത്തിയെടുത്തു കൊണ്ടുവന്ന് ഒരു മാങ്ങ തോല് ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി പൂളിയിട്ടു.ഞാൻ മാഷെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഇല്ല, മാഷിന് അസുഖങ്ങളൊന്നുമില്ല. നാട്ടുകാർ ഓരോന്ന് പറഞ്ഞ് പരത്തിക്കോളും.

-ബഥനീന്ന് ടീച്ചർമാര് വന്നിരുന്നു. കുട്ടികളാരും അങ്ങനെ വന്നില്ല. താനാണ് വന്നത്. താൻ മാത്രം. അല്ലെങ്കിൽ താനാണ് ആദ്യം വന്നത്. 
പൂളി വീഴുന്ന മൽഗോവക്കഷ്ണങ്ങൾക്കൊപ്പം മാഷിൻ്റെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീഴുന്നു.പണ്ട് ക്ളാസ് മുറിയിൽ കേട്ട ശബ്ദമല്ല ഇത്.
_മാഷൊറ്റക്കാണോ ഇപ്പോ?
_എനിക്കെന്തിനാടോ കൂട്ട്? ഞാനായിട്ട് ഒരു കൂട്ടുണ്ടാക്കീട്ടൂല്ല്യാ. രാത്രി ഒരു കാർന്നോര് വന്ന് കിടക്കും. ചില കുടുംബക്കാരുണ്ട് അടുത്ത് .ഭക്ഷണം അവര് കൊണ്ടുവരും.പിന്നെ ഇത്രേം മാങ്ങേം ചക്കേം ചാമ്പേം ഉള്ളപ്പോൾ വേറെ ഭക്ഷണം എന്തിനാ?ആ ചിലച്ചു കൂട്ടുന്ന കിളികളില്ലേ, അവരുടെ കൂടെ ഞാനും കഴിക്കും.
കിളികളെല്ലാം ചേക്കേറിക്കഴിഞ്ഞെന്ന്  ഉറപ്പ് വരുത്തിയ ഇരുട്ട് അകത്ത് കടക്കാൻ അനുവാദം ചോദിച്ച് പടിക്കൽ എത്തിയിട്ടുണ്ട്.മാഷ് പഴങ്ങളെല്ലാം സഞ്ചിയിലാക്കിത്തന്നു.

-ഇരുട്ടായിത്തുടങ്ങി.താനിറങ്ങിക്കോ. അങ്ങട്ട് എത്തണ്ടേ .

മാഷ് പടിക്കലോളം കൂടെ വന്നു. നന്നായി പഠിക്കണമെന്നും ഇനിയും എഴുതണമെന്നൊക്കെ വാത്സല്യത്തോടെ ഉപദേശിച്ചു.പിന്നെ വിറയ്ക്കുന്ന പരുക്കൻ കൈകളിൽ എൻ്റെ മുഖം കോരിയെടുത്തു.
മാഷിൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .അത് കാണാനുള്ള വെളിച്ചമൊക്കെ ഇരുട്ട് ബാക്കി വെച്ചിരുന്നു. ഞാൻ എഴുത്തെല്ലാം മാഞ്ഞു പോയ സ്ളേറ്റ് പോലെ അദ്ദേഹത്തിൻ്റെ കൈകളിൽ ഒതുങ്ങി നിന്നു.ഞാൻ കരഞ്ഞില്ല. മനസ്സൊന്നു വിങ്ങിയതു പോലുമില്ല. മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് .ഇരുപത് വയസ്സാണ്. അതിൻ്റെ പാകതക്കുറവ് കൊണ്ടുള്ള കടുപ്പം മനസ്സിനുണ്ടായിരുന്നു.

പടിയിറങ്ങുമ്പോഴും ചെമ്മൺ വഴിയിലേക്ക് കയറുമ്പോഴും ഞാൻ തിരിഞ്ഞു നോക്കിയെന്നും അപ്പോഴും മാഷവിടെ നിറകണ്ണുകളോടെ നില്ക്കുന്നുണ്ടായിരുന്നു എന്നൊക്കെയെഴുതി ഞാൻ ഈ കുറിപ്പ് നീട്ടുന്നില്ല. രണ്ടാഴ്ച കഴിഞ്ഞ് വാരാന്ത്യ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അമ്മച്ചി പറയുന്നത് - നീ പോയി കണ്ടില്ലേ.. അവടന്ന് ഒരാഴ്ച തികഞ്ഞില്ല, രാമൻ നായർ മാഷ് പോയി. പഠിപ്പിച്ച പിള്ളേര് കുറേ വന്നിരുന്നൂത്രേ.

പണ്ട് കവിത ചൊല്ലിച്ചതിച്ച ശിരോകോശങ്ങൾ ഇപ്പോഴും എന്നെച്ചതിച്ചു.എന്റെ അനുവാദമില്ലാതെ അവയെന്റെ കണ്ണുകളെ നിറച്ചു.കവിളുകളെ നനച്ചു.ഇരുപത് വയസ്സിന്റെ മനക്കരുത്തൊന്നും ഇപ്പോഴെന്നെ  സഹായിക്കുന്നില്ല. മാഷ് കവിളുകളിലെ നനവിൽ തലോടിക്കൊണ്ടേയിരിക്കുകയാണ്.

Saturday, 28 March 2015

മൂന്നാം പക്കം മരണം

ഒന്നാം പക്കം

കറുത്ത പൂക്കളെ വിരിയിച്ചെടുക്കുന്ന
കാഞ്ഞു കിടക്കുന്ന മണ്ണാണെന്‍ ചിന്തകൾ
കണ്ണു നിരിറ്റിറ്റു വീഴ്ത്തിക്കൊടുത്തിട്ടും
കത്തുന്നു പൂവിലെ തേൻതുള്ളി പോലും.

കണ്ണുകളൊന്നടക്കാനൊരുങ്ങുമ്പോൾ
കുതറിയെത്തുന്നു കാണാത്ത ദുഖങ്ങൾ
മുഖം പൊത്തിക്കരയാൻ കൈകളുയർത്തവേ
മൂർച്ചയാൽ കുത്തുന്നു കണ്ണിൽ വിരലുകൾ

വശം കെട്ടു പോയൊരു വംശാവലിയുടെ
വാലറ്റത്ത് കിടന്നു പിടയുകയാണു ഞാന്‍ .
വരി വരിയായിന്നകന്നു പോകുന്നു
വഴി തെറ്റാതെ കൂട്ടു നിന്ന നന്മകള്‍

രണ്ടാം പക്കം

ചിറകു കുഴഞ്ഞൊരു പക്ഷിയെൻ ജാലക-
പ്പുറകിലിരുന്നു പതിയെച്ചിലക്കുമ്പോൾ
ചിലമ്പിച്ച ശബ്ദത്തിലാത്മാവു ചൊല്ലുന്നു
നിശ്ചയം,നിശ്ചയം,തോല്ക്കുകയാണ് ഞാൻ.

ചതുരംഗപ്പലകയിലാകെക്കരുക്കൾ
ചതുരക്കളങ്ങൾ തെളിയുന്നുമില്ല.
കറുപ്പേത്  വെളുപ്പേത്? കണ്ണു കഴക്കുമ്പോൾ
അറിയുന്നു,നിശ്ചയം,തോൽക്കുകയാണ് ഞാൻ.

അപ്പുറമിരുന്നു കളിക്കുന്നു ദൈവം
ഇപ്പുറമിരുന്നു തോൽക്കുകയാണ് ഞാൻ
പണയമെന്തെന്നു ചോദിക്കുന്നു ദൈവം
പണയമെൻ  ജീവിതം എടുത്തു കൊള്ളൂ.

മുടിയും കടിഞ്ഞൂൽ പൊട്ടനാണ് ഞാൻ
മഠയന്‍ നാറിപ്പുരുഷനാണ് ഞാൻ
മതി വിട്ടു കൊതിച്ചൊരച്ഛനാണ് ഞാൻ
മതിപ്പു കെട്ടൊരീ ജീവിതം എടുത്തു കൊള്ളൂ.

കഠിനം വെറുപ്പാൽ വലിച്ചെറിയുന്നു ഞാൻ
കഥയില്ലാത്തൊരീ വഷളൻ തിരക്കഥ
കല്ലുകൾ വെച്ചു പൊലിപ്പിച്ച നുണക്കഥ
കല്ലറയിലേക്കിറക്കി വെക്കുന്നു ഞാൻ.

മനസ്സിൽ മറച്ചിട്ട മോഹങ്ങളൊക്കെയും
മരണാസന്നമുദ്രകൾ കളിക്കുമ്പോൾ
മൃതമാം കനവുകൾക്കവസാന വരിയായി
മങ്ങി മങ്ങി മറയുന്നു ജീവിതത്തിരച്ചിത്രം


മൂന്നാം പക്കം മരണം

അക്ഷമന്‍ മരണം വാതിലില്‍ മുട്ടുന്നു
"അവസാനിച്ചുവോ ആത്മഹത്യാക്കുറിപ്പ്?
മേശമേലിക്കവിത ഞാന്‍ വെക്കുന്നു
മരണത്തോടൊപ്പം ഇറങ്ങി നടക്കുന്നു.

Monday, 9 March 2015

പ്രണയക്കെടുതികളുടെ തൂവാല


മക്കളേ ഇത് നിങ്ങള്ക്ക് .
ഉടലിനോടുടല്‍  ചേര്‍ത്ത്
ഊടും പാവും ചേര്‍ത്ത ഈ തുണിത്തുണ്ട്.
വര്‍ഷങ്ങളോട് വര്‍ഷങ്ങള്‍ ചേര്‍ത്ത്
വരഞ്ഞെടുത്ത ചിത്രങ്ങളുണ്ടിതില്‍.
ഉന്മാദത്തിലുലയുന്ന നിറങ്ങളുണ്ട്
കറുപ്പുണ്ട്‌ വെറുപ്പുണ്ട്‌ വെളുപ്പുണ്ട്
എല്ലാറ്റിനും മീതെയുണ്ട്
പ്രണയത്തിന്‍റെ തുന്നല്‍പ്പാടുകള്‍.

തെന്നിയും തെറിച്ചും വര്‍ഷങ്ങള്‍ തീരുമ്പോള്‍ ,
തുന്നല്‍ക്കാര്‍ ചരട് പൊട്ടി മറയുമ്പോള്‍ ,
തുന്നിത്തീരാത്ത ഈ തൂവാല എടുത്തു നോക്കണം.
വര്‍ഷക്കാലപ്പെരും പെയ്ത്തുകളില്‍
പരസ്പരം തല തോര്‍ത്തിയെടുത്ത തൂവാല .
വേനല്‍ക്കാല സൂര്യാവേശത്തെ
പരസ്പരം തല മറച്ചു മടക്കിയ തൂവാല.
വിയര്‍പ്പില്‍ വിശറിയായത്
വിരഹത്തില്‍ ദൂത്  ചൊന്നത്
സങ്കടക്കണ്ണീരില്‍ കുതിര്‍ന്നത്‌
സ്നേഹത്തണലില്‍  ഉണങ്ങിയത്‌ .

ചുംബനങ്ങളില്ലാതാവുന്ന കാലത്ത്
ചുണ്ടിനോടമര്‍ത്തണം ഈ തൂവാല.
സ്നേഹത്തിന്റെ ചൂടും
ഉമിനീരിലെ ഉപ്പും
അപ്പോഴും കിട്ടും നിങ്ങള്‍ക്ക്.

പരസ്പരം പ്രേമം പറയാത്ത കാലത്ത്
കാതോട് ചേര്‍ക്കണം ഈ തൂവാല.
പ്രാവുകള്‍ കുറുകുന്നത്
ശ്രദ്ധിച്ചു കേള്‍ക്കണം .
കലഹങ്ങള്‍  നിഷ്ക്കപടം
ഉച്ചത്തില്‍ കേള്‍ക്കണം .

പ്രിയപ്പെട്ട മക്കളേ
തൂവാലകള്‍ ഇല്ലാതാവുന്ന കാലത്ത്
തിരിച്ചും മറിച്ചും നോക്കണം, ഈ തൂവാല.

ക്രിസ്തുവിന്റെ ഛായാവരകള്‍
മറിയത്തിന്റെ കൈപ്പാടുകള്‍
അത്രയെങ്കിലും ബാക്കിയുണ്ടാവും.
ചിലപ്പോള്‍
പ്രണയക്കെടുതികളുടെ
പ്രാകൃതാരവങ്ങളും.
(പ്രിയേ നീയമ്മ മറിയം,
 നിന്നിലെന്‍ പൊക്കിള്‍ക്കൊടി തേടും
 ഉണ്ണിയേശു ഞാന്‍.
 നീ മഗ്ദലന,
 നിന്റെയിഷ്ട്ടം നിറവേറട്ടെയെന്നു  പിടയും
 കുരിശ്ശിലെ പ്രേമം ഞാന്‍.)





Friday, 27 February 2015

ചക്കരത്തുണ്ടിന് മധുരം കുറയുന്നത്


ചക്കരത്തുണ്ടിന് മധുരം കുറയുന്നത്
---------------------------------------------------------------------------------
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ കുന്നംകുളം എന്നൊരു പ്റദേശം .കമ്മ്യൂണിസ്റ്റ്കാരും കോൺഗ്റസ്കാരും മാറി മാറി 
ജയിക്കുന്ന സാദാ നിയോജകമണ്ഡലം.കുന്നംകുളം നസ്റാണി എന്നൊരു കൂട്ടു വാക്ക് മലയാളത്തിനു നല്കിയ ദേശം. 
നസ്റാണിപ്പേരിട്ട് ഒരു കുന്നംകുളം മുഴുവൻ സ്വന്തമാക്കാൻ മാത്റം നസ്റാണികളൊന്നും കുന്നംകുളത്തില്ല താനും. കുന്നംകുളം 
നായരെന്നോ കുന്നംകുളം കോയാന്നോ കേട്ടിട്ടുമില്ല.അപ്പോൾ എണ്ണം കൊണ്ടല്ല തിണ്ണബലം കൊണ്ടായിരിക്കണം 
നസ്റാണിക്കുന്നംകുളം ഉണ്ടായത്.

തൃശൂർ നസ്റാണി,ഇരിങ്ങാലക്കുട നസ്റാണി ,കാഞ്ഞിരപ്പിള്ളി നസ്റാണി എന്നിങ്ങനെയുള്ള മറ്റു നസ്റാണി ക്കൂട്ടങ്ങളുമായി 
കാര്യമായ കൂട്ടൊന്നുമില്ല കുന്നംകുളം നസ്റാണിക്ക് .അടിസ്ഥാനപരമായി കച്ചവടക്കാരും 
ആർത്തിക്കാരുമാണെന്നതൊഴിച്ചാൽ.കോളേജ് പഠിപ്പിന് തൃശൂരിലെത്തിയപ്പോൾ അവിടത്തെ നസ്റാണികളാണ് കുന്നംകുളത്തിന്റെ മറ്റൊരു  വീരസ്യം പറഞ്ഞു തന്നത്.ഒരു പാട് ഡ്യൂപ്ളിക്കേറ്റ് വസ്തുക്കളുടെ സുഖപ്റസവം നടക്കുന്നത് 
കുന്നംകുളത്താണ്.കുന്നംകുളത്തായിരുന്നപ്പോൾ അതിൽ വലിയ കാര്യമൊന്നും തോന്നിയിരുന്നില്ല.ഒരു നാട്ടു നടപ്പുകാര്യം,അത്ര 
മാത്രം.

IOB നീലപ്പൊടിയും ചുമ്മാരുേട്ട്യട്ടൻറെ IO8 നീലവും തമ്മിൽ നിറത്തിലോ ഗുണത്തിലോ വ്യത്യാസമൊന്നുമില്ലെന്നാണ് അമ്മച്ചി 
പറയാറ്.CUTTICURA സുന്ദരികളുടെ ആവശ്യത്തിലേക്കായി ഒരു Cuttikura പൗഡറും ഞങ്ങൾ നല്കിയിരുന്നു.തിരുവതാംകൂറിൽ 
മലയാള മനോരമ നിരോധിച്ചപ്പോൾ ,പിറ്റേ ദിവസം കുന്നംകുളത്തെ അക്ഷര രത്നം പ്റസ്സിൽ നിന്ന് പത്റം 
ഇറക്കിക്കൊടുത്തവരാണ് ഞങ്ങളുടെ വീരപൂർവികർ.

നാലഞ്ച് ബസ്സുകൾ നിർത്താവുന്ന കുറച്ചു സ്ഥലവും ബസ്സുകൾക്കിടയിലെ തിണ്ണകളിൽ ചെറുകിട മൊബൈൽ(ഫോണല്ല) 
കച്ചവടക്കാരും കൊച്ചു പുസ്തകങ്ങളും മനോരമ-നർമ്മദ-ഹാസ്യകൈരളി ആഴ്ചപ്പതിപ്പുകളും വില്ക്കുന്ന ചെറു സ്ഥിരം കടകളും 
കുറച്ചു സോഡാ സർബത്ത് നിലവിളികളും ചേർന്നാൽ പഴയ കുന്നംകുളം ബസ് സ്റ്റാൻഡായി.

ബസ് സ്ററാൻഡിൽ നിന്ന് ഗുരുവായൂർ - ചാവക്കാട് ബോർഡ് വെച്ച ബസ്സുകൾ രണ്ടു കിലോമീറ്ററോളം ഓടി ബാവപ്പള്ളി 
സ്റ്റോപ്പിലെത്തും. ചിലർ പള്ളിപ്പടിയെന്നു പറഞ്ഞിവിടെയിറങ്ങും.ചിലർ സിംഹാസനപപ്പള്ളിയെന്നു പറയും.എല്ലാവരും 
ഇറങ്ങുന്നത് പള്ളിക്കു മുമ്പിലെ പുളിമരച്ചോട്ടിലേക്കാണ്.ഇന്നാ പുളിമരമില്ല.അതിൻറെ വട്ടത്തിൽ മുറിച്ച തായ്ത്തടിക്കഷണങ്ങൾ 
പള്ളി മതിലിനോട് ചേർന്നു കിടന്ന് ജീർണ്ണിക്കുന്നുണ്ട്. ഒരു ഉപേക്ഷിക്ക്പ്പെട്ട സ്മാരകം പോലെ.

പുളിമരച്ചോടിനപ്പുറത്ത്,റോഡിൻറെ മറുവശത്ത് ഒരു കല്ലത്താണി കാണാം.കുത്തി നിറുത്തിയ മൂന്നു കനത്ത കരി ന്കൽ 
പാളികൾക്കു മേൽ വിലങ്ങനെ വെച്ചിരിക്കുന്ന രണ്ടു കരിങ്കൽ പാത്തികൾ.അരയാൾ പൊക്കം.പത്തു പന്ത്റണ്ടു പേർക്ക് 
സുഖമായിരുന്നു സൊറ പറയാം.രാഷ്ട്റീയ നേതാക്കൾ ആരാധിക്കപ്പെടുന്നതും വധിക്കപ്പെടുന്നതും ഞാനവിടെ കണ്ടിട്ടുണ്ട്. 
ജവഹർ തിയേറ്ററിലെ ഉച്ചപ്പടത്തിലെ ഇക്കിളി രംഗങ്ങൾ പൊടിമീശക്കാരെ ആവേശിക്കുന്നത് ഞാനവിടെ 
കണ്ടിട്ടുണ്ട്.കുഞ്ഞോനേട്ടൻ,ഇറ്റാത്തേട്ടൻ,ഹോമിയോ ഡോക്ടർ(ഇങ്ങേർക്ക് ഇതിനപ്പുറം ഒരു പേരുണ്ടായിരുന്നോ 
ആവോ)പാപ്പച്ചേട്ടൻ എന്ന എന്റെ അപ്പച്ചൻ , എന്നിവരായിരുന്നു ഈ അത്താണിക്കമ്മററിയിലെ മൂപ്പന്മാർ.പിന്നെ അതാതു 
ദിവസത്തെ വിഷയങ്ങളിൽ ആസക്തരായി വന്നു കേറുന്ന നാട്ടു വഴിപോക്കർ. നികേഷും വേണുവും ചാനലുകളും ഇല്ലാതിരുന്ന 
അക്കാലത്ത് ഞങ്ങളുടെ രാഷ്ട്റീയ വിദ്യാഭ്യാസം നടന്നത് ഈ അത്താണിപ്പരിസരത്താണ്.

ഈ കല്ലത്താണിക്ക് പടിഞ്ഞാറായി ഞങ്ങളുടെ പുലിക്കോട്ടിൽ ഭവനം.രണ്ടു മുറിയിൽ തുടങ്ങി,സാമ്പത്തികമായി 
മെച്ചപ്പെടുന്നതിനനുസരിച്ച് ,തീവണ്ടിക്ക് ബോഗി ചേർക്കുന്നതു പോലെ മുറികൾ ചേർത്തെടുത്ത തേരട്ട വീട്.ഏറ്റവും മുന്നിൽ 
ഉമ്മറം.പിന്നിൽ അടുക്കളയും പര്യമ്പറവും.ഇടയിൽ പലപ്പോഴായി സ്ഥാനക്കയറ്റം കിട്ടിയ മൂന്നു മുറികൾ.ഉമ്മറ വാതിലിൽ 
നിന്നാൽ പര്യമ്പുറത്തിന് താഴെ വളർത്തു കോഴികൾ ചിക്കിപ്പരതുന്നതു കാണാം.നേർക്കു നേരെയാണ് വാതിലുകൾ. അതാണ് 
കുന്നംകുളത്തിന്റെ വാസ്തുശാസ്ത്റം.

ഇവിടെ നിന്ന് പതിനഞ്ചു മിനിറ്റോളം നടക്കണം അമ്മച്ചിയുടെ തറവാടായ നെയ്യൻ വീട്ടിലേക്ക്.കുന്നംകുളം-ഗുരുവായൂർ 
റോഡിലേക്കിറങ്ങി തെക്കോട്ടല്പം നടക്കുകയും ഒരു ചെറിയ കയറ്റം കയറുകയും ചെയ്താൽ കറുത്ത റോഡിനോട് പിണങ്ങിയൊരു 
ചെമ്മൺ പാത കിഴക്കോട്ടോടിപ്പോകും. ആർത്താറ്റ് വലിയ പള്ളിക്കു മുന്നിലെത്തിയൊന്ന് കുരിശ് വരച്ച് വലത് വശത്തെ പള്ളി 
മതിലിനോട് ചേർന്നത് താഴേക്ക് ഇറങ്ങിപ്പോകും.വെള്ളം കുത്തിയൊലിച്ചുണ്ടായ ചാലുകളാലും കുഴികളാലും സമൃദ്ധമാണ് ഇനിയും 
ടാറുടുക്കാത്ത ഈ വെട്ടുവഴി.പള്ളിമതില് വിട്ട് രണ്ടു വളവ് കഴിഞ്ഞാൽ നെയ്യൻ തറവാടിനു മുമ്പിലെത്തും.പഴയ മട്ടിവുള്ള 
പടിപ്പുരയുടെ പകുതി പ്റൗഡിയൊക്കെയുള്ള പഴകിയ പടി തുറക്കാം.ഒതുക്കുകളിറങ്ങി മുറ്റത്തേക്കെത്തുമ്പോൾ 
സർവ്വകോശങ്ങളേയും ഞാൻ ഒരു നാലാം വയസ്സുകാരനിലേക്ക് ഒതുക്കിയെടുക്കും. അപ്പോൾ വലതു വശത്തെ തൊഴുത്തിൽ നിന്ന് 
പച്ചച്ചാണകത്തിന്റേയും അയവിറക്കപ്പെടുന്ന വൈക്കോലിന്റേയും അടുപ്പമറിയിക്കുന്ന ഉംബേ വിളികളുടേയും കൂട്ടുഗന്ധം തഴുകാൻ 
വരും.
ഉമ്മറത്തിണ്ണക്കപ്പുറം ,തടിയൻ കട്ടിളപ്പടികളുള്ള ഭാരിച്ച പ്റധാന വാതിലിന് ഇടതു ചേർന്ന് ചുമരു ചാരി ,ചുവപ്പു നിറത്തിൽ 
ചിന്തേരിട്ടു മിനുക്കിയ തറയിലേക്ക് നീട്ടി വെച്ച മടിത്തട്ടിലേക്ക് ഞാൻ കയറിക്കിടക്കും.ചുളിവുകളുടെ ധാരാളിത്തം കൊണ്ട് 
സുന്ദരമായ വെളുത്ത സൗമ്യമുഖം ഒൗട്ട് ഓഫ് ഫോക്കസ്സിൽ പുഞ്ചിരിക്കും.അപ്പ്യച്ചിയമ്മയുടെ മറയ്ക്കാത്ത മാറിൽ നിന്ന് 
ചുക്കിച്ചുളുങ്ങിയിറങ്ങി ഫോക്കസിലേക്ക് വന്ന് രണ്ടു മുലക്കണ്ണുകൾ നെറ്റിയിൽ ഉമ്മ വെക്കും.അന്നേ തൊണ്ണൂറ് കഴിഞ്ഞിരുന്ന 
അവർ എപ്പോഴൊ കൂനിക്കൂനിയിറങ്ങിപ്പോയി ,ഒാർമ്മകളിൽ ഇല്ലാതെയായി.

നല്ല പൊക്കവും വല്ലാത്തൊരു ഗാംഭീര്യവുമുണ്ടായിരുന്ന , സഹോദരങ്ങളും മക്കളും പേരക്കുട്ടികളും നാട്ടുകാരും കൂട്ടുകാരും ഒക്കെ 
ഒരു പോലെ ഏട്ടൻ ഏന്നു വിളിച്ചിരുന്ന ,അമ്മച്ചിയുടെ അപ്പനായിരുന്നു വീട്ടിലെ കാരണവർ.അതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് 
ഒാർമ്മകളോ അടയാളപ്പടുത്തലുകളോ ഇല്ല. കൂട്ടത്തിൽ അങ്ങനെയും ഒരാളുണ്ടായിരുന്നു,അത്റ മാത്റം.കൂട്ടത്തിലൊരാൾ 
മാത്റമായിരുന്നു ,ഞങ്ങൾ അച്ചാച്ചൻ എന്നു വിളിച്ചു പോന്ന അമ്മച്ചിയുടെ ഒരേയൊരാങ്ങള.അദ്ദേഹത്തിന്റെ 
ഭാര്യയോടായിരുന്നു(ഞങ്ങൾ അവരെ അമ്മായി എന്നു വിളിച്ചു )ഞങ്ങൾ കുട്ടികൾക്ക് സ്വല്പമെങ്കിലും അടുപ്പം.അവർ പിന്നീട് 
പാമ്പു കടിയേറ്റ് നാട്ടു വൈദ്യന്റെ വിദഗ്ധചികിത്സയിൽ മരിച്ചു.

തറവാട്ടു വീട്ടിൽ പിന്നെ ബാക്കിയുള്ളത് ഞങ്ങളുടെ പ്റിയപ്പെട്ട അമ്മുവാണ്.അമ്മച്ചിയുടെ അമ്മ.താണ്ടക്കുട്ടി.എല്ലാവരും 
അമ്മുവെന്ന് വിളിച്ചു .കുന്നോളം സ്നേഹം തന്ന് ,ഒാർമ്മകളിൽ നിന്ന് ഏക്കറു കണക്കിന് തീറെഴുതിയെടുത്തത് 
അവരാണ്.കാതിൽ തോടകളൊക്കെയായി പിൻവശത്തേക്ക് വിശറിയിട്ട് മുണ്ടുടുത്ത് തൂവെള്ള റൗക്കയിട്ട് തെളിഞ്ഞ് നിലക്കുന്ന 
ബ്ളാക്ക് വൈറ്റ് ചിത്റം.പേരക്കുട്ടികളിൽ എന്നോട് പ്റത്യേകമായൊരടുപ്പം അമ്മുവിനുണ്ടായിരുന്നു.പഠിക്കാൻ മിടുക്കനായതു 
കൊണ്ടാണ് ഈ ഇഷ്ടമെന്ന് ഞാനും അമ്മച്ചിയും അഹങ്കരിച്ചിരുന്നു.പക്ഷേ തരം കിട്ടുമ്പോഴൊക്കെ അമ്മു തന്ന ഉപദേശം 
ഇങ്ങനെയായിരുന്നു-'മോൻ മിടുക്കനൊന്ന്വാവണ്ടാട്ടോ.ഒരു പാവായാ മതി.'(അതി)സാമർത്ഥ്യക്കാരനാവുന്നത് അത്റ നല്ല 
കാര്യമല്ലെന്നാണ് അമ്മുവിന്റെ വിശ്വാസം. അമ്മുവിന്റെ ഉപദേശം മനസ്സിലാക്കാൻ മാത്റം മിടുക്കൊന്നും 
എനിക്കൊരിക്കലുമുണ്ടായില്ല.അമ്മു പറഞ്ഞ പോലെ ഒരു പാവമാകാനും എനിക്കായില്ല.

ഇന്നത്തെപ്പോലെ അന്നും നല്ലൊരു തീറ്റക്കാരനായിരുന്നു ഞാൻ.അന്നത്തെക്കാലത്ത് ,ആ കുഗ്റാമത്തിന്റെ നില വെച്ച് 
ചെറിയൊരു പരിഷ്ക്കാരിയായിരുന്നു,അമ്മായി.നല്ല രസികൻ മസാലദോശയുണ്ടാക്കുമായിരുന്നു അമ്മായി.അന്ന് സാധാരണ 
വീടുകളിലൊന്നും ഉണ്ടാക്കാത്ത ഒരു വിഭവമാണ് മസാലദോശ.കുന്നംകുളം ടൗണിലെ ഭേദപ്പെട്ട കുറച്ചു ഹോട്ടലുകളിലാണ് അന്ന് 
മസാലദോശയും നെയ്റോസ്റ്റുമൊക്കെ കിട്ടുന്നത്.അത് കഴിക്കുന്നതാകട്ടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്റവും.
നെയ്യൻ വീട്ടിൽ മസാല മൊരിയുന്ന ദിവസം ആർത്താറ്റ് സെന്റ് തോമസ് സ്കൂളിലേക്ക് ഒരു ദൂത് വരും_.'സ്ക്കൂള് കഴിഞ്ഞട്ട് 
ഒന്നങ്ങട്ട് എറങ്ങണംന്ന് പറഞ്ഞൂ അമ്മു'
സെന്തോമസ് സ്കൂളിലായിരുന്നു അമ്മച്ചി പഠിപ്പിച്ചിരുന്നത്.ഞാൻ പഠിച്ചിരുന്നതും.മേരി ടീച്ചറോ ത്റേസ്യ ടീച്ചറോ ആയിരിക്കും 
ദൂത് കൊണ്ടു വരുന്നത്.

വേനലവധിക്കാലത്ത് പത്തോ പതിനഞ്ചോ ദിവസം അമ്മുവിന്റെ കൂടെ തറവാട്ടിൽ പോയി നിലക്കും.ഉത്സവം പോലെയാണ് ആ 
ദിവസങ്ങൾ .വേനലിൽ ദേഹം മുഴുവൻ കുരുകുരാ പൊന്തുന്ന ചൂടുകുരുവും (അയ്ച്ചൂടെന്ന് ലോക്കൽ ഭാഷ്യം.ഇപ്പോഴിത് അന്യം 
നിന്ന് പോയിരിക്കുന്നു.)അതിന്റെ ചൊറിച്ചിലും അത് മാന്തിപ്പൊളിക്കലും ശമനത്തിനായി തേങ്ങാവെള്ളത്തിൽ കുളിക്കലും (തേങ്ങാ 
വെട്ടുള്ളപ്പോൾ ചെമ്പ് കണക്കിന് തേങ്ങാവെള്ളമുണ്ടാവും.)കുളിക്കുമ്പോൾ കോപ്പക്കണക്കിന് തേങ്ങാവെള്ളം കുടിക്കലും പിറ്റേന്ന് 
വയറിളകിത്തൂറലും ഈ ഉത്സവദിനങ്ങളുടെ ഭാഗമാണ്.

കുറച്ചു പനകളും കുറേ തെങ്ങുകളും ധാരാളം കവുങ്ങുകളുമുള്ള വലിയൊരു പറമ്പായിരുന്നു അവിടെത്തേത്.വേനലിൽ ദിവസം രണ്ടു 
തവണ കൊട്ടത്തേക്കുണ്ടാവും.രണ്ടു കാളകൾ ചേർന്ന് കിണറ്റിൽ നിന്ന് വലിച്ചു കയറ്റുന്ന വലിയ കൊട്ടയിൽ നിന്ന് വെള്ളം 
ചാലിലേക്ക് ഒഴുക്കിവിടും.ഈ വെള്ളത്തിനെ ചാലുകളിലൂടെ വിളിച്ചു കൊണ്ടു പോയി വരമ്പൊതുക്കിയും വെട്ടിയും ഓരോ 
തെങ്ങിന്റേയും കവുങ്ങിന്റേയും മൂട്ടിലെത്തിക്കുന്നത് രസകരമായൊരു കലയാണ്.വെള്ളം തിരിക്കാൻ ഒരു 
കൂലിക്കാരനുണ്ടാവും.എന്നാലും ഞങ്ങൾ കുട്ടികൾ അതേറ്റെടുക്കും,സന്തോഷത്തോടെ ഊഴമിട്ടു ചെയ്യും. കൂലിക്കാരൻ പയ്യൻ ദിനേശ് 
ബീഢിപ്പുകയ്ക്കിടയിലൂടെ ഓരോ ഉത്തരവുകൾ തന്നു കൊണ്ടിരിക്കും.തേക്കുവെള്ളം ഒഴുക്കിക്കൊണ്ടു പോയ 
ചാലുകളിലൂടെത്തന്നെയാണ് പിന്നീട് ഞങ്ങളുടെ 'പാളത്തീവണ്ടികൾ ' പാഞ്ഞു പോകുന്നത്.കവുങ്ങിൻ പാളയിൽ ഒരാൾ 
പാളത്തണ്ടിൽ പിടിച്ച് കുന്തിച്ചിരിക്കും.ചിലപ്പോൾ ചമ്റം പടിഞ്ഞ്.നല്ലവണ്ണം പിടിച്ചിരിക്കണം.പാളയുടെ ഓലത്തുമ്പ് ഒന്നോ 
രണ്ടോ പേർ ചേർന്ന് പിടിക്കും.പിന്നൊരോട്ടമാണ്.ചാലുകളിലൂടെ,വരമ്പുകൾക്കു മുകളിലൂടെ,തിട്ടകൾ ചാടി ആ പാള 
വണ്ടിയങ്ങനെ പറക്കും.നല്ല വണ്ണം പിടിച്ചിരുന്നില്ലെങ്കിൽ മുട്ടു തട്ടി പൊട്ടും.ചിലപ്പോൾ തെറിച്ചും പോകും.പിന്നെ തെറിച്ചു 
വീണവൻ പാള വലിച്ചോടും.പാള കീറി ട്റൗസറും തേഞ്ഞ് ചന്തിയുരഞ്ഞു പൊട്ടി കളം വിടും ചിലർ. ഇന്നത്തെ റോളർ 
കോസ്റ്ററിന്റെ ഒരു തറപ്പതിപ്പാണ് ഈ പാളപ്പറക്കൽ.

വൈകുന്നേരം വെള്ളം തേവുന്നത് താഴത്തെ പറമ്പിലാണ്,താഴത്തെ കുളത്തോളം പോന്ന വലിയ കിണറ്റിൽ നിന്ന്..ആ തേക്ക് 
കഴിയുന്നതോടെ ഞങ്ങളുടെ കുളിയും കഴിഞ്ഞിരിക്കും.പിന്നെ അഞ്ചുമണിയോടു കൂടി 'നാലുമണിക്കാപ്പി' കുടിച്ചു കഴിഞ്ഞാൽ 
ഞങ്ങളുടെ വിളയാട്ടം ഉമ്മറത്തേക്കും മുറ്റത്തേക്കും മാറും.അപ്പോൾ തന്നെയാണ് അമ്മു ചിലപ്പോൾ നടത്താറുള്ള മിഠായി 
വിതരണം.മിഠായി എന്നു വെച്ചാൽ പനച്ചക്കരയുടേയോ കരുപ്പട്ടിച്ചക്കരയുടേയോ കഷണം. അന്ന് ഗാലക്സി കിറ്റ് കാറ്റ് 
മിഠായികളൊന്നും അണപ്പൽപോടുകളിൽ ഒളിച്ചു കളി തുടങ്ങിയിട്ടില്ല .അന്നത്തെ ആ ചക്കരത്തുണ്ടോളം വരില്ല ഇന്നത്തെ ഒരു 
കാൻഡിയും ചോക്ലേറ്റും.

കോണിപ്പടിക്കു ചുവട്ടിലായി നിരപ്പലകയിട്ടടച്ച പത്തായം പോലൊരു സംവിധാനത്തിലാണ് ചക്കരക്കുടങ്ങൾ 
സൂക്ഷിക്കുന്നത്.അറയിൽ അരയാൾ പൊക്കത്തിൽ നെല്ലു നിറച്ചിരിക്കും.നെല്ലിൽ പല കുടങ്ങളിലായി പലതരം ചക്കരകൾ 
,കുടപ്പുളി,പഴംപുളി എന്നിവ അരയോളം പൂഴ്ത്തി വെച്ചിരിക്കും. ചിലപ്പോൾ ചെറുപഴക്കുലകളും.നെല്ലിന്റെ നിരപ്പിന് മുകളിലാണ് 
നിരപ്പലകകൾ നിരത്തുന്നത്.താഴെ ഭാഗം വലിയ മരപ്പലകകൾ വെച്ച് അടച്ചിരിക്കുകയാണ്.നിരപ്പലകകളിൽ ഒന്നോ രണ്ടോ 
എപ്പോഴും മാറ്റിവെച്ചിരിക്കും.ഞങ്ങൾ കുട്ടികൾക്ക് നന്നായി ഒന്നു ചാടിയാലേ ആ ചക്കരപ്പൊത്തിലേക്കെത്തുകയുള്ളു. എന്നിട്ടും 
എന്നും ഒന്നോ രണ്ടോ തവണ വാനരന്മാർ ചക്കരക്കുടങ്ങളിൽ കയ്യിടുകയും ചക്കരത്തുണ്ടുകൾ മോഷ്ടിക്കുകയും ചെയ്തു 
പോന്നു.എപ്പോഴും അമ്മുപ്പോലീസ് കള്ളന്മാരെ പിടികൂടും,പക്ഷേ എല്ലായ്പ്പോഴും തൊണ്ടി മുതൽ വയറ്റിലേക്ക് മറയുന്നതു വരെ 
അറസ്റ്റ് വൈകിപ്പിക്കും.
പിന്നെ ചോദ്യം ചെയ്യലായി.
-ചക്കര കട്ട്വോ?
-ഇല്ലില്ല.....നുണയൻ കോറസ്സ്
-കട്ടത് കുറ്റം,കട്ടിട്ട് കട്ടില്ലാന്ന് പറേണത് വല്ല്യേ കുറ്റം.കക്കരുത്.തലപോയാലും നുണ പറയരുത്.ചെറുപ്പത്തിലന്നെ അതങ്ങട്ട് 
മനസ്സിലുറക്കണം. മനസ്സിലായോ?
-ഊൗൗം
-ഇനി നുണ പറയ്യോ?
-ഇല്ല
-കക്ക്വോ?
-ഏയ്.ഇല്ല.
അടുത്ത ദിവസങ്ങളിലും ഞങ്ങൾ ചക്കര കക്കും.പോലീസ് പിടിക്കും.'ഭേദ്യം' ചെയ്യും.
പിന്നേയും പല അവധിക്കാലങ്ങളിൽ ഞങ്ങൾ കള്ളനും പോലീസ് കളിച്ചു.
ഒരിക്കൽ അമ്മു പതിവു തെറ്റിച്ചു.എന്നെ മുറ്റത്തെ തെച്ചിച്ചോട്ടിലേക്ക് വലിച്ചു കൊണ്ടു പോയി.തെച്ചിയിൽ നിന്ന് ചെറിയൊരു 
കൊമ്പൊടിച്ച് തുടയിൽ രണ്ടു പെട,വളരെ വളരെ മൃദുവായിട്ട്.വേദനിച്ചില്ലെങ്കിലും ഞാൻ പേടിച്ചു പോയി.
- ന്റെ മോൻ മിടുക്കനൊന്ന്വാവണ്ട.ഒരു പാവായാ മതി.
അമ്മുവിന്റെ കണ്ണു നിറഞ്ഞിരുന്നു.ശബ്ദം വിറച്ചിരുന്നു

ഒരവധിക്കാലത്താണ് അമ്മു കിടപ്പിലായത്.ഞാനും അമ്മച്ചിയും കൂടെയുണ്ടായിരുന്നു.പിറ്റേന്ന് മറ്റു 
ബന്ധുക്കളെത്തി.സംഭവിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.ആളുകൾ വരുന്നു, പോകുന്നു. 
നെടുവീർപ്പിടുന്നു.ഒരനിശ്ചിതത്വം.നാലാം ദിവസമായപ്പോഴേക്കും പുതിയ സാഹചര്യങ്ങൾ ശീലമായി.കോണിക്ക് പുറകിലെ 
അറയിലിരുന്ന് ചക്കരക്കുടങ്ങൾ പ്റലോഭനം തുടങ്ങി.ഒരു നാലുമണി നേരത്ത് ഒരു തുണ്ടം കരുപ്പട്ടിച്ചക്കര കൈക്കലാക്കുകയും 
ചെയ്തു.

ഉണ്ടച്ചക്കരത്തുണ്ടും വായിലിട്ടു കൊണ്ട് ഞാൻ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു.ജനലിലൂടെ അമ്മുവിന്റെ മുറിയിലെ കുശുകുശുപ്പുകൾ 
കേൾക്കാം.ഞാൻ ചക്കരത്തുണ്ട് ഒതുക്കിക്കടിച്ചു. ചക്കരക്കഷണം വായിലിട്ടു കടിക്കുമ്പോൾ ചെവികളിൽ വൻ ശബ്ദങ്ങൾ 
മുഴങ്ങും. കട്ടെടുത്ത ചക്കരയാവുമ്പോൾ അതൊരു സ്ഫോടനത്തോളം വരും.ആ ശബ്ദം മറ്റുള്ളവർ കേട്ടാലോ എന്നു ഭയന്നാണ് 
ഈ ഒതുക്കിച്ചവക്കൽ. പെട്ടെന്ന് അകത്തെ മുറിയിൽ നിന്നും ഒരു കൂട്ടക്കരച്ചിലുയർന്നു.ഇതു തന്നെ തരം.ഇനിയിപ്പോ 
ശബ്ദമൊന്നും ആരും കേൾക്കില്ല.ഞാൻ ചക്കരത്തുണ്ടം ചറുപിറെ ചവച്ചു.അമ്മുവിന്റെ മുറിയിൽ നിന്നും ചിലരൊക്കെ 
പുറത്തേക്കിറങ്ങിവരുന്നുണ്ട്.അന്തം വിട്ടിരിക്കുന്ന എന്നോട് ആരോ പറഞ്ഞു....
-അമ്മു മരിച്ചു പോയി
വായിലെ ചക്കരത്തുണ്ടു മറന്നു ഞാൻ വാ പൊളിച്ചു.
-മരിക്ക്വേ?
-ആ.അമ്മു പോയി.
-പുവ്വേ? 
-അതേന്ന്.അമ്മു ഇനീല്ല.കുറച്ചു ദിവസായില്ലേ കെടക്കണൂ.

അപ്പോൾ അങ്ങനെയാണ് ആളുകൾ ഇല്ലാതാവുന്നത് .കിടന്നു കിടന്നങ്ങില്ലാണ്ടാവുകയാണ്.അങ്ങനെയായിരിക്കും അപ്പച്ച്യമ്മയും 
ഇല്ലാണ്ടായത്.കിടന്നുകൊണ്ടിരുന്നാലിങ്ങനെ ഇല്ലാണ്ടാവുമെങ്കിൽ എന്തിനാണിവരിങ്ങനെ കിടക്കുന്നത്.എന്തിനാണ് അമ്മുവിനെ 
കിടത്തിയത്.
അലിഞ്ഞു തുടങ്ങിയ ചക്കരത്തുണ്ട് വായിൽ കിടന്ന് കയ്ചൂ തുടങ്ങി.

ഉള്ളം വല്ലാതെ പിടച്ചു.അമ്മു അറിഞ്ഞിരിക്കുമോ എന്റെ ചക്കരമോഷണം.ഇല്ലാതാവുന്ന കിടപ്പിൽ എന്നെ 
ശകാരിച്ചിരിക്കുമോ,ശപിച്ചിരിക്കുമോ.'മോൻ മിടുക്കനൊന്നാവണ്ട.ഒരു പാവായ മതീട്ടാ ' എന്ന് ഉപദേശിച്ചിരിക്കുമോ.
ഞാൻ മുറ്റത്തേക്കിറങ്ങി .തെച്ചിയുടെ ചോട്ടിലേക്ക് നടന്നു.തെച്ചി നിറയെ പൂത്തുലഞ്ഞ് കിടന്നു.പച്ചയുടെ സൗമ്യത 
വളരെക്കുറവ്.ചുവപ്പിന്റെ രൗദ്റത നാലുമണി വെയിലിലും തിളച്ചു.

വായിലെ ചക്കരത്തുണ്ടുകളും നീരും കയ്പും തെച്ചിച്ചോട്ടിലേക്ക് വീണ്ടും വീണ്ടും തുപ്പി.കയ്പു നീരു തീരുന്നില്ല.എത്റ ആഞ്ഞു 
തുപ്പിയിട്ടും മനസ്സിലെ കുറ്റബോധം തെറിച്ചു പോകുന്നില്ല .

Saturday, 22 November 2014

നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ്

പഴയൊരു മഴക്കാലത്ത്
കലാലയപ്പറമ്പിന്റെ മൂലയില്‍
ആല്‍മരത്തിന്റെയുടലില്‍
അവന്റെ പേര്  വരഞ്ഞിരുന്നു
ഇനിയും കാണാമെന്ന് പിരിഞ്ഞിരുന്നു.

കടുത്ത മഴയിലവന്‍ പനിച്ചുവോ
അടുത്ത വേനലില്‍ പൊള്ളിയോ
ഉടലില്‍ പുതുപേരുകള്‍ ചേര്‍ന്നുവോ
പ്രണയപ്പുതുശാഖികള്‍ പൊടിച്ചുവോ
പ്രസ്ഥാനവേരുകള്‍ ആഴ്ന്നിറങ്ങിയോ  ?

ഇന്നലെ കലാലയത്തിന്  നൂറ്
ആല്‍മരത്തിന്റെ ഉയരങ്ങളില്ല
പച്ചയില്ല,ഒച്ചയില്ല,ഉച്ചയുടെ
പൊതിച്ചോര്‍ മണമില്ല
മുദ്രാവാക്ക്യങ്ങളുടെ സ്വാന്തനമില്ല
മുദ്ര വെക്കും രഹസ്യ ചുംബനമില്ല .
നോട്ടങ്ങളില്‍ പഴയ കനവുകളില്ല
നോട്ടു ബുക്കില്‍ പുതിയ കവിതകളില്ല .
പ്രാവുകളുടെ കുറുകലില്ല
പ്രണയത്തിന്റെ മുറുകലില്ല.

ആല്‍മരമൊഴിഞ്ഞ
ആസനക്കുഴിയില്‍
ഞെളിഞ്ഞിരിക്കുന്നുണ്ടൊരു
കോണ്ക്രീറ്റ് ദീര്‍ഘചതുരം
കൊത്തിവെച്ചിരിക്കുന്നു
ശതകത്തിന്റെ പൂജ്യങ്ങള്‍
കറുത്തു വരഞ്ഞ് പേരുകള്‍
മന്ത്രിയാകാം,തന്ത്രിയാകാം
മുന്തിയ ഏതോ കോന്തനാകാം.

സിമന്‍റ് കട്ടയ്ക്ക് പിന്നില്‍
നാണിച്ചു നില്‍ക്കുന്നണ്ടവന്‍
പഴയ,
നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ് .

Friday, 3 October 2014

പ്രണയവിരുദ്ധം


ഒറ്റപ്പെട്ട തുരുത്തിലേക്ക്
തെറ്റിപ്പോകുന്ന യാത്രയാണ് ,
പ്രണയം.

ഒരുമിച്ചിരുന്നു തുഴയുമ്പോഴും
ഇരുവശങ്ങളിലൂടെ ഒഴുകിത്തീരും
സ്വപ്‌നങ്ങള്‍.

നിറങ്ങള്‍ നിറഞ്ഞു നിറഞ്ഞ്
കറ പിടിച്ചൊരു ചിത്രം,
പ്രണയം.

ഒരുമിച്ചു വരയുമ്പോഴും
വര വളഞ്ഞു വികൃതം
കാന്‍വാസ്.

മസാലയേറിയേറി
മനം മടുക്കും പാഥേയം,
പ്രണയം.

വഴിയിലെനിക്കെരിയുമ്പോള്‍
നിനക്ക് പുളിയും ചവര്‍പ്പും.

കഥാപാത്രങ്ങളിറങ്ങിപ്പോയി
കഥയില്ലാത്ത നാടകം ,
പ്രണയം.

മത്സരിച്ചഭിനയിക്കുമ്പോഴും
കര്ട്ടന് പിന്നില്‍
നീയും ഞാനും ഒറ്റക്കൊറ്റക്ക്‌ .

വ്യാമോഹത്തെരുവില്‍
വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന
വഴിപോക്കന്‍ മാത്രം,
പ്രണയം.

രക്തസാക്ഷിപ്പുടവ പോലുമില്ലാതെ
പ്രണയം.

Wednesday, 1 October 2014

ചില കുള്ളന്‍ കവിതകള്‍


1
വേട്ടയാടപ്പെടുന്നത് വരെയുള്ള
അരക്ഷിതാവസ്ഥയാണ്,
സുരക്ഷിതത്വം

2
'താന്‍ പാതി ഞാന്‍ പാതി' പറഞ്ഞ്
പാതിയുടെ പകുതിപ്പാതിയും ചെയ്യാതെ
പതിരായിപ്പോയൊരു വചനം -ദൈവം

3
കത്തുന്ന പ്രണയം
കുത്തിക്കെടുത്തുന്ന
ആഷ്ട്രെയാണ് വിവാഹം.
ആഷ്ട്രെകള്‍ നിറയുമ്പോള്‍
വിവാഹം വിജയിക്കുന്നു.

4
നീതി തേടിയെത്തിയ പെണ്‍കുട്ടി
കോടതി വരാന്തയില്‍
ഇരട്ടപെറ്റു മരിച്ചു  .
കറുത്ത ഗൌണുകള്‍
ത്രാസ് കുലുക്കിച്ചിരിച്ചു .