Sunday 7 April 2013

ഒസ്യത്ത്

                     1
മരിച്ചു  കഴിഞ്ഞാലെന്നെ
കുളിപ്പിച്ചു  കിടത്തരുത്
ദേഹത്തിന്‍റെ  എല്ലാ  അശുദ്ധികളുമായി
എനിക്ക്  തിരിച്ചു പോകണം

നല്ല വാക്കുകള്‍  കൊണ്ടെന്നെ
പുണ്ണ്യപ്പെടുത്തരുത്
മനസ്സിലെ എല്ലാ മാലിന്യങ്ങളുമായി
എനിക്ക് തിരിച്ചു പോകണം

പൂക്കളും തിരികളും വെച്ചെന്നെ
വികൃതമാക്കരുത്
പ്രാര്‍ത്ഥനകള്‍ ചൊല്ലിയെന്നെ
പ്രാകിപ്പകപോക്കരുത്

ചിരട്ടച്ചീളും ചാണകവരളിയും  വെച്ച്
പുകച്ച വഹേളിക്കരുത്
പുകഞ്ഞു തീര്‍ന്നോരീ മോഹക്കൊട്ടിലില്‍
പൂച്ചൊന്നുമില്ലിനി പുറത്തു ചാടാന്‍

മണ്ണിന്നടിയിലെന്നെ തള്ളിക്കളയരുത്
മണ്ണിന്‍റെ മനം മടുത്തവന്‍ ഞാന്‍

കുടിയിറങ്ങിപ്പോകുന്ന  അക്ഷരങ്ങളെ
തടുത്തുകൂട്ടിയെടുക്കുക
പൊട്ടക്കവിതകള്‍  ഒന്നോ രണ്ടോ
തട്ടിക്കൂട്ടിയെടുക്കാം പിന്നെ

                       2
തീര്‍ന്നു  പോകുന്നിടത്തെന്നെ
തിരസ്ക്കരിച്ചു പോകുക
കോടിമുണ്ട് കൊണ്ട് മൂടരുത്
വേണ്ടവര്‍ വേണ്ടതെടുത്തു പോട്ടെ

കാഴ്ച  മടുത്തവര്‍ക്കും
കണ്ണീര്‍ വറ്റിയവര്‍ക്കും
കരുതി വെച്ചതീ  കണ്ണുകള്‍

കാതില്‍ ഇയ്യം തിളച്ചവര്‍ക്ക്
കഴുകി സൂക്ഷിച്ച  കര്‍ണപുടങ്ങള്‍

പ്രണയം പൊലിഞ്ഞ കാമുകന്
നിണം  വാര്‍ന്നൊരെന്‍ ഹൃദയം

ശപിക്കപ്പെട്ട ചിന്തകള്‍ക്കായി
ശുഷ്ക്കിച്ച  കരിന്തലച്ചോറ്

ആയുസ്സളന്നെടുക്കുന്ന വമാനര്‍ക്ക്
ആയം തീര്‍ന്നൊരീ  കാലുകള്‍

മൃഗീയ പുരുഷമുദ്ര ,പരുഷ
ഭോഗാസക്തനു  സ്വന്തം

                      3
തീര്‍ന്നു  പോയതില്‍  ബാക്കി
തിരസ്കരിച്ചു പോകുക
തലക്കലൊരു  കല്ലിലെഴുതുക -
ഇവന്‍ ശപിക്കപ്പെട്ടവന്‍
കവിയെന്നഹങ്കാരം
അക്ഷരങ്ങളെ സ്വൈര്യം കെടുത്തിയതിന്
വാക്കുകളുടെ  കുത്തേറ്റു  മരിച്ചവന്‍

18 comments:

  1. അക്ഷരങ്ങളെ സ്വൈര്യം കെടുത്തിയതിന്
    വാക്കുകളുടെ കുത്തേറ്റു മരിച്ചവന്‍


    പിന്നെയെന്ത് പറയേണ്ടു!!!

    ReplyDelete
    Replies
    1. വായനക്ക് നന്ദി .വീണ്ടും കാണാം

      Delete
  2. Great writing...You've found your niche
    That is the important fact to hold on to.
    Good luck and happy writing

    ReplyDelete
  3. ഈ ഒസ്യത്ത് ഇഷ്ട്ടപ്പെട്ടു .

    ReplyDelete
  4. ഇതൊന്നും നടക്കുമെന്നു തോന്നുന്നില്ല. മരണാനന്തര ചടങ്ങുകളും ഇവന്റ് മാനേജ്മെന്റ് കാരെ ഏൽപ്പിക്കുന്ന കാലമാ.
    അവരങ്ങ് ആഘോഷിച്ച് മുടിച്ച് കളയും..ഹ...ഹ...

    കവിത ഏറെ നന്നായി.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അങ്ങനെ വരാതെ നോക്കണം.മരണത്തിനു പിന്നിലേക്കും നമുക്ക് സ്വപ്നം കാണേണ്ടേ?അങ്ങനെ ഒരു സ്വപ്നം ഇത് .

      Delete
  5. അതെ.. ഇങ്ങനെ സുന്ദരമോഹന സ്വപ്നങ്ങളാകാം..
    നന്നായിരിക്കുന്നു.

    ReplyDelete
  6. Dear Mr. Mohan,surprisingly I came across your blog. Your poems carry the signature of soul. Words take the reader to his/her interiority. Great!!! I would like to contact you: would you pls give me either your e-Id or phone no.?

    ReplyDelete
  7. വായനക്ക് നന്ദി.വീണ്ടും കാണാം

    ReplyDelete
  8. നല്ല എഴുത്ത്.
    ഇവിടെ ആദ്യമാണ്.
    അവസാന രണ്ടുവരികള്‍ കൂടുതല്‍ ഇഷ്ടമായി.
    സൌഗന്ധികത്തിന്റെ കമന്റും.
    അല്ലെങ്കിലും നമുക്കൊക്കെ ഡിമാന്‍ഡ് കൂടുന്നത്
    ചത്തുകഴിഞ്ഞിട്ടാവുമെന്നെ..

    ReplyDelete
  9. നന്ദി.ആദ്യത്തെ വരവ് നിരാശപ്പെടുത്തിയില്ലല്ലോ. ഇനിയും കാണാം.

    ReplyDelete
  10. Replies
    1. നന്ദി.നല്ല വാക്കുകള്‍ക്ക്.വലിയ സന്തോഷമായി.വീണ്ടും കാണാം.

      Delete
  11. അയ്യപ്പൻറെ കവിത മനസ്സിൽ കിടന്ന് പുകയുന്നതിനാൽ വായന തുടങ്ങിയപ്പോൾ സാമ്യം അനുഭവപ്പെട്ടു ..... , പക്ഷെ തുടര് വായനയിൽ അത് മാറി . നല്ല ആശയം
    നല്ല വരികൾ

    (അയ്യപ്പൻറെ ഒസ്യത്ത് ഇങ്ങനെയാണ് )
    എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് .......
    .......
    പൂവിലൂടെ എനിക്ക് തിരിച്ചു പോകണം

    ReplyDelete
    Replies
    1. അയ്യപ്പനും അയ്യപ്പന്‍റെ കവിതകളും എന്‍റെ മനസ്സിലെയും സ്ഥിരം പുകച്ചിലാണ് .
      വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete