1
മലയുടെ അങ്ങേ ചെരുവില്‍ നിന്നും വന്ന്‍
മഴയൊരു പുതുമഴ പെയ്യുന്നു .
മേഘങ്ങളെ വിട്ടു മേളത്തോടെ
മഴയൊരു പുതുമഴ പെയ്യുന്നു.
വേഴാമ്പല്‍ പക്ഷിക്ക് വരമായി വരവായി
ചെന്നം പിന്നം പെയ്ത് കന്നിമഴ .
നൂലു നൂലായി ഇറങ്ങി വന്നു മഴ
നൂറു നുറുങ്ങായി പതിക്കുന്നു
തുള്ളിക്ക് തുള്ളിയായ് പെയ്തു മഴ
തുള്ളിത്തുള്ളിയൊഴുകുന്നു .
നിറമൊന്നുമില്ലാതെ വന്നു മഴ
നിറമുള്ള ചാലുകളിലൊഴുകുന്നു
ചെഞ്ചോര വീണു തുടുത്ത മണ്ണ്
നിറം മങ്ങി മെല്ലെത്തെളിയുന്നു .
നേര്‍ത്തൊരു കാറ്റുമായി
നേര്‍ത്ത സംഗീതമായി
താഴ്വരയില്‍ മഴ പെയ്യുന്നു ..
മഴ കാത്തു നിന്നൊരെന്‍
വീടിന്‍റെ മുറ്റത്ത് , മനസ്സിന്നിറയത്ത്
മഴയുടെ സംഗീതം കേട്ടു മയങ്ങിയ
കവിയുടെ കവിതയില്‍ മഴ പെയ്യുന്നു
മഴയൊരു പൂമഴ പെയ്യുന്നു.
.
മണ്ണിന്നടിയിലുറങ്ങുന്ന വിത്തിനെ
മഴ മുത്തം നല്‍കിയുണര്‍ത്തുന്നു.
നാമ്പിനു പിന്നിലും നാമ്പുണര്‍ന്നു്
നാടാകെ പച്ചപ്പണയുന്നു.
കൂര്‍ത്ത മുനയുള്ള കല്ലുകളെ മഴ
പുഴയുടെ തട്ടിലുരുട്ടിവിട്ടു .
പുഴയുടെ മടിയിലുരുണ്ടുരുണ്ട്,കല്ലിന്‍
മുനയാകെ മെല്ലെ മിനുങ്ങുന്നു .
കല്ല് പൊടിഞ്ഞ്,പൊടിയടിഞ്ഞു,മഴ
കരയാകെ പൂഴി വിരിക്കുന്നു .
പൂഴിയില്‍ കുഞ്ഞിക്കാല്‍ വെച്ചു വെച്ചെന്‍
കുട്ടികളാര്‍ത്തലച്ചെത്തുന്നു,പുതു -
മഴയില്‍ തലയാകെ നനയുന്നു .
ഒറ്റക്കുടക്കീഴില്‍ നിന്ന് കൊണ്ട്
രണ്ടു പേര്‍ മൂന്നു പേര്‍ കൂട്ടുകാരായ്
കൂട്ടത്തില്‍ ചേര്‍ന്ന്‍ ചിലച്ചു കൊണ്ട്
മഴയൊരു കുറുമ്പനായ് കൂടുന്നു .
2
ചെന്നം പിന്നം പിന്നെ പെയ്തു പെയ്തു മഴ
അഴകൊഴപ്പെരുമഴ പെയ്യുന്നു .
നാമ്പിനു പിന്നിലും നാമ്പൊടിഞ്ഞു
പിന്നത്തെ മഴയിലൊലിച്ചും പോയ് .
കൂര്‍ത്ത മുനയുള്ള കല്ലുകളെ ,മഴ
മലയുടെ മോളീന്നുരുട്ടി വിട്ടു .
വഴിയായ വഴിയൊക്കെ കല്ല് നിറഞ്ഞ,തിന്‍
മുന കൊണ്ടെന്‍ കാലടി വിള്ളുന്നു..
പനി വന്നു തുള്ളി വിറച്ചോരെന്‍ കുഞ്ഞുങ്ങള്‍
മൂടിപ്പുതച്ചു മയങ്ങുന്നു .
കാറ്റടിച്ചു മഴ കേറി വന്നു
കവിയുടെ പാട്ടുകള്‍ നനക്കുന്നു .
3
പെയ്തു പെയ്തൊരു നാള്‍ മഴ പോകുന്നു
വെയില് കനക്കുന്നു ,മണ്ണ് കരിയുന്നു .
എവിടെയാ പച്ചപ്പ് ?
എവിടെന്‍റെ കുട്ടികള്‍?
എവിടെന്‍റെ കൂട്ടുകാര്‍ ?
എവിടെന്‍റെ മഴയില്‍ കുതിര്‍ന്നൊരു
വെയിലില്‍ മൊരിഞ്ഞൊരു ഗീതങ്ങള്‍ ?
എവിടെന്‍റെ മഴയുടെ സംഗീതം?