Thursday, 11 June 2015

ബുഷാറയും ബീരാനും



ബുഷാറയും ബീരാനും
----------------------------------

ആയിത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിനാലിലെ ഒരു   മാസാവസാനം.കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ കാഷ്വാലിറ്റി എമർജൻസി തിയേറ്ററിനു മുന്നിലെ  അഴുക്കും തിരക്കും നിറഞ്ഞ ഇടനാഴി.വർഷങ്ങളുടെ ചുമയും കഫവും കരച്ചിലും ശ്വസനങ്ങളും ശാസനകളും മരണങ്ങളും കുമ്മായവും കട്ട പിടിച്ച ചുമരിൽ ചാരി നില്ക്കുകയാണ് ബുഷാറ.ഇടത് ഒക്കത്തിരുന്ന് അവളുടെ കുഞ്ഞ്  സമൃദ്ധമായി ചിരിക്കുകയാണ്.

സന്ദര്‍ഭോചിതമാല്ലത്ത  ഒരു  ബ്ലാക്ക്  ആന്‍ഡ്‌  വൈറ്റ്  ഫ്ലാഷ്ബാക്കില്‍ 
കൊണ്ടോട്ടിയിലെ കുണ്ടനിടവഴികളിലൂടെ നടക്കുകയാണ്  ബുഷാറ.പച്ചപ്പാവാട.ക്രീം ഷർട്ട്.തല മറയ്ക്കാൻ വെള്ളത്തട്ടം.മിക്കവാറും ഒറ്റക്കാണ് കൊണ്ടോട്ടി എച്ചെസ്സിലേക്കുള്ള ഈ നടത്തം.കുറച്ച് നേരത്തേ ഇറങ്ങിയാൽ എട്ട് ബിയിൽ തന്നെ പഠിക്കുന്ന ഖദീജയും മുംതാസും മെയിൻ റോഡിൽ നിന്ന് കൂടെയുണ്ടാവും. മുംതാസ് ക്ളാസ്സിലെ സൗന്ദര്യറാണിയാണ്. അവൾക്കൊപ്പം ഒരു നോക്കു കുത്തിയായി നടക്കാൻ ചന്തവും നിറവും ഇല്ലാത്ത ബുഷാറ ഇഷ്ടപ്പെട്ടില്ല.എന്നും ബുഷാര അല്പം വൈകിയിറങ്ങി. രണ്ടു കൊല്ലം മുമ്പു വരെ തൊട്ടടുത്ത വീട്ടിലെ ബീരാൻ കൂടെയുണ്ടായിരുന്നു.രണ്ടു വയസ്സിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും പഠിപ്പിലെ മിടുക്കും ഇടക്കിടക്ക് വരുന്ന കഫക്കെട്ടും കാരണം  അന്ന് അവനും എട്ടിലായിരുന്നു.എട്ട്  ഏയിൽ.ബുഷാറ സീയിൽ.വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉമ്മ ഉറക്കെ വിളിച്ചു പറയും -ന്റെ ബുഷാരേനും കൂട്ടിക്കോട്ടാ ബീരാനേ.
ആ ആഴ്ചയിൽ കണ്ടതോ കേട്ടതോ ആയ സിനിമാക്കഥകൾ പറയും ബീരാൻ ,വഴി നീളെ. സിനിമാക്കഥകൾ തീർന്നു പോയാൽ ബീരാൻ കഥകളുണ്ടാക്കിപ്പറയും. സിനിമാക്കഥകളേക്കാൾ ബീരാൻ കഥകളെ ഇഷ്ടപ്പെട്ടു അവൾ.

അടുത്ത വർഷം  സ്കൂളിലേക്കിറങ്ങുമ്പോൾ ഉമ്മ ബീരാനെ വിളിച്ചു പറഞ്ഞു, ബീരാനേ,ഓള് ബല്ല്യ കുട്ട്യായില്ലേ.ഇനീപ്പോ ഒറ്റക്ക്  പൊക്കോളും.നീയോൾടെ കൂടെക്കൂടണ്ട. അന്ന് മുതൽ അവൾ പോയിക്കഴിഞ്ഞേ അവൻ ഇറങ്ങൂ.അവൾ മെല്ലെ നടന്നും അവൻ വേഗം നടന്നും സ്കൂളിലെത്തുമ്പോൾ അവർ ഒരുമിച്ചാവും.,ഒമ്പത് ഏയിലേക്കും ബീയിലേക്കും പിരിഞ്ഞ് പോകും.

സ്ഥലം കൊണ്ടോട്ടിയായിട്ടും ഏയും ബീയും സീയും ഒക്കെച്ചേർന്ന്  പത്താം ക്ളാസ്  ഒറ്റ ഡിവിഷനായി.രണ്ടു പേരും ഒരേ ക്ളാസ്  മുറിയിലായി.ഹാജർ പുസ്തകത്തിൽ ബുഷാറയും ബീരാനും അടുത്തടുത്തു കിടന്നു.ബീരാന്റെ മീശ കനത്തു.ബുഷാറയുടെ മാറ് നിറഞ്ഞു.അക്കൊല്ലം ബീരാനെ വിളിച്ച് അമ്മ കളിയാക്കി, ബീരാനേ നീയെന്തിനാണ്ടാ ഒൾടെ പിന്നാലെ ഇങ്ങനെ മണപ്പിച്ച് നടക്കണ്?അനക്കിത്തിരി നേരത്തങ്ങട്ട് പൊയ്ക്കൂടേടാ. പിന്നയങ്ങോട്ട് ബീരാൻ മുമ്പിലും ബുഷാറ പിന്നിലും ആയി നടത്തം.ഇടക്കിടക്ക് ബീരാൻ തിരിഞ്ഞ് നോക്കും,രക്ഷകർത്താവിന്റെ നോട്ടം.തല താഴ്ത്തി നിലം നോക്കി നടക്കുന്ന ബുഷാറ അപ്പോൾ തലയുയർത്തി മന്ദഹസിക്കും.കൊണ്ടോട്ടി ഗവേൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ടാം വർഷ ബിഏ ഹിസ്റ്ററി -ബിഏ മലയാളം ക്ളാസുകൾ വരെ അവരങ്ങനെ നടന്നു.ബീരാൻ മുന്നിൽ.ബുഷാറ പിന്നിൽ.ബസ്സിൽ ബീരാൻ പിന്നിലൂടെ കയറി, പിന്നിലൂടെയിറങ്ങി.ബുഷാറ മുൻ വാതിലിലൂടെയും.

ഡിഗ്രി രണ്ടാം വർഷമായപ്പോൾ ബീരാന്റെ അനിയത്തിക്കുട്ടിയുടെ കല്ല്യാണക്കാര്യം മുറുകി വന്നു.മീൻചന്തയിലെ ലേലം വിളിക്കാരന്റെ കൂലിയും ഒണക്കമീൻ സ്റ്റാളിൽ നിന്നുള്ള വരവും പോരാതെ വരുമെന്നായി ബീരാന്റെ ഉപ്പ.ക്ളാസ്  കഴിഞ്ഞ് മൂന്നരയോടെ,'ഉപ്പാന്റെ ചങ്ങായി'ഗൾഫുകാരൻ അബ്ദുട്ടി ഇട്ടു കൊടുത്ത ഫാൻസി സ്റ്റോഴ്സിന്റെ നടത്തിപ്പുകാരനായി ബീരാൻ.ബീഏ ഹിസ്റ്ററി കൊണ്ടൊന്നും കുടുംബം നടക്കില്ലെന്ന് ഉപ്പക്കറിയാം.ബീരാന് പണി പഠിക്കാനൊരവസരവും 'ഗൾഫുകാരൻ ചങ്ങായിക്ക്' മോളുടെ കല്ല്യാണസമയത്ത് ഉദാരമായി സഹായിക്കാൻ ഒരു വഴിയും ഒരുക്കുകയായിരുന്നു കുശാഗ്ര ബുദ്ധിയായ ഉപ്പ.

സ്ഥലക്കച്ചവടം തകൃതിയായി നടക്കുന്ന കാലമായതിനാൽ ബുഷാറയുടെ ഭൂമിക്കച്ചവട ബ്രോക്കറായ ഉപ്പക്ക്  കാശുകാലമായിരുന്നു.എന്നിട്ടും അവളുടെ പഠിപ്പ് ഡിഗ്രി രണ്ടാം വർഷം തീർന്നു.ചേച്ചി പ്രീഡിഗ്രി വരെയാണ് എത്തിയത്.രണ്ടനിയത്തിമാർ പഠിച്ചു വരുന്നു.

ഇടനാഴിയിൽ തിരക്കു കൂടിയിരിക്കുന്നു.നഴ്സുമാരുടേയും മറ്റും ഷിഫ്റ്റ് മാറുന്ന സമയമാണ്.രാത്രി ഷിഫ്റ്റുകാർ എത്തിത്തുടങ്ങി.ഇടനാഴിക്ക് പുറത്തെ ചെറിയ ഹാളിൽ ചിലപ്പോൾ ഒഴിഞ്ഞ  കസേര കാണും.ഞാൻ ബുഷാറയോട് അവിടെ അവിടെ ചെന്നിരുന്നു കൊള്ളാൻ പറഞ്ഞു.എത്ര നേരമാണ് കുഞ്ഞിനേയും ഒക്കത്തു വെച്ചിങ്ങനെ നില്ക്കുക.

ബുഷാറ ഹാളിലേക്ക്  നടന്നപ്പോൾ ഞാൻ തിയേറ്ററിനുള്ളിലേക്ക് കടന്നു.
-മോഹൻ സാറേ ബ്ളോക്ക്  ഉഷാറായിരിക്കണൂ.പേഷ്യന്റ് ഹാപ്പ്യാണ്     പെയിനൊന്നൂല്ല്യ.
അനസ്തേഷ്യ പീജി വേണു സന്തോഷത്തിലാണ്.

ഡോ.ഹരിയാണ്   കേസ് ചെയ്യുന്നത്.സർജറി പീജിയാണ് ഹരി. സാധാരണ ലിസ്റ്റിലൊക്കെ കേറി വരുമ്പോൾ വല്ലാതെ വൈകും.അതു കൊണ്ടാണ് അനസ്തറ്റിസ്റ്റായ എന്റേയും ഹരിയുടേയും ഡ്യൂട്ടി ഒത്തു വന്ന ദിവസം ,ഹരിയുടെ പരിചയക്കാരനായ ഈ രോഗിയെ രാത്റി ഡ്യൂട്ടിയുടെ മറവിൽ ഓപ്പറേറ്റ് ചെയ്യുന്നത്.ശസ്ത്രക്രിയ തുടങ്ങിയിട്ട് പത്തു മിനിറ്റേ ആയിട്ടുള്ളുവെങ്കിലും രോഗിയും നേഴ്സും ഞങ്ങളുടെ അനസ്ത്യേഷ്യ പീജി വേണുവും നല്ല കൂട്ടായിരിക്കുന്നു.ഇതാണ്  ഇത്തരം അനസ്തേഷ്യയുടെ ചാരുത.
വേണുവിനെ കേസേൽപ്പിച്ച് പുറത്തിറങ്ങുമ്പോൾ ഹരി വിളിച്ചു പറഞ്ഞു..
-ഇയാൾ സൈഗാളിന്റെ ആളാട്ടാ മോഹൻ സാറേ
കോഴിക്കോട് പ്രദേശത്ത് സർവ്വസാധാരണമായ ബാധയാണ് ഇത്.മെഹ്ബൂബ്,ബാബുക്ക,ഗുലാം അലി,പങ്കജ് ഉദാസ്.അങ്ങനെ ഒാരോരോ ബാധകളാണ് ഓരോരുത്തർക്കും.പലർക്കും കൂട്ട ബാധകളാണ്.ഹിന്ദി വായിക്കാനോ എഴുതാനോ അറിയാത്ത സാധാരണക്കാരൻ നല്ല ശുദ്ധമായി ഗസലും ക്ളാസ്സിക്കും പാടുന്നത് കോഴിക്കോടൻ മണ്ണിന്റെ പ്രത്യേകതയാണ്.കോഴിക്കോട്  വന്നു ചേരുന്നവരേയും ഈ അസുഖം പെട്ടെന്ന് ബാധിക്കും.അങ്ങനെ അസുഖബാധിതനായ ഒരു തൃശൂരുകാരനാണ് ഡോ.ഹരി.മെഡിക്കൽ കോളേജ് ക്ളാസ് റൂമുകളിൽ നിന്ന്  എം.ബി.ബി.എസ്  പഠിച്ചപ്പോൾ കാംപസിൽ നറ്യ സ്വ"lിന്നും കോഴിക്കോട്  സംഗീത സദസ്സുകളിൽ നിന്നും കവാലിയും ഗസലും പഴയ മലയാളം ക്ളാസ്സിക്കുകളും ആവാഹിച്ചു.പാട്ടുകൾ ഗംഭീരമായി ആസ്വദിക്കുകയും പാടുകയും ചെയ്യും ഹരി.

-ആണോടോ?താൻ സൈഗാളിന്റെ ആളാ?
ഞാൻ ഓപ്പറേഷൻ റൂമിന്റെ വാതിൽക്കൽ നിന്ന് വിളിച്ചു ചോദിച്ചു.

ഓപ്പറേഷൻ ടേബിളിൽ നിന്ന്  സോജാ രാജകുമാരി ഒഴുകി വന്നു.ചെറിയ കിതപ്പിന്റെ അകമ്പടിയോടെ.

ഓപ്പറേഷൻ റൂമിന്റെ വാതിലടച്ച് ഞാൻ ജാംനഗറിലെ ഗലിയിലേക്കിറങ്ങി.

ഞാൻ ഉത്തരേന്ത്യൻ സംഗീതത്തോടും തബലയോടും പ്രണയത്തിലാവുന്നത് ഗുജറാത്തിലെ ജാംനഗറിലെ ഗലികളിൽ വെച്ചാണ്.ഒഴിവ് ദിവസങ്ങളിൽ ഗലികളിലൂടെ എങ്ങോട്ടെന്നോ എപ്പോൾ പുറത്തു കടക്കാനാകുമെന്നോ അറിയാതെ അലയുമ്പോൾ വീടുകളിൽ നിന്ന് ,മുറികളിൽ നിന്ന്,ചായ്പുകളിൽ നിന്ന്, ഗസലുകളും   ഭജനുകളും ഒഴുകിവരും. ചായക്കടകളിൽ ഖവാലിയുടെ ഈണങ്ങൾ പതഞ്ഞുയരും.ഗുലാം അലിയും തലത് മെഹ്മൂദും പങ്കജ് ഉദാസും റാഫിയും കിഷോറും ലതാജിയും ഇറങ്ങി വന്നാശ്ളേഷിക്കും.അഴുക്കുകൾക്കും കാനകൾക്കുമിടയിൽ കസേരകളിലും സ്ററൂളുകളിലും വീഞ്ഞപ്പെട്ടിപ്പുറത്തുമിരുന്ന് സാധാരണക്കാർ  വാഹ് വാഹ് പറഞ്ഞു.ചായക്കട ചായ്പുകൾക്കു മുന്നിൽ വെയിലു കായുന്ന ബഞ്ചുകളിലിരുന്ന്  ജീവിച്ചു ജീവിച്ചു മുഷിഞ്ഞ ജീവിതങ്ങൾ സോജാ രാജകുമാരിയും ചുപ്കെ ചുപ്കെയും ഏറ്റു പാടി.

പുറത്തെ ഹാളിൽ കാര്യമായ തിരക്കില്ല.ബുഷാറയും കുറച്ചപ്പുറത്തായി  ഒരപ്പാപ്പനും അമ്മാമയും യുുവാവും വടക്കോട്ട് കുടിയേറിയ തെക്കൻ ഭാഷ സംസാരിക്കുന്നു. ബുഷാറ കുഞ്ഞിനുറങ്ങാനായി ഒരു താരാട്ട് കുടഞ്ഞു വിരിക്കുന്നുണ്ടെന്ന് തോന്നുന്നു.എന്നെക്കണ്ട് ,കുഞ്ഞിനേയും കൊണ്ടെണീക്കാൻ ബുദ്ധിമുട്ടിയ ബുഷാറയെ ഞാൻ നിർബന്ധിച്ചിരുത്തി.

-ഓൾക്കൊറങ്ങാനും ഒണരാനും കളിക്കാനും കരച്ചില് നിർത്താനും ഈ സോജാ പാട്ടു തന്നെ വേണം ഡോക്ടറേ.ബീരാനത് പാടി പാടി ഓൾക്കതന്നെ വേണംന്നായി. ഇപ്പ ബീരാന് അതങ്ങട്ട് പാടാനുള്ള പവറ് പോര.അപ്പ എന്നെ പഠിപ്പിച്ച് കള്ളക്കല്ല്യാണോം കഴിച്ച് താഴ്വാരത്തേക്ക്  ഒാടിപോന്നപ്പോൾ എന്റെ സങ്കങ്ങളൊക്കെ ബീരാൻ ഇങ്ങനെ പാടിയൊഴിപ്പിക്കാർന്നു.

അനിയത്തിയുടെ നിക്കാഹൊക്കെ ഭംഗിയായിക്കഴിഞ്ഞപ്പോൾ  ബീരാൻ അവന്റെ വീട്ടിലും ബുഷാറയുടെ വീട്ടിലും തന്റെ പൂതി പറഞ്ഞു.അത് പൊല്ലാപ്പായി.രണ്ടു കൂട്ടർക്കും എതിർപ്പ്.നാട്ടു നടപ്പ് വെച്ച് നിക്കാഹിനുള്ള  ചേർച്ചകൾ അവർക്കിടയിലുണ്ടായിരുന്നു.ഒരേ മതം.അതിലൊരേ സുന്നി.ബീരാന് രണ്ടു വയസ്സ് കൂടുതൽ.രണ്ടു പേർക്കും കാര്യമായ ചന്തമൊന്നുമില്ല.ബീരാൻ പഠിക്കുകയും പണിയെടുക്കുകയും ചെയ്യുന്നു.ബുഷാറ കഞ്ഞിയും കറിയും വെച്ച് വീട്ടിലിരിക്കുന്നു.അടുത്തടുത്ത വീടുകൾ.അതിലുമടുത്ത വീട്ടുകാർ.എന്നിട്ടും എതിർപ്പ്.കൊടിയ എതിർപ്പ് .

-പഠിക്കാൻ വിട്ടിട്ട്  നിങ്ങൾ സ്നേഹിച്ച് നാറ്റിച്ചല്ലോ കുരുപ്പോളെ

സ്നേഹമായിരുന്നു പ്രശ്നം.അത് മാത്രമായിരുന്നു എതിർപ്പിന് കാരണം.
ഞങ്ങൾ ഒരുമ്പട്ട് സ്നേഹിച്ചതൊന്ന്വല്ലല്ലോ.അറിയാതങ്ങട്ട് സ്നേഹിച്ചു പോയതല്ലേ സാറെ
പ്രേമിക്കുന്നത് തെറ്റാണെന്ന് ബുഷാറക്കറിയാം.പക്ഷേ ഖൽബുകൾ അടുപ്പത്തിലായിപ്പോയാൽ എന്തു ചെയ്യും.അത് പടച്ചോൻ തന്നെ പറഞ്ഞു തരണം.

സദാചാരികളായ നല്ല മനുഷ്യരും വാലുവെച്ച സേനക്കാരും കുറവായിരുന്ന അക്കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ അവർ മുങ്ങി.കൊണ്ടോട്ടി എച്ചെസ്സിലെ പത്താം ക്ളാസ് ഹാജർ പുസ്തകത്തിലെ പോലെ കോഴിക്കോട് സബ് റജിസ്ട്രാറുടെ രജിസ്റ്ററിൽ അവർ വീണ്ടും ചേർന്ന്  കിടന്നു.വയനാട്ടിലേക്ക്  വണ്ടികൾ വലിഞ്ഞു  കയറുന്ന താമരശ്ശേരി ചുരത്തിന് താഴെ താഴ്വാരത്തു  നൂറുറുപ്പിക വാടകയുള്ള പുറമ്പോക്ക്  ഓലക്കുടിലിൽ കെട്ടിപ്പിടിച്ചു കിടന്നു. ഓലച്ചുമരിന്റെ ദുർബലമായ മറവിൽ രതിമൂർച്ഛയുടെ ബഹളങ്ങളുണ്ടാക്കാതെ ഒതുക്കത്തിലവർ ഇണ ചേർന്നു.

താഴ്വാരത്തെ 'ഊൺ തയ്യാർ ' ഹോട്ടലുകളൊന്നിൽ കാഷ്യർ കം സപ്ളയറായി ബീരാൻ. അരങ്ങിൽ തിരക്കു  കുറയുന്ന ഇടവേളകളിൽ അടുക്കളയിൽ സഹായിയായി. പൊറോട്ടയടിച്ചു. ബീഫ് മസാല വരട്ടിയെടുത്തു.

താഴ്വാരത്തു ബ്രേക്കെടുക്കുന്ന വണ്ടിക്കാരാണ്  സ്ഥിരം അതിഥികൾ.പിന്നെ എൽ പി സ്കൂളിലെ കബീർ മാഷും അടുത്തു തന്നെ ക്ളിനിക്ക് നടത്തുകയും പീജീ പ്രവേശനപ്പരീക്ഷക്കു  തയ്യാറെടുക്കുകയും ചെയ്യുന്ന ഡോ.ഹരിയും .മാഷും ഡോക്ടറും മൂന്നു നേരവും ഉണ്ടാവും.ഡോക്ടറുടെ കൂടെ ചിലപ്പോൾ കൂട്ടുകാരുമുണ്ടാവും.അവർക്കത് ഉണ്ണുന്നിടം മാത്രമായിരുന്നില്ല.സൗഹൃദത്തിന്റെ ഇടത്താവളമായിരുന്നു.സ്വാന്തനം വിളമ്പുന്ന സ്നേഹമുറിയായിരുന്നു.


ബുഷാറ പഴയ പോലെ കഞ്ഞിയും കറിയും വെച്ചു.കുടിലിന് ചുറ്റും പയറും പാവലും ചീനിയും ചീന മുളകും നട്ടു, അന്ന്  സാധാരണമായിരുന്ന സർക്കാർ പൈപ്പിൽ നിന്ന് വെള്ളമൊഴിച്ചു വളർത്തി.വിശാലമായ പുറമ്പോക്കിൽ റോഡിലേക്കൊന്നും കേറല്ലെ മക്കളേ എന്നു പറഞ്ഞ് നാല് നാടൻ കോഴികളെ വളർത്തി.ഇരുട്ടായാൽ കുടീലൊറ്റക്കിരിക്കണ്ട എന്നു ബീരാൻ പറയുന്നതു കൊണ്ട് ഇരുട്ടു വീഴുന്നതിനു മുമ്പ്  ഊൺ തയ്യാർ ഹോട്ടലിലെത്തും.അടുക്കളയിലും അടുക്കളപ്പുറത്തും പണി ചെയ്യും.ഏഴരക്കും ഒമ്പതിനുമിടയിലെ തിരക്കിൽ വിളമ്പാനും വൃത്തിയാക്കാനും കൂടും.അതിന് ഇരുപത്തഞ്ചു രൂപ മാസശബളം വാങ്ങും.പതിനൊന്നോടെ പണിയൊതുക്കി ,ഡോ.ഹരിയും കുശിനിക്കാരൻ സായ്വും ബീരാനും ഹോട്ടൽ മൊയ്ലാളി   സുലൈമാനിക്കയും  ഒത്തു കൂടും .ചിലപ്പോൾ കടയിലെ സ്ഥിരക്കാരിൽ രണ്ടോ മൂന്നോ പേരും കൂടും.സൈഗാളിനേയും റാഫി സാഹിബിനേയും ആവാഹിച്ച് വരുത്തി പാടിക്കും.അർത്ഥമൊന്നുമറിയാതെ ആ ഹിന്ദി ഉർദ്ദു വരികൾക്ക് ബുഷാറ കേൾവിക്കാരിയാകും.അതിന് ശബളമൊന്നും വാങ്ങിച്ചില്ല.

ഹരിയും ബീരാനും  സുലൈമാനിക്കയും പാടും.സുലൈമാനിക്ക രാഘവൻ മാഷ്ടെ പാട്ടുകളേ പാടൂ.കബീർ മാഷ് കൂട്ടത്തിലുണ്ടെങ്കിൽ ഡസ്ക്കിൽ താളമുയരും.രണ്ടു പാട്ടു കഴിഞ്ഞാൽ  മുതലാളി അടുക്കളയിൽ കയറും.ചെറുനാരങ്ങ ചേർത്ത സുലൈമാനിയുമായിട്ടവും തിരിച്ചു വരവ്. മിക്കവാറും പന്ത്രണ്ടോടെ മെഹ്ഫിൽ പിരിയും.ശനിയാഴ്ചകളിലത് നീണ്ടു പോകും.രണ്ടു രണ്ടര വരെ.അന്ന്  സുലൈമാനിക്ക രണ്ടു തവണ സുലൈമാനി തിളപ്പിച്ചു.കാഷ്യർ കൗണ്ടറിനു താഴെ  പുതച്ചുറങ്ങുന്ന തബലയെ ഉണർത്തി ഹരി ഡോക്ടർ പെരുപ്പിച്ചു.

ചായക്കട മെഹ്ഫിൽ കഴിഞ്ഞ് ബീരാനും  ബുഷാറയും കുടിലിലേക്ക് നടക്കും .കുടിലിൽ നിലത്തു വിരിച്ച പുൽപ്പായയിൽ ശബ്ദഘോഷങ്ങളില്ലാത്ത ഒരു ജുഗൽബന്ദിയിൽ അവർ വിയർത്തുറങ്ങി.


കാലം കഴിഞ്ഞു പോകുന്നതറിയിക്കാനായി ബുഷാറ ഗർഭം ധരിച്ചു,ഡോ.ഹരിയുടെ ഡോക്ടർ സുഹൃത്ത്  ഗർഭകാല ചികിത്സയും അയേൺ ഫോളിക് ആസിഡ് ഗുളികകളും സൗജന്യമായി നല്കി.മാസം തികഞ്ഞപ്പോൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ,അവളുടെ ഞരക്കങ്ങളേക്കാൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ടിരുന്ന തുരുമ്പിച്ച കട്ടിലിൽ  കിടന്ന് മുക്കി.പുറത്തെ നിറം മങ്ങിയ വെള്ളച്ചുമരിൽ ചാരി നിന്ന്  ബീരാൻ മനസ്സിലൊരു മേഘമൽഹാർ പാടിത്തീർത്തു.ബുഷാറയുടെ തണ്ണീർക്കുടം പൊട്ടിയ പെരുംപെയ്തിൽ ആകെ നനഞ്ഞ് അവരുടെ ഉണ്ണി ഒഴുകി വന്നു. .

കാലത്തിനോടൊപ്പം ,അവരുടെ ഓർമ്മകളുടെ ഭൂപടത്തിൽ നിന്ന്  കൊണ്ടോട്ടിയിലെ ഉപ്പമാരും ഉമ്മമാരും കുണ്ടനിടവഴികളും മാഞ്ഞു പോയി.ബുഷാറ ഹോട്ടലിലേക്ക് പോകാറില്ല,ഇരുട്ടിൽ കുഞ്ഞിന് കൂട്ടായിയിരുന്നു..ബീരാൻ പത്തരയോടെ കുടിയിലേക്ക് മടങ്ങിയെത്തി.  ഡോ.ഹരി പീജീ പ്രവേശനപ്പരീക്ഷാക്കവാടം കടന്ന്  കോഴിക്കോട്  മെഡിക്കൽ കോളേജിലെ ജനറൽ സർജറി ഡിപ്പാർ്മെന്റിലേക്ക് നടക്കുകയാണ്.

മെഹ്ഫിലുകൾ വല്ലപ്പോഴും ഒരു ശനിയാഴ്ച മാത്രമായി.മെഹബൂബും മുഹമ്മദ് റാഫിയും ഊഴം കാത്ത് അലഞ്ഞു.പാട്ടിന്റെ കുറവു കൊണ്ടാണോ,ബീരാന് ആയിടക്കൊരു വയ്യായ്ക.വെറുതെയൊരു ക്ഷീണം.നടക്കുമ്പോൾ കാല് പിണങ്ങുന്നതു പോലെ.ഇരിക്കുമ്പോൾ നടു കഴക്കുന്ന പോലെ.സോജാ....... നീട്ടുമ്പോൾ മുറിഞ്ഞ് പോകുന്നു.കിതച്ച് പോകുന്നു. സുലൈമാനിക്ക സൗജന്യമായി നല്കിപ്പോന്ന ഹോർലിക്ക്സ് ചേർത്ത ഒരു ഗ്ളാസ്  പാൽ ഒരു വ്യത്യാസവും വരുത്തിയില്ല.രാവിലെ ദോശയും ചട്നിയും കഴിക്കുന്നവരെ നോക്കിയിരുന്നപ്പോൾ വായിൽ  വെള്ളം ഊറി നിറഞ്ഞു.ഉച്ചക്ക് സാമ്പാറും മീൻചാറും ചേർത്തു കുഴച്ച ചോറുരുളകൾ താഴോട്ടിറങ്ങുമ്പോൾ ഒരു കടച്ചിൽ.വൈകുന്നേരങ്ങളിൽ ബുഷാറയുടേയും മോളുടേയും കൂടെയാവുമ്പോൾ ക്ഷീണം ബദ്ധപ്പെട്ടു മറക്കണം.

കോഴിക്കോട്  പീജീ ഹോസ്റ്റലിലേക്ക്  പുസ്തകങ്ങളും മറ്റു സാധനങ്ങളുമായി മാറിപ്പോകുമ്പോൾ ടാക്സി കാറിന്റെ പിൻസീറ്റിൽ ബീരാൻ കുടുംബത്തേയും കൂട്ടി ഹരി.സർജറി വാർഡിൽ ഒരു കട്ടിൽ തരപ്പെടുത്തിക്കൊടുത്തു.ഹരിയുടെ പ്രൊഫസ്സർ കാര്യമായിത്തന്നെ ബീരാനെ പരിശോധിച്ചു. കൂടുതൽ പരിശോധനകൾക്കായി കുടൽ വിദഗ്ദ്ധനെ ശട്ടം കെട്ടി.


ബീരാന്റെ ഉള്ളിലേക്കിറങ്ങിപ്പോയ കുഴലുകളും പുറത്തേക്ക് പരിശോധനക്കിറങ്ങിപ്പോയ മാംസത്തുണ്ടുകളും തിരിച്ചു വന്നു പറഞ്ഞു,ബീരാന്റെ  അന്നനാളത്തിൽ അർബുദം അടയിരിക്കുന്നു.പെറ്റു പെരുകുന്നു.അവ പിന്നെയും പിന്നെയും തലതിരിഞ്ഞ  പുതു കോശങ്ങളെ വിരിയിക്കുന്നു. അമ്മയേക്കാൾ ശൗര്യം കാണിച്ച വികൃതിക്കുട്ടികൾ അകലങ്ങളിലേക്കോടിപ്പോയി കരളിലും കുടലിലും കൊടി കുത്തി .ചില താന്തോന്നികൾ ശ്വാസകോശങ്ങളിൽ തമ്പടിച്ചു.

കോഴിക്കോട്ടെ പത്തു ദിവസങ്ങൾ കൊണ്ട്  ബീരാനൊരു അംഗീകൃത അർബുദവാനായി. അടഞ്ഞു തുടങ്ങിയ  കുടൽ  വഴികൾ വിദഗ്ദർ വികസിപ്പിച്ചു കൊടുത്തു. ആമാശയത്തിലേക്കിറക്കിക്കൊടുത്ത ചെറു കുഴലിലൂടെ ഹരി നല്കിയ  പോഷകപ്പൊടികൾ വെള്ളം ചേർത്തിറക്കിക്കൊടുത്തു ബുഷാറ.ഞരമ്പുകളിലുടെ ഒഴുകിച്ചേർന്ന ഊർജ്ജലായനികളിൽ നേഴ്സിങ്ങ്  കൂട്ടുകാർ സ്നേഹപുരസ്സരം വൈറ്റാമിനുകൾ ചേർത്തു.

കഴിഞ്ഞ ദിവസം,ഹരി ഓർത്തെടുക്കുകയായിരുന്നു, അന്നനാളത്തിലെ അസ്വസ്ഥതകളെ അർബുദമെന്ന് പേര് വിളിച്ചപ്പോൾ ബീരാൻ പരിഭ്രമിച്ചില്ല.ബുഷാറ കരഞ്ഞില്ല.വിധിയെ പഴിച്ചില്ല. പടച്ചോനോട് പരാതി പറഞ്ഞില്ല. പാത്രത്തിൽ ചോറു വിളമ്പുന്ന മട്ടിൽ തന്നെ ട്യൂബിലേക്ക് പൊടി കലക്കിയൊഴിച്ചു കൊടുത്തു.താഴ്വാരത്തെ കുടിലിൽ മുക്കാലിപ്പലകയിലിരുന്ന് മീൻ ചാറൊഴിച്ചുരുട്ടിയെടുത്ത ചോറുണ്ണുന്ന സുഖത്തോടെ ബീരാൻ കിടന്നു.ഇടവേളകളിൽ അവരുടെ എട്ടു മാസക്കുസൃതിയെ പറ്റാവുന്ന വിധം ലാളിച്ചു.സ്നേഹത്തിന്റെ അസാധാരണ പ്രസരണം കൊണ്ട് അവരെല്ലാം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വെച്ചു.

പിന്നേയും ഇടക്കിടക്ക്  ആശുപത്രിപ്പോക്കും വരവുമുണ്ടായി.ചിലപ്പോൾ അന്നനാളത്തിൽ അധികമാവുന്ന തടസ്സം കാരണം.ചിലപ്പോൾ കൂടുന്ന ക്ഷീണം.അല്ലെങ്കിൽ പനിയും ചുമയും.അഞ്ചോ പത്തോ ദിവസങ്ങൾ നീളുന്ന അത്തരം അഞ്ചാറ് ആശുപത്രിവാസം മതിയായിരുന്നു ആ 'അണു'കുടുംബത്തെ നിർവീര്യമാക്കാൻ.അവർ  താഴ്വാരത്തേക്ക് തിരിച്ചു പോകാതായി. മെഡിക്കൽ കോളേജാശുപത്രിയുടെ പരിസരങ്ങളിൽ ഒതുങ്ങിക്കൂടി.

കഴിഞ്ഞാഴ്ച ,സർഗ്ഗം ലോഡ്ജിലെ സുഹൃത്തിനെക്കണ്ട് വരുകയായിരുന്നു ഹരി.ചേവായൂരിലേക്കുള്ള കയറ്റം  അലസമായി നടന്നു കയറുമ്പോൾ ,നിരത്തിൽ നിന്ന് തെറിച്ചു പതിച്ച ചെളി പോലെ ,മെഡിക്കൽ കോളേജിന്റെ വലിയ മതിലിനോട് ചാരിയിരിക്കുന്നു ബുഷാറ .ഹരിയെ കണ്ടതും സന്തോഷത്തോടെ എഴുന്നേറ്റു.ശരീരം ക്ഷീണത്തിന്റെ മുദ്രകൾ കാണിക്കുന്നുണ്ടങ്കിലും പ്രസരിപ്പിന് ഒരു കുറവുമില്ല.പ്രസന്നമായ മുഖത്ത് നിറഞ്ഞ പുഞ്ചിരി.താഴ്വാരത്തു നിന്നും അവർ പറിഞ്ഞു പോന്നത് അന്നാണ്  ഹരി അറിയുന്നത്.
-അപ്പൊ ഭക്ഷണമൊക്കെ ?
ബുഷാറ റോഡിനപ്പുറത്തെ ഹോട്ടലിലേക്ക് വിരൽ ചൂണ്ടി.

-ബീരാന്റൊരു ചങ്ങായി അവിടേണ്ട് .കുക്കാ.മൂന്നു മൂന്നരക്ക് ചെന്നാല്  വല്ല്യേ പാത്രം നിറയെ കഞ്ഞി കൊടുക്കും.ചിലപ്പോ ത്തിരി കറീം അച്ചാറും.


കുഞ്ഞിനുള്ള കലോറികൾ പടച്ചോൻ ബുഷാറയുടെ മുലകളിൽ നിറച്ചു കൊടുക്കുന്നു.ബീരാന് റെ  കൂട്ടുകാരൻ കൊടുക്കുന്ന കഞ്ഞിയിൽ നിന്ന് ബുഷാറ വറ്റുകൾ  പെറുക്കിത്തിന്നും.വറ്റിറക്കാൻ ബുദ്ധിമുട്ടുന്ന ബീരാൻ കഞ്ഞി വെള്ളം മുഴുവൻ കുടിക്കും.
ഹരിയുടെ,കണ്ണുനീർ നിറഞ്ഞ്  മങ്ങിപ്പോയ കാഴ്ചയിലേക്ക് പാത മുറിച്ചൊരു  താളമിളകിയ ഒരു മൂളിപ്പാട്ട് ഒഴുകി വന്നു,കൈ നീട്ടി നീട്ടി വീശിക്കൊണ്ട്,മുഴുക്കെ ച്ചിരിച്ചു കൊണ്ട്.മുട്ടി മുട്ടി തുരു തുരാ സംസാരം തുടങ്ങിയ ബീരാനെ വളരെ നിർബന്ധിച്ചാണ്  കഞ്ഞിക്കു മുമ്പിലിരുത്തിയത്.ഹരിക്ക് മുഖം കൊടുക്കാതെ പുറം തിരിഞ്ഞിരുന്ന് കഞ്ഞിയിലെ വെള്ളം അയാൾ മെല്ലെ വലിച്ചു കുടിച്ചു.തകർന്നു പോയ അയാളുടെ അന്നവഴിയിലൂടെ കഞ്ഞിവണ്ടികൾ പ്രയാസപ്പെട്ടുരുണ്ടു നീങ്ങുന്നത്  പിൻവശത്തു നിന്നിട്ടും ഹരി അറിഞ്ഞു.അഞ്ചോ ആറോ കവിളുകൾ കുടിച്ച് ബീരാൻ തിരിഞ്ഞിരുന്നു.ക്ഷീണം വാട്ടിയ ഒരു കുസൃതിച്ചിരി അപ്പോഴും മുഖത്തുണ്ടായിരുന്നു.പാത്രത്തിൽ ഒളിച്ചു കിടന്ന വറ്റുകൾ ബുഷാറ വാരിത്തിന്നു.ബാക്കി വന്ന വെള്ളം ചെറിയ ഫാന്റാ കുപ്പിയിലടച്ചു വെച്ചു.കലോറിക്കുംഭങ്ങളിൽ നിന്ന് വയർ നിറച്ച കുഞ്ഞ്  മോണ കാട്ടിച്ചിരിച്ചു.

പിറ്റേന്ന് തന്നെ ഹരി ബീരാനെ പിടിച്ച് അഡ്മിറ്റ് ചെയ്തു.ഇപ്പോഴിതാ ,എന്റെ ഇന്ടർകോസ്ടൽ നെർവ് ബ്ളോക്കിൽ മരവിച്ചു പോയ തൊലിപ്പുറത്തുകൂടെ ബീരാന്റെ ആമാശയത്തിലേക്ക് കുറുക്കുവഴി വെട്ടുന്നു.അതിലുടെ ബുഷാറ വിളമ്പുന്ന ആഹാരം സ്വാദറിയാതെ നുണയാം ബീരാന്.

രണ്ട്  എമർജൻസി കേസുകൾ കാത്തു കിടക്കുന്നു. അവരുടെ ആളുകൾ കസേരകളിൽ നിറയുന്നു.ബുഷാറയുടെ കുഞ്ഞ് ഉറക്കത്തിലൊരു മോണച്ചിരി ചിരിച്ചു.ഞാൻ തിയേറ്ററിലേക്ക് പോകാനായി എഴുന്നേറ്റു.

കുറേ നേരമായി തള്ളി നിന്ന ചോദ്യം അപ്പോൾ പുറത്തേക്ക് വീണു.

ഇനിയിപ്പോ?താമസം?ഭക്ഷണം.?

ബുഷാറ  ചിരിച്ചു.

അതൊക്കെ നടക്കും.പടച്ചോനങ്ങട്ട് നടത്തിക്കോളും.പിന്ന ഈ പടച്ചോനെന്നൊക്കെ പറയുന്നത് വെറും ദൈവല്ലേ ,മനുഷ്യനൊന്ന്വല്ലല്ലോ. എടക്ക് ചില എടങ്ങേറൊക്കിണ്ടാക്കൂന്ന് .അപ്പൊ മ്മളൊന്ന് തിരിഞ്ഞ് നിക്കും.ഞങ്ങടെ നിക്കാഹ് ഞങ്ങള് ചെയ്ത പോലെ.ഇപ്പൊ ബീരാനെ ഒാപ്പറേശൻ ചെയ്ത പോലെ. അത്രുള്ളൂ. ഇപ്പത്തൊരു ബേജാറ് ,ബീരാന്റെ ഓട്ടലിലെ ചങ്ങായ്ക്കെന്നെ തെര്യോവോ.


മനുഷ്യനെ ഈശ്വരനും മുകളിൽ പ്രതിഷ്ഠിച്ച ആ വലിയ വർത്തമാനം മലപ്പുറം കോയാന്റെ നാട്ടുഭാഷയിൽ ഈ ഉമ്മാച്ചുക്കുട്ടി പറയുന്നത്  കേട്ട് ഞാൻ തരിച്ച് നിന്നു.

തിയേറ്ററിന് പുറത്തേക്കു ഒരു ട്രോളി ഉരുണ്ടു വന്നു.ഡോ.ഹരി ബുഷാറയുടെ അടുത്തു ചെന്നു.

-ഓപ്പറേഷനൊക്കെ ഭംഗിയായി തീർന്നു.കുറച്ച് ദിവസം നോക്കീട്ട് ഇനി അതിലൂടെ ഭക്ഷണം കൊടുക്കാം.

അപ്പോളും  ബുഷാറ ചിരിച്ചു .

ബീരാൻ ട്രോളിയിൽ കിടന്ന് തലയുയർത്തി നോക്കി.

മോളുറങ്ങ്യാ.
ഊം

ഓട്ടലിലെ ചങ്ങായോട് നന്റെ കാര്യം പറഞ്ഞിക്കണൂ. പറഞ്ഞാ മതി.ഓന് നന്നെ തെര്യും.
ആ.

തീർന്നു.അവരുടെ പ്രശ്നങ്ങളൊക്കെത്തീർന്നു.
ബുഷാറ സോജാ പാടിയാലും രാജകുമാരിയുറങ്ങും. ഹോട്ടലിലെ ചങ്ങാതി ബുഷാറയുടെ കയ്യിലും കഞ്ഞി കൊടുത്തയക്കും.

ജീവിതം കടുപ്പമാക്കാൻ ദൈവം വല്ലാതെ മെനക്കടുമ്പോഴും അതെത്ര ലളിതമാക്കുന്നു,ഈ ബുഷാറയും ബീരാനും !


എനിക്കുടനെ ദൈവത്തെ കാണണമെന്ന് തോന്നി.ബുഷാരയുടെ ഉള്ളിലേക്കൊഴുകി മറയുന്ന ചുടു കണ്ണീരിലിട്ട് എനിക്കവനെ പൊള്ളിക്കണം.

ഹോസ്പിറ്റൽ സ്ട്രക്ച്ചറിൽ വാർഡിലേക്കുരുണ്ടു പോകുന്ന ബീരാന്റെ വലതു പാദം വലതു കൈകൊണ്ടെത്തിപ്പിടിച്ച്, ഉറക്കത്തിലും  മോണ കാട്ടിച്ചിരിക്കുന്ന കുഞ്ഞിനെ ഇടതെയൊക്കത്ത്  ഇടം കയ്യാൽ ഒതുക്കിപ്പിടിച്ച് ബുഷാര നടന്നു മറഞ്ഞു.