മക്കളേ ഇത് നിങ്ങള്ക്ക് .
ഉടലിനോടുടല്‍ ചേര്‍ത്ത്
ഊടും പാവും ചേര്‍ത്ത ഈ തുണിത്തുണ്ട്.
വര്‍ഷങ്ങളോട് വര്‍ഷങ്ങള്‍ ചേര്‍ത്ത്
വരഞ്ഞെടുത്ത ചിത്രങ്ങളുണ്ടിതില്‍.
ഉന്മാദത്തിലുലയുന്ന നിറങ്ങളുണ്ട്
കറുപ്പുണ്ട് വെറുപ്പുണ്ട് വെളുപ്പുണ്ട്
എല്ലാറ്റിനും മീതെയുണ്ട്
പ്രണയത്തിന്‍റെ തുന്നല്‍പ്പാടുകള്‍.
തെന്നിയും തെറിച്ചും വര്‍ഷങ്ങള്‍ തീരുമ്പോള്‍ ,
തുന്നല്‍ക്കാര്‍ ചരട് പൊട്ടി മറയുമ്പോള്‍ ,
തുന്നിത്തീരാത്ത ഈ തൂവാല എടുത്തു നോക്കണം.
വര്‍ഷക്കാലപ്പെരും പെയ്ത്തുകളില്‍
പരസ്പരം തല തോര്‍ത്തിയെടുത്ത തൂവാല .
വേനല്‍ക്കാല സൂര്യാവേശത്തെ
പരസ്പരം തല മറച്ചു മടക്കിയ തൂവാല.
വിയര്‍പ്പില്‍ വിശറിയായത്
വിരഹത്തില്‍ ദൂത് ചൊന്നത്
സങ്കടക്കണ്ണീരില്‍ കുതിര്‍ന്നത്
സ്നേഹത്തണലില്‍ ഉണങ്ങിയത് .
ചുംബനങ്ങളില്ലാതാവുന്ന കാലത്ത്
ചുണ്ടിനോടമര്‍ത്തണം ഈ തൂവാല.
സ്നേഹത്തിന്റെ ചൂടും
ഉമിനീരിലെ ഉപ്പും
അപ്പോഴും കിട്ടും നിങ്ങള്‍ക്ക്.
പരസ്പരം പ്രേമം പറയാത്ത കാലത്ത്
കാതോട് ചേര്‍ക്കണം ഈ തൂവാല.
പ്രാവുകള്‍ കുറുകുന്നത്
ശ്രദ്ധിച്ചു കേള്‍ക്കണം .
കലഹങ്ങള്‍ നിഷ്ക്കപടം
ഉച്ചത്തില്‍ കേള്‍ക്കണം .
പ്രിയപ്പെട്ട മക്കളേ
തൂവാലകള്‍ ഇല്ലാതാവുന്ന കാലത്ത്
തിരിച്ചും മറിച്ചും നോക്കണം, ഈ തൂവാല.
ക്രിസ്തുവിന്റെ ഛായാവരകള്‍
മറിയത്തിന്റെ കൈപ്പാടുകള്‍
അത്രയെങ്കിലും ബാക്കിയുണ്ടാവും.
ചിലപ്പോള്‍
പ്രണയക്കെടുതികളുടെ
പ്രാകൃതാരവങ്ങളും.
(പ്രിയേ നീയമ്മ മറിയം,
നിന്നിലെന്‍ പൊക്കിള്‍ക്കൊടി തേടും
ഉണ്ണിയേശു ഞാന്‍.
നീ മഗ്ദലന,
നിന്റെയിഷ്ട്ടം നിറവേറട്ടെയെന്നു പിടയും
കുരിശ്ശിലെ പ്രേമം ഞാന്‍.)
പ്രേമക്കുരിശ്ശ്!
ReplyDelete