Wednesday, 10 August 2016

അപ്പച്ചനോടൊപ്പം കണ്ട ഏകാദശികള്‍


അപ്പച്ചനോടൊപ്പം കണ്ട ഏകാദശികൾ

ഏകാദശി ഒന്ന്
ഗുരുവായൂരിലെ അച്ഛൻ പ്രദേശം

--------------------------------------------------
ദേ ഈ ചെറിയ കുട്ടി കൂടീണ്ടേട്ടോ...എന്നു  പറഞ്ഞ് ബസ്   ടിക്കറ്റ്  ഒഴിവാക്കാവുന്നിടത്തോളം കാലം വിരലിൽ തൂക്കിയെടുത്തു കൊണ്ടു പോയിട്ടുണ്ട്,അപ്പച്ചൻ, പോകുന്നിടത്തേക്കെല്ലാം.ഞായറാഴ്ചകളിൽ കുന്നംകുളം മീൻചന്തയിലേക്ക്,ഓണക്കാലത്ത് ഹെർബർട്ട് റോഡിലെ വാഴക്കുലച്ചന്തയിലേക്ക്,വിഷുവാണിഭത്തിന്,മാർക്സിസ്റ്റ് പാർട്ടി സമ്മേളനങ്ങൾക്ക്,തെരെഞ്ഞെടുപ്പു ബഹളങ്ങളിലേക്ക് , പൂരത്തിന്,പെരുന്നാളിന്,ഗുരുവായൂർ ഏകാദശിക്ക്..അങ്ങനെ ഒരുപാടു് സൗജന്യയാത്രകൾ, സ്നേഹയാത്രകൾ.എന്റെ പൊക്കം കുറഞ്ഞ്  ശരീരം മെല്ലിച്ച ആകാരസൗഷ്ഠവം അഞ്ചാം ക്ളാസ്  കഴിയുന്നതു വരേക്കും ഈ സൗജന്യയാത്റ തുടരുവാൻ എന്നെ സഹായിച്ചു.
ജന്മം കൊണ്ട്  ഒരു കുന്നംകുളം നസ്രാണിയായിരുന്നെങ്കിലും വലിയൊരളവോളം  മതേതരനും വിമതജീവിയുമായിരുന്നു അപ്പച്ചൻ.അതു കൊണ്ടായിരിക്കാം ഏകാദശി ദിനങ്ങളിൽ ഗുരുവായൂരിലേക്കുള്ള പോക്ക് മൂപ്പർക്ക് നിർബന്ധമായിരുന്നു.അന്ന് ഗുരുവായൂർ-കുന്നംകുളം _തൃശൂർ-കോഴിക്കോട് റൂട്ടുകളിലൊന്നും  ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ ചീറിപ്പാഞ്ഞു തുടങ്ങിയിട്ടില്ല. ജിബിറ്റി, ബാലകൃഷ്ണ,മയിൽ വാഹനം  ഗ്രൂപ്പുകളുടെ അഞ്ചാറു ബസ്സുകൾ വീതം.കൊക്കിയും കരഞ്ഞും വലിഞ്ഞു വലിഞ്ഞു പോകുന്ന ഒരു നമ്പ്യാർ സർവ്വീസ്.പിന്നെ SRM എന്നു വിളിക്കപ്പെട്ട ശ്രീരാമ .നാല്പതിലേറെ വർഷം പഴക്കമുള്ള ഓർമ്മകളുടെ റൂട്ടിൽ ഇത്രയൊക്കെയേ വാഹനത്തിരക്കുള്ളു.

   ആർത്താറ്റ് ബാവാപ്പള്ളിയാണ് ഞങ്ങളുടെ ബസ്റ്റോപ്പ്.കുന്നംകുളത്ത് നിന്ന് വരുമ്പോൾ ബാവപ്പള്ളി എന്നു തന്നെ പറയണം.ആർത്താറ്റ് പള്ളിയെന്നു പറഞ്ഞാൽ അടുത്ത സ്റ്റോപ്പാണ്,ചാർജും കൂടും.പള്ളികളുടെ പ്രളയം കൊണ്ട്  അനുഗൃഹീതമാണ്  ഞങ്ങളുടെ ആർത്താറ്റ്  ദേശം. എല്ലാ വിഭാഗം കൃസ്ത്യാനികളുടേയും പള്ളികളുണ്ട്. അവർക്കെല്ലാമിടയിൽ വഴക്കുകളുണ്ട്, കേസുകളുമുണ്ട്.

അന്ന് അപ്പച്ചന് ചാവക്കാട് മലേറിയ കൺട്റോൾ ഓഫീസിലാണ് ജോലി.ഏഴു മുതൽ ഒരു മണി വരെ.ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ആർത്താറ്റ്  വലിയ പള്ളി സ്റ്റോപ്പിലിറങ്ങും.നട്ടുച്ചക്ക് കത്തുന്ന വെയിലിൽ കുട ചൂടി വീട്ടിലേക്ക് നടക്കും.പത്തു പൈസ ലാഭം.ആർത്താറ്റെ എൽ പി സ്കൂളിൽ ടീച്ചറായിരുന്ന അമ്മച്ചി ഇടവേളകളിലെ ചായകുടി ഒഴിവാക്കി പത്തോ ഇരുപതോ പൈസയും ലാഭിക്കും.ഇത്തരം ചെറിയ ചെറിയ ത്യാഗങ്ങളിൽ അവർ വലിയ സന്തോഷങ്ങൾ കണ്ടെത്തിയിരുന്നു.ഇത്തരം ത്യാഗപ്പൊതികൾ കുറച്ചൊക്കെ ഞാനും ശേഖരിച്ചു വെക്കുന്നണ്ട്.എനിക്കും മക്കൾക്കും പ്രായമാവുമ്പോൾ ഈ പൊതികളൊക്കെ തുറന്നു വെച്ചു വേണം അവരുടെ മെക്കട്ടു കേറാൻ.

ഉച്ചയൂണ് കഴിഞ്ഞ്  രണ്ടുമണിയോട് കൂടിയാണ് ഗുരുവായൂരിലേക്കുള്ള ഏകാദശി യാത്ര .ബസ്സുകളിലും ഗുരുവായൂരമ്പലത്തിലും തിരക്കു കുറയുന്ന അലസസമയങ്ങളാണിത്.
ബാവപ്പള്ളി സ്റ്റോപ്പിൽ നിന്ന്  ബസ് കയറിയാൽ ഇരുപതിരുപത്തഞ്ചു മിനിറ്റിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഇറങ്ങും.അവിടെ പടിഞ്ഞാറേ നടവഴി ,ഇരു വശങ്ങളിലും കടകളും  ഭക്തജനങ്ങളും സാമ്പ്രാണിയുടേയും കളഭത്തിന്റേയും അവിയൽ ഗന്ധവുമൊക്കെയായി ഉച്ചമയക്കത്തിലായിരിക്കും.നാലാം ക്ളാസ്സിൽ പഠിക്കുന്ന ഒമ്പതുകാരൻ അത്ഭുതലോകത്തിലെ ആലീസ്സാവും.

   ഗുരുവായൂരിലെ നടകളിൽ അന്നൊക്കെ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നത് ഭക്തി മാത്രമായിരുന്നില്ല. അമ്പലത്തിലേക്ക് കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നടന്നു വരുന്ന നടകളുടെ ഓരങ്ങളിൽ കച്ചവടത്തിന്റെ തിക്കിത്തിരക്കാണ്.കളിപ്പാട്ടങ്ങൾ,തലയാട്ടി രസിക്കുന്ന കുടവയറൻ ബൊമ്മകൾ, ബോൺസായിച്ചെണ്ടകൾ, ഗുരുവായൂരപ്പനേയും കുട്ടുകാരേയും പുകഴ്തിപ്പാടുന്ന കാസറ്റുകൾ,പാട്ടുപുസ്തകങ്ങൾ,പൂജാസാധനങ്ങൾ,പൂക്കൾ,മുത്തുമാലകൾ,അമ്മിക്കല്ലു വരെയുള്ള വീട്ടാവശ്യവസ്തുക്കൾ,കഥകളും കവിതകളും വില്ക്കുന്ന NBS എന്ന നാഷണൽ ബുക്ക്സ്റ്റാൾ.ഗുരുവായൂരപ്പനേക്കാളും അമ്പലത്തേക്കാളും  ആ പ്രായത്തിൽ എന്നെ ആകർഷിച്ചിരുന്നത്  ഈ വഴിയോരക്കാഴ്ചകളായിരുന്നു.

പടിഞ്ഞാറേ നടയിലൂടെ അല്പം മുന്നോട്ടു പോയാൽ മതസൗഹാർദം തുളുമ്പുന്ന ഒരു ബോർഡ് കാണാം.'അഹിന്ദുക്കൾക്ക് പ്റവേശനമില്ല.' ഇവിടെയെത്തുമ്പോൾ അപ്പച്ചൻ ഇടതു കയ്യിൽ പിടിപ്പിച്ച്  ചേർത്ത് നടത്തും.അപ്പോൾ വലതു ചൂണ്ടു വിരൽ അപ്പച്ചൻ നീട്ടിപ്പിടിക്കും.

-അവിടെ ആരാ അപ്പച്ചാ?.ഞാൻ ചോദിക്കും.

-അവിടമ്പടെ ഉണ്ണിക്കണ്ണൻ.

ആവൂ.എനിക്ക് ആശ്വാസമാവും. ഇനി പേടിക്കാനില്ല.

എല്ലാ കൊല്ലവും ആവർത്തിക്കുന്ന ഒരു ഗൂഡാലോചനയാണ് പിന്നെ .ഇനിയങ്ങോട്ട് അപ്പച്ചനെ അച്ഛനെന്നേ വിളിക്കാവൂ.കിഴക്കേനടയിൽ ഇതു പോലൊരു ഹിന്ദു ബോർഡ് മറി കടക്കുന്നതു വരെ ഞാൻ അച്ഛൻ മന്ത്രം  ഉരുവിട്ടു കൊണ്ടിരിക്കും.അറിയാതെയെങ്ങാൻ അപ്പച്ചൻ പുറത്തു വരരുതല്ലോ.ഞാനച്ഛനെന്നു വിളിച്ചാലും അപ്പച്ചനെ അറിയുന്നവരാരെങ്കിലും കണ്ടാലോ?ഗുരുവായൂരപ്പന് സംഗതി പിടി കിട്ടില്ലേ?ഞാൻ ഇടക്ക് സംശയിക്കും. എല്ലായ്പ്പോഴും അപ്പച്ചൻ ഒരേ മറുപടി തന്നു.-നമ്മെ അറിയുന്നവർ നമുക്ക് കുഴപ്പം ഉണ്ടാക്കില്ല.പഴയൊരു കമ്മ്യൂണിസ്റ്റിന് മനുഷിനിലുണ്ടായിരുന്ന വിശ്വാസമായിരുന്നു അത്.ഗുരുവായൂരപ്പന് ജാതീം മതോം പ്രശ്നമല്ല.മൂപ്പര് നീറ്റ് പാർട്ട്യാണ്.അത് ആ കമ്മ്യൂണിസ്റ്റിന്റെ പ്രതിപക്ഷ ബഹുമാനം.പല വർഷങ്ങളിൽ ഈ ഉത്തരങ്ങൾ ചോദിച്ചു വാങ്ങി ഞാൻ ആ രണ്ടു വിശ്വാസങ്ങളും സ്വന്തമാക്കി.പക്ഷേ ഇന്നവ എന്റെ മക്കൾക്ക് കൈമാറാൻ എനിക്ക് ധൈര്യം പോര.
(പിൽക്കാലങ്ങളിലെ എന്റെ ഓർമ്മകളിൽ ഈ കിഴക്കു പടിഞ്ഞാറു നടവഴികൾ അച്ഛൻ  പ്രദേശം എന്നറിയപ്പെടും.)

അന്യദേശത്തിലേക്ക്  നുഴഞ്ഞു കയറുന്നവന്റെ രഹസ്യാത്മക ഭാവങ്ങളോടെ ഞങ്ങൾ  അമ്പലത്തിന്റെ മതിലിനോട് ചേർന്ന്  വലത് വശത്തു കൂടി കിഴക്കേ നടയിലെത്തും.മേപ്പത്തൂർ ഓപ്പൺ ഓഡിറ്റോറിയത്തിലപ്പോൾ കച്ചേരി നടക്കുന്നുണ്ടായിരിക്കും.ഓഡിറ്റോറിയത്തിലെ ഏതെങ്കിലും തൂണും ചാരിയിരുന്ന്  ഞങ്ങളല്പം വിശ്റമിക്കും. അവിടെയിരുന്ന് ആളുകളെ  നിരീക്ഷിക്കലായിരുന്നു എനിക്ക് ഏറെ ഇഷ്ടം. ഓഡിറ്റോറിയത്തിലിരിക്കുന്നവർ സ്വസ്ഥരാണ്.അവർ വിശ്രമിക്കുകയോ കച്ചേരിയിൽ വീണു കിടക്കുകയോ ആണ്.അമ്പലത്തിലേക്ക് തിക്കിത്തിരക്കി പോകുന്നവരുടെ വെപ്രാളങ്ങളും കോപ്രായങ്ങളും കണ്ടിരിക്കാനാണ്  രസം.
കുലുങ്ങുന്ന കുംഭമേൽ കേറ്റിക്കുത്തിയ മുണ്ടും താങ്ങിപ്പിടിച്ചോടുന്ന ആണുങ്ങൾ.ചെറുകിടാങ്ങളെ വലിച്ചിഴച്ചും ശകാരിച്ചും കസവു പുടവയുടെ ശാലീനത കളയുന്ന പെണ്ണുങ്ങൾ.എന്തിനാണിവർ ,ഗുരുവായൂരപ്പന്റെ അനുഗ്രഹങ്ങൾ തീർന്നു പോയേക്കുമെന്ന മട്ടിൽ ഇങ്ങനെ വെപ്രാളപ്പെടുന്നത്? ഗുരുവായൂരപ്പൻ നീറ്റ് പാർട്ടീസാണെന്ന് ഇവർക്കറിയില്ലേ?
പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ വിശ്രമത്തിനും കാഴ്ചകൾക്കും ശേഷം കിഴക്കേ നടയിലെ മഞ്ജുളാലിലേക്കു നടക്കും.'അഹിന്ദു' ബോർഡെത്തിയാൽ അപ്പച്ചന്റെ ഇടതു കയ്യിൽ നിന്നും ഞാൻ  ഊരിപോരും.വലതു ചൂണ്ടു വിരലിൽ നിന്ന് അപ്പച്ചൻ ഉണ്ണികൃഷ്ണനെ തിരിച്ചയക്കും. ദൂരെ നിന്ന്   കിഴക്കേ ഗോപുരവാതിലിലൂടെ ഒന്ന്  ഒളിഞ്ഞു നോക്കും.ഉണ്ടുണ്ട് നമ്മുടെ നീറ്റ് പാർട്ടി അവിടെയുണ്ട്. പിന്നെ ഏതാനും നിമിഷങ്ങൾ തൊഴുതു നില്ക്കും. അതിൽ പ്രാർത്ഥനയൊന്നുമില്ല.'മ്പള് എത്തീട്ടുണ്ടേട്ടാ 'എന്നൊരു ഹാജരു വെക്കൽ.'ഇക്കൊല്ലോംഎമണ്ടൻ തെരക്കാണട്ടാ' എന്നൊരു കുശലം പറച്ചിൽ.'ക്ഷമിക്കണംട്ടാ കണ്ണാ(ഗഡീ)' എന്നൊരു മാപ്പു പറച്ചിൽ.

(അപ്പച്ചൻ പോയി.ഗുരുരുവായൂർ വളരെ ദൂരെയായി. ഓർമ്മകളുടെ അറകളിൽ മറവിക്കുട്ടന്മാർ ഓടിക്കളിച്ചു തുടങ്ങി .എന്നിട്ടും ,അപ്പച്ചന്റെ  ഇടതു കയ്യിൽ ഞാനും വലതു കയ്യിൽ കണ്ണനും തൂങ്ങിനില്കുന്ന മായച്ചിത്രം ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്.)
കിഴക്കേ നടപ്പന്തലു കടന്ന്  കടകൾക്കും തിരക്കുകൾക്കും ഇടയിലൂടെ മഞ്ജുളാലു വരെ അങ്ങനെ നടക്കും.അവിടെ ചിറകുവിടർത്തി നില്ക്കുന്ന ശ്രീകൃഷ്ണപ്പരുന്തും നാടോടി സർക്കസ്സുകാർ, മാജിക്കുകാർ ,പെട്ടിമരുന്നു കച്ചവടക്കാർ ,ഔഷധച്ചെടി വില്പനക്കാർ തുടങ്ങി ഒരു കൂട്ടം രസികരും ഞങ്ങൾക്കായി കാത്തു നില്ക്കുന്നുണ്ടാവും.ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില അത്ഭുതങ്ങളും.
കിഴക്കേ നടയിലെ കാഴ്ചകളിൽ ഒരു മണിക്കൂറോളം കറങ്ങിത്തീരും.  പിന്നെ വടക്കേ നടയും അമ്പലക്കുളവും ചുറ്റി തിരിച്ച് പടിഞ്ഞാറേ നടയിലേക്ക്.അവിടെ ജിബിറ്റിയോ നമ്പ്യാർ സർവ്വീസോ തേങ്ങിക്കരഞ്ഞ് കിടക്കുന്നുണ്ടായിരിക്കും.
കിഴക്കേ നടയിൽ നിന്നുള്ള തിരിച്ചു നടത്തത്തിലാണ് 'ഷോപ്പിങ്ങ്'.തലകുലുക്കും ബൊമ്മയാവാം,കുഞ്ഞൻ ചെണ്ടയാവാം,ഒരു പൊതി കൽക്കണ്ടമാവാം .അങ്ങനെയെന്തെന്കിലും.

1971 ലെ ഏകാദശി .അപ്പച്ചൻറെ കയ്യും പിടിച്ച്  അച്ചൻ പ്രദേശം പിന്നിടുന്ന നാലാം ക്ളാസുകാരൻ. നുഴഞ്ഞുകയറ്റക്കാർ പടിഞ്ഞാറേ നടയിലെ  ബുക്സ്റ്റാളിനു മുമ്പിൽ നില്ക്കുന്നു.
ഒരു ബുക്ക്  വാങ്ങിയാലോ എന്ന് അച്ഛനപ്പച്ചൻ
.
ആ,ആ  എന്നു ആഹ്ളാദത്തോടെ ഒമ്പതുകാരൻ. പുസ്തകങ്ങൾക്കിടയിലേക്ക്.ആആഹ്.പുസ്തകങ്ങളുടെ മണം.ആദ്യമഴയിൽ പുളഞ്ഞു നനയുന്ന മണ്ണിന്റെ മണം.അന്ന് ,ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ചെറിയ പുസ്തകക്കടയിലെ അഭൗമഗന്ധത്തിൽ ഞാൻ മൂക്കും കുത്തി വീണു.പുസ്തകങ്ങൾ മാറി മാറി മലർത്തി വെച്ചും മണത്തും അക്ഷരങ്ങളോടും വാക്കുകളോടും കിന്നരിച്ചും ഞാനവിടെ മണ്ടി നടന്നൂ.അതു വരെ ഞാനറിഞ്ഞിട്ടുള്ള പുസ്തകങ്ങൾ ,സത്യവേദപുസ്തകവും, സന്ധ്യാനമസ്ക്കാരവും പാഠപുസ്തകങ്ങളുമായിരുന്നു. അവയ്ക്കൊന്നും ഈ വശ്യഗന്ധമുണ്ടായിരുന്നില്ല. പുസ്തകക്കൂട്ടെന്ന് പറയാവുന്നത് ബാലരമയും അമ്പിളി അമ്മാവനും കമ്മ്യൂണിസ്റ്റ്  റഷ്യയുടെ സ്നേഹോപഹാരമായ സോവ്യയറ്റ് നാട്  മാസികയുമായിരുന്നു.നല്ല മേനിക്കടലാസ്സിൽ കൊതിപ്പിക്കുന്ന കെട്ടിലും മട്ടിലും ഉളളടക്കത്തോടെയും വന്നിരുന്ന സോവിയറ്റ് മാസികയായിരുന്നു ഞാൻ കാത്തിരുന്നു വായിച്ചത്.ഈ മാസിക തന്നെയായിരുന്നു വായനയുടെ വലിയ ലോകത്തേക്കും ആസ്വാദനത്തിന്റെ സ്വർഗ്ഗങ്ങളിലേക്കും  എന്നെ ക്ഷണിച്ചു കൊണ്ടു പോയത്.
ഞാൻ തെരെഞ്ഞെടുത്തതാണോ അപ്പച്ചൻ തീരുമാനിച്ചെടുത്തതാണോ എന്നറിയില്ല ,അന്ന്  വാങ്ങിച്ച പുസ്തകം രമണൻ എന്ന കവിതയായിരുന്നു.കൃത്യമായി പറഞ്ഞാൽ ഖണ്ഡകാവ്യം.മലയാളത്തിൽ ,പുതുകവിതാ സുനാമിയിൽ  അപ്രത്യക്ഷമായ ഒരു ഭൂപ്രദേശമാണ് ഇത്.അന്ന് വായിക്കാനും ചൊല്ലാനും ആസ്വദിക്കാനും കഴിയുന്നവയായിരുന്നു കവിതകൾ.കവിത  ഒന്നുകിൽ നല്ലത് അല്ലെങ്കിൽ  നല്ലതല്ലാത്തത്.മനസ്സിലാകുന്നത് മനസ്സിലാകാത്തത് എന്നുണ്ടായിരുന്നില്ല.

എന്തു കൊണ്ട്  രമണൻ?അന്നും ഇന്നും എനിക്കറിയില്ല. ഏതായാലും എനിക്കത് വലിയ മുറികളിലേക്കുള്ള ചെറിയ  വാതിലായിരുന്നു.പടിഞ്ഞാറേ നടയിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞാൻ നാലാം ക്ളാസ്സുകാരൻ ചെക്കനായിരുന്നില്ല.ഒരു മുഴു നീളൻ കവിതാ പുസ്തകം സ്വന്തമായുള്ള മുതിർന്ന വായനാക്കാരനാകുകയായിരുന്നു. രമണനെ നെഞ്ചോട് ചേർത്ത്  വെക്കണോ,കയ്യിൽ തൂക്കിപ്പിടിക്കണോ ,രണ്ടു കൈ കൊണ്ട്  താങ്ങിപ്പിടിക്കണോ എന്നൊക്കെ ശങ്കിച്ചായിരുന്നു പിന്നെ യാത്ര .

    ആദ്യ പ്രണയം പോലെ  ഇന്നും കൂടെയുണ്ട് ആ ആദ്യ പുസ്തകം .ഒട്ടു മിക്ക വരികളും ഇന്നും കാണാപാഠം. കുട്ടിക്കാത്ത്  വിട്ടിലൊരു ചാരുകസേരയുണ്ടായിരുന്നു വീട്ടിൽ.തുണി സ്വല്പം അയച്ചു കെട്ടിയ ആ കസേരയിൽ മോഡിഫൈഡ്  പത്മാസനത്തിലിരുന്ന് ആടിയാടി ഉറക്കെയുറക്കെ വായിച്ചു കൊണ്ടായിരുന്നു അന്ന്  പഠനം.പഠനത്തിന്റെ ഇടവേളകളിൽ ഞാനെന്റെ ഖരകരപ്രിയ ശബ്ദത്തിൽ രമണൻ ഉറക്കെ പാടുമായിരുന്നു. സ്നേഹത്തിന്റേയും സ്നേഹ നിരാസത്തിൻറേയും വരികൾ എത്ര  നിഷ്ക്കളങ്കമായാണ്  പത്ത് തികഞ്ഞിട്ടില്ലാത്ത ഞാൻ ഉൾക്കൊണ്ടത്.അല്ലെങ്കിലും ശരീരബദ്ധമോ ലൈംഗികപ്രേരിതമോ ആയിരുന്നില്ലല്ലോ രമണൻ-ചന്ദ്രികാ പ്രണയം.

മലരണിക്കാടുകൾ തിങ്ങി വിങ്ങി
മരതകകാന്തിയിൽ മുങ്ങി മുങ്ങി
തുടങ്ങിയ ആദ്യത്തെ എട്ടു പത്തു വരികളിൽ തന്നെ ഞാൻ വീണു പോയിരുന്നു.വരികളുടെ താളഭംഗി,ദൃശ്യങ്ങളുടെ അവതരണഭംഗി,പ്രാസപ്രയോഗത്തിന്റെ ശ്രവണസുഖം.ആനന്ദലബ്ദിക്കിനിയെന്തു വേണം.

       രമണൻ എനിക്കൊരു നഷ്ടപ്രണയ(പ്രണയനഷ്ട)കാവ്യം മാത്രമായിരുന്നില്ല.പാക് യുദ്ധകാലത്ത് യുദ്ധകാഹളമായും വിജയഭേരിയായും എന്റെ ചാരുകസേരയിൽ കിടന്നാടിക്കൊണ്ട് ഞാനതുറക്കെപ്പാടുമായിരുന്നു. അപ്പച്ചനോടോ അമ്മച്ചിയോടോ വഴക്കിട്ടിരിക്കുമ്പോൾ ഞനത് പ്രതിഷേധശ്രുതിയിൽ പാടി.അമ്മച്ചിയമ്മ മരിച്ചപ്പോൾ എനിക്കത് വിലാപകാവ്യമായി.അങ്ങനെ എന്തിനും ഏതിനും കൂട്ടുവരുന്ന സുഹൃദ്ഗീതമായി രമണൻ .
നല്ല വരികളും നല്ല വാക്കുകളും നല്ല മനുഷ്യരും കലയും നല്കുന്ന പരമാനന്ദസുഖത്തിന്റെ നീണ്ട ഇടനാഴിയിലേക്കുള്ള ആദ്യത്തെ തുറപ്പായിരുന്നു,രമണൻ.ഏകാദശിക്ക് നന്ദി.അപ്പച്ചനും അച്ഛൻ പ്രദേശത്തിനും നന്ദി.


ഏകാദശി രണ്ട്
മഞ്ജുളാലിലെ സർക്കസ്

----------------------------------------
ഏത് കൊല്ലമാണെന്ന് ഓർമ്മയില്ല.ഏത് ക്ളാസിലായിരുന്നെന്നും ഓർമ്മയില്ല.അന്നത്തെ ഏകാദശിത്തിരക്കോ വഴിക്കാഴ്ചകളോ ഓർമ്മയിലില്ല.പക്ഷേ മഞ്ജുളാലിലെ അന്നത്തെ സായംകാല സർക്കസ് കാഴ്ച  ഇന്നും  ഓർമ്മകളെ പൊള്ളിച്ചു കൊണ്ട്  നിന്ന്  കത്തുകയാണ്. ആ ഏകാദശിക്കു ശേഷം മഞ്ജുളാലിൽ ഞാൻ ഇളകിയാടുന്ന ഇലകൾ കണ്ടിട്ടില്ല.ആളിക്കത്തുന്ന തീനാളങ്ങൾ മാത്രം.രോഷത്തിന്റെ തീ.

അന്ന്  ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി മഞ്ജുളാൽ ആ ചെറു ചെക്കനിലേക്കെറിഞ്ഞിട്ട വിത്ത്- ദൈവത്തോടും കാലത്തോടും വിധിയോടും വ്യവസ്ഥിതിയോടും സകലമാന ക്ണാപ്പുകളോടുമുള്ള ക്ഷോഭത്തിന്റെ വിത്ത് -മുളപൊട്ടി,പൊട്ടിത്തെറിച്ച് കവിതയായി, കുത്തിക്കുറിപ്പുകളായി,തെറിച്ച എഴുത്തായി,മുഴുത്ത തെറിയായി.

  പതിവു പോലെ 'ഹിന്ദുക്കൾക്ക് മാത്രം' ബോർഡുകൾക്കിടയിലെ അച്ഛൻ പ്രദേശം പിന്നിട്ട്  മഞ്ജുളാലിലെത്തി ,ഞാനും അപ്പച്ചനും.പതിവു കാഴ്ചകളും രസികന്മാരും ഹാജരുണ്ട്.പതിവിലേറെ തിരക്കുമുണ്ട്. ആലിന്റെ ചുറ്റുവട്ടത്ത് ഒരു സർക്കസ്  കുടുംബം.മുടിയും താടിയും വളർത്തി ക്രിസ്തുവിന്റെ മുഖവും കൃഷ്ണന്റെ നിറവുമുള്ള കുടുംബനാഥൻ തന്നോളം പരിതാപകരമായ ഒരു സൈക്കിളിൽ ചെറുവക അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്.ചപ്രത്തലയും മുഷിഞ്ഞ വേഷവുമായി ഒരു പത്തുവയസ്സുകാരി അയാളോടൊപ്പം നടന്ന് താളത്തിൽ കൊട്ടുന്നു.അവളേക്കാൾ മുഷിഞ്ഞ ചെറിയൊരു പെൺകുട്ടി ആലിനടുത്തിരുന്ന്  ചേച്ചിയുടെ താളത്തോട്  മത്സരിച്ച് ,രൂപം കെട്ടൊരു അലുമിനിയം കലത്തിന്റെ മൂട്ടിൽ ചറുപിറെ തല്ലുന്നു. അല്പം മാറിയിരുന്നൊരു പെൺകോലം തോളത്തു തൂങ്ങുന്ന ഭാണ്ഡത്തിലെ മുഴപ്പിനു മുലപ്പാൽ കൊടുക്കുന്നു.
  
   താടിക്കാരന്റെ സർക്കസ്  മുറുകിക്കൊണ്ടിരിക്കേ കാഴ്ചക്കാർ കൂടി വരുന്നു. എല്ലാവരും നല്ല ഹരത്തിലാണ്. ഞാൻ ആൾക്കൂട്ടത്തിലൂടെ നുഴഞ്ഞ് മുന്നിലെത്തി. കൈയ്യടിച്ചും  നാണയത്തുട്ടുകൾ എറിഞ്ഞു കൊടുത്തും ആൾക്കൂട്ടം അയാളെ പ്രോത്സാഹിപ്പിച്ചു. പെൺകോലം ഇതൊന്നും ശ്രദ്ധിക്കാതെ ഭാണ്ഡക്കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്നു. ഓരോ പ്രകടനവും തീരുമ്പോൾ ആഹായൈ് എന്നൊരു ഒച്ചയുണ്ടാക്കുകയും മുന്നിലെ പാട്ടയിൽ വടിയെടുത്ത് ഒരു തട്ട്  കൊടുക്കുകയും ചെയ്യും.ഒരിക്കലും കണവന്റെ കസർത്തുകളിലേക്ക്  അവർ നോക്കിയതേയില്ല.പക്ഷേ  ഓരോ കസർത്തിനും ശേഷമുള്ള ആഹായ് വിളിയും പാട്ടക്കൊട്ടും കൃത്യമായിരുന്നു. കണവനാകട്ടെ മക്കളെക്കൊണ്ടോ പെണ്ണിനേക്കൊണ്ടോ ഒരഭ്യാസവും ചെയ്യിച്ചില്ല.സ്വന്തം വിയർപ്പു കൊണ്ട് കുടുംബത്തിനു വേണ്ട നാണയത്തുട്ടുകൾ അയാൾ ശേഖരിച്ചു.സൈക്കിൾ വിദ്യകളും വളയം ചാടലും ചീട്ടുമാജിക്കും ഇടക്ക് തമിഴ് പാട്ടുകളുമൊക്കെയായി കുറേ സമയം കഴിഞ്ഞു പോയി.പടിഞ്ഞാറേ നടയിൽ നേരിയ ഇരുട്ടിന്റെ ശോകച്ഛവി പരന്നു തുടങ്ങി .

കൃഷ്ണവർണ്ണക്രിസ്തു 'ക്ളോസിംഗ് ഐറ്റം ' പ്രഖ്യാപിച്ചു. അരയിൽ കയറിട്ട് കുരുക്കി ,മറ്റേയറ്റം വലതു കൈത്തണ്ടയിൽ ചുറ്റി വെച്ച്  ആലിലേക്ക് വലിഞ്ഞ് കയറിതുടങ്ങി.ചഞ്ചലദലങ്ങൾ അയാളെ മുകളിലേക്ക് മുകളിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു.പടിഞ്ഞാറോട്ട് പിരിയുന്ന കനത്തൊരു കൊമ്പിൽ മൂപ്പരിരുന്നു. വലതുകൈയിലെ കയറെടുത്ത് മരക്കൊമ്പിൽ കെട്ടാൻ തുടങ്ങി .മനുഷ്യന് പറക്കാനുള്ള അവകാശം തരാത്തതിന് ഇടക്ക് ദൈവത്തെ ചീത്ത വിളിച്ചു.പറക്കാൻ കഴിവുണ്ടായിട്ടും പറക്കാതെ ആലുംമൂട്ടിൽ മടിച്ചിരിക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ഇടക്ക് കളിയാക്കി.മരക്കൊമ്പിൽ ഒറ്റക്കാലിൽ നിന്ന്  കൊണ്ട്  അരയിലെ കുരുക്ക്  നെഞ്ചിലേക്കുയർത്തി,കൈകളേയും കടത്തി  കഴുത്തിൽ കുടുക്കി വെച്ചു.കാഴ്ചക്കാർ ശ്വാസം പിടിച്ച്  നിന്നു .'മുഷിഞ്ഞ 'പെൺകുട്ടികൾ മുഷിപ്പില്ലാതെ താളം പിടിച്ച് നിന്നു .

പഴയൊരു തമിഴ് പാട്ടിന്റെ ശ്രുതി തെറ്റിയ വരികൾക്കൊപ്പം അയാൾ താഴേക്കുർന്നിറങ്ങി.ചുരുട്ടിയ മുഷ്ടികൾ ആകാശത്തേക്ക് തുഴയുന്ന പോലെ ഒന്നു രണ്ടു തവണ ഉയർന്ന് താഴ്ന്നു് അരക്കെട്ടിൽ വന്ന് വിശ്രമിച്ചു.മാറാപ്പിലെ കുട്ടി മുലതട്ടി മാറ്റി പെട്ടെന്ന് കരഞ്ഞു തുടങ്ങി.പെൺകോലം കുട്ടിയെ തോളത്തേക്ക് മാറ്റി കണവൻറെ കസർത്തിലേക്ക് ആദ്യമായി കണ്ണയച്ചു.ആഹായ് വിളിക്കും പാട്ടക്കൊട്ടിനും പകരം ഭീകരമായൊരു നിലവിളിയോടെ മണ്ണിലേക്ക് മലർന്നു വീണു.

  അപ്പച്ചൻ പിന്നിൽ നിന്നും ഓടി വന്ന്  കണ്ണ് പൊത്തിപ്പിടിച്ച്  എന്നെ ആൾക്കൂട്ടത്തിൽ നിന്നും പുറത്തക്ക് മാറ്റി.
-സർക്കസ്  കഴിഞ്ഞ്വോ അപ്പച്ചാ..
-ഉവ്വ് .സർക്കസ്  കഴിഞ്ഞു.
 
ഏകാദശി മൂന്ന്
മൃഗങ്ങളും മരിക്കാറുണ്ട്.

---------------------------------------
ബസ്സുകളെല്ലാം 'നാവടക്കൂ പണിയെടുക്കൂ' സൂക്തങ്ങൾ കൊണ്ട്  സുന്ദരപ്പെടുത്തിയിരുന്ന കാലം. സർക്കാരാപ്പീസുകൾ സമയത്തു തുറക്കുകയും സമയം കഴിഞ്ഞും തുറന്നിരിക്കുകയും രാജന്മാർ സമയങ്ങൾ കഴിഞ്ഞും വീട്ടിലെത്താതിരിക്കുകയും ചെയ്തിരുന്ന അത്ഭുതകാലം.അടക്കിപ്പിടിച്ച ക്ഷോഭത്തിന്റേയും നിസ്സഹായതയുടേയും നീറ്റൽ നാട്ടിലും വീട്ടിലും അനുഭവപ്പെട്ടിരുന്ന കാലം.ശ്വാസോച്ഛാസമില്ലാതെ,ഹൃദയമിടി പ്പുകളില്ലാതെ vegetative അവസ്ഥയിൽ ഭാരതവും ജനതയും 'സന്തോഷമായി കഴിഞ്ഞിരുന്ന സ്വർഗ്ഗീയകാലം'.
ഡൽഹിയിലെ സഞ്ജയകുസൃതികളും കോൺഗ്രസ്  (ഭരണകൂട) ഭീകരതയും നരനായാട്ടുകളും അറിയാതെ മലയാളികൾ ,ഉണ്ടുറങ്ങിയെഴുന്നേറ്റ് കുടുംബാസൂത്രണ ബക്കറ്റിൽ കുളിച്ച് സ്വസ്ഥം കഴിഞ്ഞു .

1976ൽ 'അടിയന്തരാഘോഷങ്ങൾ' പൊടിപൊടിക്കുന്നതിനിടയിലാണ് ഈ ഏകാദശി യാത്ര.നിസസംഗതയും നിരാശയുമായിരുന്നു അക്കാലത്ത് മലയാളിയുടെ പൊതുഭാവം.ചുറ്റുമുള്ളവരെ സംശയവും.ആരാണ് പോലീസ് ചോദ്യം ചെയ്യലിലേക്കും ലോക്കപ്പിലേക്കും തള്ളിക്കൊടുക്കുക എന്ന ആശങ്ക,ഭയം. ഗുരുവായൂരപ്പൻ നീറ്റ് പാർട്ടിയൊക്കെയാണെങ്കിലും ,നമ്മെ അറിയുന്നവർ നമുക്ക്  കുഴപ്പമുണ്ടാക്കില്ലെന്ന സൂക്തഭാഗം പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങുന്നതിനു മുമ്പേ ഞാനും അപ്പച്ചനും ഉപേക്ഷിച്ചിരുന്നു.അതു കൊണ്ടു തന്നെ 'അച്ഛൻ പ്രദേശപ്രവേശനം' ഞങ്ങളുടെ അജണ്ടയിലില്ലായിരുന്നു.
പടിഞ്ഞാറേ നടയിൽ ബസ്സിറങ്ങുമ്പോൾ പുതിയ വഴികളിലേക്ക് ക്ഷണിച്ച്  അന്തോണി മാപ്ള നിലക്കുന്നു.ചാവക്കാട്ടേക്കും കുന്നംകുളത്തേക്കുമുള്ള ബസ്സുകളിൽ ആളുകളെ വിളിച്ചു കയറ്റുന്ന കോട്ടപ്പടിക്കാരൻ അന്തോണിച്ചേട്ടൻ.മൊബൈൽ ഫോണുകളും ബ്രേക്കിങ്ങ് ഫ്ളാഷുകളും ഇല്ലാതിരുന്ന അക്കാലത്ത് അന്തോണിച്ചേട്ടന്മാർക്കായിരുന്നു പൊട്ടും വാർത്തകളുടെ കുത്തക.

-മ്പടെ കേശവൻ പോയീട്ടാ

കേശവനെ മനസ്സിലായി.ഗുരുവായൂർ വെച്ച് കേശവൻ എന്നു കേട്ടാൽ ആര് എന്നു ചോദ്യമില്ല. പക്ഷേ ഈ പോയീന്ന് വെച്ചാൽ?

-മൂപ്പര് മരിച്ചു.ചെരിഞ്ഞു.കോവിലകം പറമ്പിലിണ്ട്.

ബസ്സിറങ്ങിയവരിൽ വലിയൊരു കൂട്ടം പലവഴികളിലായി കോവിലകം പറമ്പിലേക്ക് നടന്നു .ഗുരുവായൂർ കേശവനെ ആദ്യം കാണട്ടെ,ഗുരുവായൂരപ്പനെ പിന്നീടാവാം എന്നൊരു മട്ട്.
കോവിലകം പറമ്പിലെ വലിയ ആൾക്കൂട്ടത്തിലേക്ക് കൂടുതൽ ആളുകൾ ചേർന്നു കൊണ്ടിരുന്നു. ആൾക്കൂട്ടത്തിൽ നിന്നും ഇറങ്ങിവന്ന ക്യൂ നീണ്ടും വളഞ്ഞും കേശവനെക്കണ്ടു പുളഞ്ഞും കടന്നു പോയി. അരമണിക്കൂറിലേറെയെടുത്താണ് ക്യൂ ഞങ്ങളെ കേശവനടുത്തെത്തിച്ചത്.ക്യൂവിലെ നില്പ് മുഷിപ്പിച്ചതേയില്ല.കേശവനെക്കുറിച്ച് ക്ളാസെടുക്കുന്ന പ്രൊഫസർമാരുടേയും അതിൽ മുങ്ങി നില്ക്കുന്ന കേൾവിക്കാരുടേയും വരിയിട്ട പാഠശാലയായിരുന്നു ക്യൂ.
പത്താം വയസ്സിലാണത്രേ നിലമ്പൂർ കോവിലകത്തെ വലിയരാജ കേശവനെ ഗുരുവായൂരപ്പനെ ഏൽപ്പിക്കുന്നത്. മലബാർ ലഹളക്കാലത്ത്  തന്റെ ബന്ധുക്കളേയും സ്വത്തുക്കളേയും സംരക്ഷിച്ചതിനായിരുന്നു ഈ ആനദാനം.കണ്ണനും കേശവനും കടുത്ത കൂട്ടായി. കേശവന്റെ ചില്ലറ കുസൃതികൾ കണ്ണനു  നേദിച്ച വെണ്ണ കൊടുത്തു മാറ്റി പാപ്പാൻമാർ.കണ്ണന്റെ തിടമ്പ്  കേശവന്റെ മസ്തകത്തിൽ മാത്രമിരുന്നു.ഇന്ന് പുലർച്ചയും അതവിടെത്തന്നെയായിരുന്നു.കണ്ണന്റെ തിടമ്പുമായി കേശവൻ ഒന്ന്  വിറച്ചു.കാലുകൾ വേച്ചു വേച്ചു  പോയി. തിടമ്പ് മറ്റൊരു ആനയിലേക്ക് മാറ്റി ,കേശവനെ കോവിലകം പറമ്പിലേക്ക് മാറ്റി .മോക്ഷമുറപ്പിക്കുന്ന ബ്രഹ്മ മുഹൂർത്തത്തിൽ കേശവൻ നിലത്തു കിടന്നു ,തുമ്പിക്കൈ ഗുരുവായൂരപ്പനിലേക്ക് നീട്ടി വെച്ചു .
ക്യൂവിൽ നിരങ്ങി നീങ്ങിയെത്തുമ്പോൾ ആളുകൾ പൂക്കളെറിയുന്നു,കരയുന്നു.നെഞ്ചത്തടിച്ചു കരയുന്ന ഒന്നു രണ്ടു പൂണൂൽധാരികളുമുണ്ടായിരുന്നു കൂട്ടത്തിൽ. പൂക്കളാലും റീത്തുകളാലും കരച്ചിലാകുളാലും ചമയപ്പെട്ട് കേശവൻ കിടന്നു.മരിച്ചങ്ങനെ കിടക്കുമ്പോൾ എന്തൊരു വലിപ്പമാണ് കേശവന്! എന്തൊരു പൊക്കമാണ്!

വീട്ടിലും നാട്ടിലും ചത്തു പോകുന്ന പൂച്ചയേയും പട്ടിയേയുമൊക്കെ കാരപ്പറമ്പിലെ പൊട്ടക്കിണറ്റിലെറിയും. കെണിവെച്ചു കൊല്ലുന്ന എലിയും പെരുച്ചാഴിയും അങ്ങോട്ട് തന്നെ.അങ്ങനെ ചത്തും വലിച്ചെറിയപ്പെട്ടും തീരുന്നതായിരുന്നു എനിക്ക്  ജന്തുജന്മങ്ങൾ.
മൃഗങ്ങളെല്ലാം വെറുതെയങ്ങു ചത്തു പോകുകയല്ലെന്നും നല്ല വെടിപ്പായി മാന്യമായി മരിക്കുന്നവരുണ്ടെന്നും പറഞ്ഞു തന്നൂ,ഈ ആനക്കേശവൻ,ഈ ഏകാദശിക്ക്. ഞങ്ങളെപ്പോലെ പലരും ഗുരുവായൂരപ്പനെ മറന്ന ഏകാദശി .

No comments:

Post a Comment