Saturday 19 April 2014

പുതിയ കുരിശുകള്‍, പുതിയ പീഡകള്‍, പുതിയ ഉയിര്‍പ്പുകള്‍


ഞാന്‍ അമുദ .
അഞ്ചു നാള്‍ മുമ്പ് എംബസ്സിപ്പടിയില്‍ 
അമേധ്യം പോലെ ഉപേക്ഷിക്കപ്പെട്ടവള്‍.
കുടിയും കൂലിയും തീറ്റിയുമില്ലാതെ
അറബിക്കടിമപ്പണി ചെയ്തവള്‍ .
ആയിരം നക്ഷത്രങ്ങള്‍ക്കും 
ആറു കാമച്ചെറ്റകള്‍ക്കും കീഴെ 
ആവി പൊന്തുന്ന മണല്‍ മെത്തയില്‍ 
ആകെ വെന്തു മലച്ചവള്‍.
മുബാരക്കാശുപത്രിയിലെ
അത്യാസന്നമുറിക്കിടക്കയില്‍
മരണത്തിന് തല നല്കിപ്പിരിഞ്ഞവള്‍*.
തല്ലിക്കശക്കിക്കളഞ്ഞോരെന്‍ ജീവിതം 
തീവ്രപരിചരണത്തിലാണിപ്പോള്‍.
അവയവങ്ങള്‍ക്ക് വിലയുണ്ടത്രേ!
ആശുപത്രിത്തിയേട്ടറിലെ
ആറാം നമ്പര്‍ മേശയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
കരയുന്നില്ല,കുതറുന്നില്ല,ലജ്ജിക്കുന്നില്ല ഞാന്‍ .
വെന്ത മണല്‍ പുറം പൊള്ളിക്കുന്നില്ല.
ആകാശത്ത്‌ വെളിച്ചമേറിയ കുറച്ചു നക്ഷത്രങ്ങള്‍ 
അരികില്‍ മോണിറ്ററിന്റെ മരണമണിനാദം.
അവയവങ്ങള്‍ ഓരോന്നയൂരിപ്പോകുമ്പോള്‍ 
ദൈവമേ ഞാന്‍ നിനക്ക് നന്ദി പറയുന്നു.
എന്‍റെ സുന്ദര സുരഭില ജീവിതത്തിന്
വീണ്ടും വീണ്ടും നന്ദി പറയുന്നു.
ഇതാ വൃക്കകള്‍ പോകുന്നു.
എതോയോരുത്തനു 
മൂത്രമൊഴിച്ച് രസിക്കാന്‍.
കണ്ണുകള്‍ പോകുന്നു,ഏതോ കാമാന്ധനു
കമ്പൂട്ടര്‍ വലയില്‍ സ്ഖലിച്ചു രമിക്കാന്‍ .
അവയവങ്ങള്‍ പിരിയുന്നു.
അയ്യോ,അവരെന്റെ ഹൃദയമുരിയുന്നു .
ഇനി സമയമില്ല,ഞാന്‍ ചുരുക്കട്ടെ.
ആകെത്തൂക്കിക്കണക്കാക്കി 
ആവുന്ന പണം അയക്കണം,ദൈവമേ 
അകലെ ക്കുടിയില്‍ കാത്തിരിപ്പൂ 
അരവയറുമായെന്‍ കിടാങ്ങള്‍.
ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ മൂന്നാം നാള്‍ 
അമ്മയുടെ ആദ്യ ശംബളമായിട്ടാക്കുടിലില്‍.

*മസ്തിഷ്ക്ക മരണം
ഈ എഴുത്തില്‍ കവിതയില്ല.
പുതിയ പീഡകളുടെ നേര്‍ സാക്ഷ്യം മാത്രം.
സത്യസങ്കടങ്ങളുടെ നിലവിളികള്‍.
ഒരു പിതാവിനും വേണ്ടാത്ത 
ദുരിതഭരിത പാനപാത്രം.
എന്റെ അമുദ

1 comment:

  1. അവൾക്കായി ഒരിറ്റു കണ്ണീർ .......

    ReplyDelete