Tuesday, 30 September 2014

പേടിയാണ്

അക്ഷരങ്ങള്‍ക്ക്   അറസ്റ്റ് വാറന്റ്
കവിതള്‍ക്ക്  കയ്യാമം .
ചമത്ക്കാരങ്ങള്‍  ചികയാന്‍
പോലീസ്.
സൂചനകള്‍ മണക്കാന്‍
നായ്ക്കളും.
പേടിയാവുന്നു,
എഴുത്തൊക്കെ നിറുത്തണം.

പുറത്തേക്കിറങ്ങാറില്ല
പുറത്തേക്ക് നോക്കാറില്ല
പുരക്കകത്ത് കണ്ണ് തുറക്കില്ല
കാഴ്ചകള്‍ കയറിക്കത്തി
കവിതയായാലോ ,പേടിയാണ് .

കാതുകള്‍ കുഴപ്പിക്കാറില്ല.
കോമഡി,സീരിയല്‍
ഭക്തിഗാനക്കൂട്ടുകൊണ്ട്‌
കൊട്ടിയടച്ചിട്ടുണ്ട് .
സേതുമോളിന്നലെ അലറിക്കരഞ്ഞത്‌
സത്യം,ഞാന്‍ കേട്ടിട്ടില്ല.

മുഖം കാണിക്കാറില്ല
മുഖപുസ്തകത്തില്‍ പോലും.
മുമ്പെഴുതിയതിനാരെങ്കിലും
മുഖമടച്ചടിച്ചാലോ .
പേടിയാണ് സുഹൃത്തേ .

തലച്ചോറിന്നലെയും
കുടഞ്ഞു കളഞ്ഞതാണ്.
എന്നും രണ്ടു തവണ
കുടഞ്ഞു കളയുന്നതാണ്.
എന്നിട്ടും ,
തല ചൊറിഞ്ഞെത്തുകയാണ്
തല തെറിച്ച വാക്കുകള്‍.
പേടിയായിട്ടു വയ്യ.