വല്ലഭയുടെ ചൂലും രാമൻനായര് മാഷും
ആർത്താറ്റു നിന്നും കിഴക്കോട്ട് നടക്കുന്ന നാട്ടിടവഴി അത്ര ചന്തക്കാരിയൊന്നുമല്ല. പാവപ്പെട്ടൊരു നാട്ടു പെണ്ണിൻ്റെ പങ്കപ്പാടുകളുടെ അടയാളങ്ങളൊക്കെ അവളിലുണ്ട്. ( ഇപ്പോളവൾ കറുത്ത ജീൻസൊക്കെ ഇട്ടു തുടങ്ങിക്കാണും.) ചീരംകുളങ്ങരയിലെ നെൽവയലുകൾക്കിടയിലൂടെ പുളഞ്ഞ് വളഞ്ഞ് ചിരംകുളങ്ങര ഭഗവതിക്കു മുന്നിൽ അവൾ അഭയം പ്രാപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ വയലുകളിലും അപ്പുറത്തെ തോട്ടിലും മണ്ണിരകളെ കോർത്ത ചൂണ്ടക്കൊളുത്തുകൾ നിക്ഷേപിച്ച് ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട് ഞാൻ .ഭഗവതിയുടെ ക്ഷേത്ര മൈതാനത്ത് നാല്പതിൽപ്പരം ആനകളോടെയാണ് പൂരം. കരിങ്കാളിയും മൂക്കാം ചാത്തനുമൊക്കെയുള്ള ഉത്സവം. വലിയ ക്ഷേത്ര മൈതാനത്ത് നിന്ന് കിഴക്കോട്ട് ടാറ് പുതച്ചിറങ്ങുന്ന റോഡിലൂടെ ആനായ്ക്കലെത്തിയപ്പോൾ എനിക്ക് സംശയമായി ,ബസ് കാത്തു നില്ക്കണോ നടക്കണോ?ബസ് സ്റ്റോപ്പിനപ്പുറത്തെ ചായക്കടയിൽ നിന്നൊരു വൃദ്ധൻ ഞാൻ സഹായിക്കണോ എന്ന മട്ടിൽ എത്തി നോക്കുന്നുണ്ട്.
_ഈ രാമൻനായര് മാഷിൻെറ വീട്ടിലേക്ക്?
_പാലിയത്തേക്കാലേ? മാഷിന് ചെറിയ വയ്യായ്കയൊക്കേ ണ്ട്. കിടപ്പൊന്ന്വല്ല.അപ്പൊ ആരാ ?
-മാഷ് പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോ മെഡിസിന് പഠിക്കുന്നു
-താനിപ്പോ ബസ്സൊന്നും കാത്തു നില്ക്കണ്ട. അങ്ങട്ട് നടന്നോളൂ.ഒരു പതിനഞ്ച് ഇരുപത് മിനിട്ട് .അവിടെ ഇടത്തായിട്ടൊരാലുണ്ട്. ആലിൻ്റെ സൈഡുക്കൂടങ്ങട്ട് അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ്. അത് മണ്ണുവെട്ടോഴിയാ.
അടുത്ത അര മണിക്കൂർ നേരത്തേക്കുള്ള അദ്ധ്വാനമാണ് കാർന്നോര് സൂത്രത്തിൽ പ്രിസ്ക്രൈബ് ചെയ്യുന്നത്.
എട്ട് ബി യിലെ ആദ്യ പിരീയഡിൽ രാമൻ നായർ സാറാണ് ക്ലാസിലേക്ക് വന്നത്.കയ്യിൽ പുസ്തകമില്ല. ചൂരൽ വടിയില്ല. വലത് കയ്യിൽ പൊട്ടിയ ചോക്കും ചോക്കു പൊടി വെളുപ്പിച്ച വിരൽത്തുമ്പുകളും. ആദ്യമായിട്ടാണ് മാഷ് ഞങ്ങൾക്ക് ക്ലാസ്ലെടുക്കാൻ വരുന്നത്.വെളുത്ത ഖദർ മുണ്ട്. ഖദർ ജുബ .അതിനേക്കാൾ വെളുത്ത തലമുടി.ചെരുപ്പില്ലാതെ തറയിലുറച്ച് പരുക്കൻ പാദങ്ങൾ. വലതു കയ്യിലെ കാലൻ കുട മണ്ണിനെ കുത്തിയുണർത്തി കൂടെയുണ്ടാവും. ഖദർ മുണ്ടിന്റെ കോന്തല ഇടതു കക്ഷം മണപ്പിക്കാൻ കയറിയിട്ടുണ്ടാവും.പരുക്കൻ ശബ്ദം. അവിവാഹിതനായ മാഷിന്റെ ശരീര ചലന വ്യാകരണങ്ങൾ ഒരൊറ്റയാന്റെയായിരുന്നു.ക്ലാസെടുക്കുന്നത് ആദ്യമായിട്ടായിരുന്നെങ്കിലും മാഷ് ഞങ്ങൾക്ക് പണ്ടേ മനപ്പാഠമായിരുന്നു.പാഠപുസ്തകത്തിൻ്റെ സിലബസ് ചട്ടകൾ കീറിക്കളഞ്ഞ് രാമായണത്തിൻ്റേയും മഹാഭാരതത്തിന്റെയും ഐതിഹ്യമാലയുടെയും കഥാമൈതാനങ്ങളിലേക്ക് ഞങ്ങളെ കൊണ്ട് പോയത് മാഷാണ്.
ചാഞ്ഞ് തുടങ്ങുന്ന ഉച്ച സൂര്യനോട് കുട നിവർത്തിപ്പൊരുതി പാലിയത്ത് വീട്ടിലെത്തുമ്പോൾ വെയിൽ പൂർണ്ണമായും കീഴടങ്ങിക്കഴിഞ്ഞിരുന്നു.പാലിയത്ത് വീടിൻ്റെ മരപ്പടി മെല്ലെത്തുറന്ന് മുറ്റത്തേക്ക് കയറി. മാഷ് വലിയൊരു പ്ളാസ്റ്റിക്ക് ബക്കറ്റിൽ നിന്ന് ചെടികൾക്ക് കോപ്പക്കണക്കിന് വെള്ളം വീതം വെക്കുകയാണ്.തിരിച്ചറിയുമോ എന്ന് സംശയിച്ചു നില്‌ക്കെ മാഷിൻ്റെ പരുക്കൻ ശബ്ദം വന്നു.
-ഏയ് മോഹനോ? വാ വാ
നഗ്നവും പരുഷവുമായ കാലടികൾ കഴുകി മാഷ് ഉമ്മറത്തേക്ക് കയറി.
ചെറിയ ഓടിട്ട വീട് വലിയ വരാന്തയിലേക്ക് വിനീതനായി ക്ഷണിച്ചു. മാഷിൻ്റെ പിന്നാലെ വരാന്തയിലേക്ക് കേറിപ്പോകവേ വെളുമ്പിപ്പൂച്ചയും മ്യാവോയെന്ന് സ്വാഗതം പറഞ്ഞു.
ചിന്തേരിട്ടു മിനുക്കിയ കറുത്ത ഉമ്മറത്തിണ്ണയിൽ ഞാനിരുന്നു.റെഡോക്സൈഡിൽ മിനുങ്ങിയ തറ ചുവന്ന ചുണ്ടുകൾ കൊണ്ട് പാദങ്ങളിൽ തണുത്ത ചുംബനങ്ങൾ തന്നു കൊണ്ടിരുന്നു. ഏതെങ്കിലും അസുഖത്തിന്റെ അടയാളങ്ങളൊന്നും മാഷിൽ ഞാൻ കണ്ടില്ല.സുഖമല്ലേ എന്ന് ചോദിച്ച് അന്തരീക്ഷം അസുഖകരമാക്കാൻ ഞാൻ തുനിഞ്ഞുമില്ല. മതാപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും മാഷ് വിശദമായി അന്വേഷിച്ചു.മെഡിക്കൽ കോളേജ് വിശേഷങ്ങളിലൂടെയും ബഥനി സ്ക്കുളിന്റെ വരാന്തയിലൂടെയും സ്റ്റാഫ് റൂമിലൂടെയും ഞങ്ങൾ മെല്ലെ നടന്നു.കവനകൗതുകം മാസികയിൽ ശ്ളോകപൂരണത്തിന് സമ്മാനം കിട്ടിയത്,ലെപ്രസി കൗൺസിലിന്റെ ഉപന്യാസമത്സരത്തിലെ അഞ്ഞൂറു രൂപ അവരുടെ ഫണ്ടിലേക്ക് നല്കി മിണ്ടാതിരുന്നത്,പത്തിലെ വെക്കഷൻ ക്ളാസ് സമയത്ത് ഇംഗ്ളീഷ് സംസാരിക്കാൻ വിസമ്മതിച്ചതിന് പുറത്താക്കപ്പെട്ടത് ,വീട്ടിൽ അറിയിക്കാതെ ഒരു മാസം കുന്നംകുളം അങ്ങാടിയിൽ കറങ്ങി നടന്നത്.(ഇംഗ്ളീഷ് മീഡിയം സ്ക്കൂളിലെ നിർബന്ധിത ഇംഗ്ലീഷ് സംസാരത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്) അങ്ങനെ എന്തൊക്കെയാണ് മാഷ് ഓർത്തെടുത്തത്. ഞാനൊരിക്കലും രാമൻ നായരു മാഷുടേയോ മറ്റ് അദ്ധ്യാപകരുടേയോ നല്ല കുട്ടിയായിരുന്നില്ല.എല്ലാ അധികാരസ്ഥാനീയരിൽ നിന്നും വഴി മാറി നടന്ന എന്റെ ജീനുകൾ അദ്ധ്യാപകരിൽ നിന്നും അകലം അളന്നു വെച്ചിരുന്നു.എന്നിട്ടും ഇത്രയൊക്കെ പൊതു ഓർമ്മകൾ എനിക്കും മാഷിനും ഇടയിലുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി.സംസാരിച്ചു കൊണ്ടിരിക്കെ പഴയ ഒറ്റയാൻ ഗൗരവം മാഷിൽ നിന്ന് ചോർന്ന് പോകുന്നു.ചിലപ്പോളൊക്കെ ഭാഷ മൗനമാകുന്നു.
അങ്ങനെയൊരു മൗനത്തിൻ്റെ ഇടവേളയിൽ ഞാൻ ബഥനി സെൻറ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ ഒമ്പതാം ക്ളാസിലെ രണ്ടാം വരിയിലെ ബെഞ്ചിൽ ചെന്നിരുന്നു. മാഷ് പാഠപുസ്തകത്തിന് പുറത്ത് മേയുകയാണ്.ശ്രീരാമനും സീതയും വനവാസത്തിലാണ്.മാരീചൻറ മാൻ രൂപത്തിൽ മോഹിച്ച് സീത ലക്ഷ്മണരേഖ വിട്ട് പോയിരിക്കുന്നു. വിവരമറിഞ്ഞ് രാമൻ ഒരു ദർഭപ്പുല്ലെടുത്ത് മാരീചനെ അമ്പെയ്യുന്നു.മാഷിൻ്റെ കരകര പ്രിയ ശബ്ദത്തിൽ കവിത.
വല്ലഭനു പുല്ലുമായുധം
എന്റെ തലച്ചോറിലെ ഏതോ തലതെറിച്ച കോശം ഉച്ചത്തിൽ പ്രതിവാചകം ചൊല്ലി.
വല്ലഭക്ക് ചൂലുമായുധം
അനിച്ഛാപൂർവ്വമായ പ്രതികരണമായിരുന്നു അത്.ഞാൻ തന്നെ അന്തം വിട്ടു പോയി.ബ്ളാക്ക് ബോർഡിന് മുന്നിൽ മാഷ് അന്തിച്ച് നില്ക്കുന്നു.ക്ളാസ് നിശബ്ദം.ചെയ്തത് തെറ്റോ ശരിയോ എന്നറിയാതെ ബോധം കണ്ണടച്ചു തല കുനിച്ചു നിന്നു.മാഷ് ചോക്ക് മേശമേൽ വെച്ച് കയ്യിലെ വെളുത്ത പൊടിയിയൊക്കെ തട്ടിക്കളഞ്ഞ് അടുത്തേക്ക് വരുന്നു.
'- ഒന്നു കൂടി ചൊല്ലെടോ ആ മഹാകാവ്യം.'
ദൈവമേ,മാഷ് കൊടിയ ഗൗരവത്തിലാണ്.എങ്ങനെ ചൊല്ലാൻ?പേടിച്ചു വിറച്ച തലച്ചോറ് ആ മഹാമണ്ടത്തരം എപ്പോഴേ ഉപേക്ഷിച്ചതാണ്.
ഇപ്പോൾ മാഷിന്റെ കൈകൾ എന്റെ രണ്ടു കവിളുകളേയും പിടിച്ചു വലിച്ച് തിരിക്കുകയാണ്.മാഷ് അപൂർവ്വമായി പ്രയോഗിക്കുന്ന പേറ്റൻടഡ് പിഢനമുറയുടെ ആരംഭമാണിത്.കവിളുകൾ വേദനിച്ച് ചുവക്കുന്നുണ്ടാവും. പീഡനം അടുത്ത ഘട്ടത്തിലേക്ക് എപ്പോൾ കടക്കുമെന്ന അനശ്ചിതത്വമാണ് ഈ വേദനയേക്കാൾ വലിയ തൊന്തരവ്.കവിളുകളങ്ങനെ വലിച്ച് വലിച്ച് പെട്ടെന്ന് മാഷിൻ്റെ കൈകൾ അകന്നു മാറുന്നു.പിന്നെ അതിനേക്കാൾ പെട്ടെന്ന് കവിളത്ത് തിരിച്ചു വന്ന് വീഴുന്നു.പെടേ'. കവിളുകളിൽ നിന്ന് പറന്ന് പൊങ്ങിയ പൊന്നീച്ചകൾ കണ്ണുകളിലെ പുതിയ തടാകങ്ങളിൽ ചെന്ന് വീഴുന്നു.
ശിക്ഷ കഴിഞ്ഞു.നായര് മാഷ് ബ്ളാക്ക് ബോർഡിലേക്ക് തിരിച്ചു നടന്നു .ഞാൻ ബെഞ്ചിൽ തരിച്ചിരുന്നു. മാഷ് ക്ളാസിനേയും കൊണ്ട് വനവാസത്തിലേക്കും മാരീചനിലേക്കും പോയി. എൻ്റെ ബോധത്തിലേക്ക് വല്ലഭനും വല്ലഭയും ചൂലും ഒരുമിച്ചു വന്നു.
മലയാളം പാഠാവലിയുടെ ആദ്യ താളിൽ ഞാനെൻ്റെ സങ്കടം കുടഞ്ഞിട്ടു.
വല്ലഭന് പുല്ലുമായുധം
ചൊല്ലിത്തരുന്നു നായര്
വല്ലഭക്ക് ചൂലുമായുധം
ചൊല്ലിപ്പോകുന്നു ഞാനും
കവനമെന്നൊരീക്കുറുമ്പ്
കവിളത്തടിക്കുള്ള കാര്യമോ?
മലയാളം ടെക്സ്റ്റ് ബുക്കിൻ്റെ ഒന്നാം പേജിൽ രോഷത്തോടെ അപ്പോൾ തന്നെ കുറിച്ചിട്ട വരികളിൽ നിന്ന് പിന്നീട് നായരെ വെട്ടി മാറ്റി മാഷ് എന്നാക്കി.
_വാടോ, നമുക്ക് തൊടിയിലൊന്ന് കറങ്ങി വരാം.
മാഷെന്നെ എട്ടാം ക്ളാസിൽ നിന്നും വിളിച്ചിറക്കി. തൊടിയിലേക്ക് നടക്കുമ്പോൾ സമാധാനത്തിൻ്റെ വെള്ളവാൽക്കൊടി പൊക്കിപ്പിടിച്ച് വെളുമ്പിച്ചൂച്ചയും കൂടെ വന്നു. പറമ്പിലില്ലാത്ത മരങ്ങളില്ല. കാററിൽ കലങ്ങാത്ത ഗന്ധങ്ങളില്ല. മാമ്പഴത്തിൻ്റെ, ചക്കയുടെ, കശുമാങ്ങയുടെ, ചാമ്പയുടെ. പഴങ്ങൾ തിന്നു മദിച്ച കിളികൾ നന്ദി വാക്കുകൾ ചിലയ്ക്കുന്നുണ്ട്.
_പറമ്പിലിങ്ങനെ നടക്കുമ്പോൾ ഒരു സുഖാണ്. അസുഖോം വിഷമോം ഒക്കങ്ങട്ട് മറക്കും. തനിക്ക് മാങ്ങയിഷ്ടാണെങ്കിൽ അതിൽ നിന്ന് രണ്ടു മൂന്നെണ്ണം പറിക്കാം .
മാഷ് വലത്തോട്ടിയെടുത്ത് പൊക്കാൻ തുടങ്ങിയപ്പോൾ ഞാൻ വിലക്കി.
-വേണ്ട, മാഷേ ഞാൻ പറിച്ചോളാം.
-ഏയ് ,അത്രക്കസുഖമൊന്നുമില്ലെടോ
മൂന്ന് മൽഗോവ സുന്ദരികളെ മാഷ് വലയിലാക്കിക്കഴിഞ്ഞു.ഒരര മണിക്കൂറോളം ഞങ്ങൾ അവിടെ കറങ്ങി നടന്നു. മാഷ് പറഞ്ഞത് ശരിയാണ്. ഈ മരങ്ങൾക്കിടയിലൂടെ ഇങ്ങനെ നടക്കുമ്പോൾ എന്തൊരു സുഖമാണ്. തിരിച്ച് ഉമ്മറത്തിണ്ണയിലെത്തുമ്പോൾ മൂന്നു മൽഗോവയും കുറച്ചു പേരക്കയും കുറേ ചാമ്പക്കയും കയ്യിലുണ്ടായിരുന്നു.മാഷ് അകത്ത് നിന്ന് കത്തിയെടുത്തു കൊണ്ടുവന്ന് ഒരു മാങ്ങ തോല് ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി പൂളിയിട്ടു.ഞാൻ മാഷെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഇല്ല, മാഷിന് അസുഖങ്ങളൊന്നുമില്ല. നാട്ടുകാർ ഓരോന്ന് പറഞ്ഞ് പരത്തിക്കോളും.
-ബഥനീന്ന് ടീച്ചർമാര് വന്നിരുന്നു. കുട്ടികളാരും അങ്ങനെ വന്നില്ല. താനാണ് വന്നത്. താൻ മാത്രം. അല്ലെങ്കിൽ താനാണ് ആദ്യം വന്നത്.
പൂളി വീഴുന്ന മൽഗോവക്കഷ്ണങ്ങൾക്കൊപ്പം മാഷിൻ്റെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീഴുന്നു.പണ്ട് ക്ളാസ് മുറിയിൽ കേട്ട ശബ്ദമല്ല ഇത്.
_മാഷൊറ്റക്കാണോ ഇപ്പോ?
_എനിക്കെന്തിനാടോ കൂട്ട്? ഞാനായിട്ട് ഒരു കൂട്ടുണ്ടാക്കീട്ടൂല്ല്യാ. രാത്രി ഒരു കാർന്നോര് വന്ന് കിടക്കും. ചില കുടുംബക്കാരുണ്ട് അടുത്ത് .ഭക്ഷണം അവര് കൊണ്ടുവരും.പിന്നെ ഇത്രേം മാങ്ങേം ചക്കേം ചാമ്പേം ഉള്ളപ്പോൾ വേറെ ഭക്ഷണം എന്തിനാ?ആ ചിലച്ചു കൂട്ടുന്ന കിളികളില്ലേ, അവരുടെ കൂടെ ഞാനും കഴിക്കും.
കിളികളെല്ലാം ചേക്കേറിക്കഴിഞ്ഞെന്ന് ഉറപ്പ് വരുത്തിയ ഇരുട്ട് അകത്ത് കടക്കാൻ അനുവാദം ചോദിച്ച് പടിക്കൽ എത്തിയിട്ടുണ്ട്.മാഷ് പഴങ്ങളെല്ലാം സഞ്ചിയിലാക്കിത്തന്നു.
-ഇരുട്ടായിത്തുടങ്ങി.താനിറങ്ങിക്കോ. അങ്ങട്ട് എത്തണ്ടേ .
മാഷ് പടിക്കലോളം കൂടെ വന്നു. നന്നായി പഠിക്കണമെന്നും ഇനിയും എഴുതണമെന്നൊക്കെ വാത്സല്യത്തോടെ ഉപദേശിച്ചു.പിന്നെ വിറയ്ക്കുന്ന പരുക്കൻ കൈകളിൽ എൻ്റെ മുഖം കോരിയെടുത്തു.
മാഷിൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .അത് കാണാനുള്ള വെളിച്ചമൊക്കെ ഇരുട്ട് ബാക്കി വെച്ചിരുന്നു. ഞാൻ എഴുത്തെല്ലാം മാഞ്ഞു പോയ സ്ളേറ്റ് പോലെ അദ്ദേഹത്തിൻ്റെ കൈകളിൽ ഒതുങ്ങി നിന്നു.ഞാൻ കരഞ്ഞില്ല. മനസ്സൊന്നു വിങ്ങിയതു പോലുമില്ല. മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് .ഇരുപത് വയസ്സാണ്. അതിൻ്റെ പാകതക്കുറവ് കൊണ്ടുള്ള കടുപ്പം മനസ്സിനുണ്ടായിരുന്നു.
പടിയിറങ്ങുമ്പോഴും ചെമ്മൺ വഴിയിലേക്ക് കയറുമ്പോഴും ഞാൻ തിരിഞ്ഞു നോക്കിയെന്നും അപ്പോഴും മാഷവിടെ നിറകണ്ണുകളോടെ നില്ക്കുന്നുണ്ടായിരുന്നു എന്നൊക്കെയെഴുതി ഞാൻ ഈ കുറിപ്പ് നീട്ടുന്നില്ല. രണ്ടാഴ്ച കഴിഞ്ഞ് വാരാന്ത്യ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അമ്മച്ചി പറയുന്നത് - നീ പോയി കണ്ടില്ലേ.. അവടന്ന് ഒരാഴ്ച തികഞ്ഞില്ല, രാമൻ നായർ മാഷ് പോയി. പഠിപ്പിച്ച പിള്ളേര് കുറേ വന്നിരുന്നൂത്രേ.
പണ്ട് കവിത ചൊല്ലിച്ചതിച്ച ശിരോകോശങ്ങൾ ഇപ്പോഴും എന്നെച്ചതിച്ചു.എന്റെ അനുവാദമില്ലാതെ അവയെന്റെ കണ്ണുകളെ നിറച്ചു.കവിളുകളെ നനച്ചു.ഇരുപത് വയസ്സിന്റെ മനക്കരുത്തൊന്നും ഇപ്പോഴെന്നെ സഹായിക്കുന്നില്ല. മാഷ് കവിളുകളിലെ നനവിൽ തലോടിക്കൊണ്ടേയിരിക്കുകയാണ്.