Saturday, 22 November 2014

നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ്

പഴയൊരു മഴക്കാലത്ത്
കലാലയപ്പറമ്പിന്റെ മൂലയില്‍
ആല്‍മരത്തിന്റെയുടലില്‍
അവന്റെ പേര്  വരഞ്ഞിരുന്നു
ഇനിയും കാണാമെന്ന് പിരിഞ്ഞിരുന്നു.

കടുത്ത മഴയിലവന്‍ പനിച്ചുവോ
അടുത്ത വേനലില്‍ പൊള്ളിയോ
ഉടലില്‍ പുതുപേരുകള്‍ ചേര്‍ന്നുവോ
പ്രണയപ്പുതുശാഖികള്‍ പൊടിച്ചുവോ
പ്രസ്ഥാനവേരുകള്‍ ആഴ്ന്നിറങ്ങിയോ  ?

ഇന്നലെ കലാലയത്തിന്  നൂറ്
ആല്‍മരത്തിന്റെ ഉയരങ്ങളില്ല
പച്ചയില്ല,ഒച്ചയില്ല,ഉച്ചയുടെ
പൊതിച്ചോര്‍ മണമില്ല
മുദ്രാവാക്ക്യങ്ങളുടെ സ്വാന്തനമില്ല
മുദ്ര വെക്കും രഹസ്യ ചുംബനമില്ല .
നോട്ടങ്ങളില്‍ പഴയ കനവുകളില്ല
നോട്ടു ബുക്കില്‍ പുതിയ കവിതകളില്ല .
പ്രാവുകളുടെ കുറുകലില്ല
പ്രണയത്തിന്റെ മുറുകലില്ല.

ആല്‍മരമൊഴിഞ്ഞ
ആസനക്കുഴിയില്‍
ഞെളിഞ്ഞിരിക്കുന്നുണ്ടൊരു
കോണ്ക്രീറ്റ് ദീര്‍ഘചതുരം
കൊത്തിവെച്ചിരിക്കുന്നു
ശതകത്തിന്റെ പൂജ്യങ്ങള്‍
കറുത്തു വരഞ്ഞ് പേരുകള്‍
മന്ത്രിയാകാം,തന്ത്രിയാകാം
മുന്തിയ ഏതോ കോന്തനാകാം.

സിമന്‍റ് കട്ടയ്ക്ക് പിന്നില്‍
നാണിച്ചു നില്‍ക്കുന്നണ്ടവന്‍
പഴയ,
നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ് .

6 comments:

  1. ഇന്നലത്തെ കലാലയങ്ങൾ നമ്മളിൽ നിന്ന് ഒരു പാട് നടന്നു മുന്നോട്ടു പോയിരിക്കുന്നു
    നമ്മളെ പിറകിലാക്കി ഓർമ്മകൾ ആൽമരങ്ങൾ തന്നെ എന്നാലും മനോഹരം നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ് .

    ReplyDelete
  2. വായനക്ക് വളരെ നന്ദി

    ReplyDelete
  3. കലാലയസ്മരണകളുടെ മനോഹരമായ കാവ്യാവിഷ്ക്കാരം. പോയ വസന്തത്തിന്റെ ദീപ്തമുദ്രകൾ വരികളിൽ പതിപ്പിച്ചിരിക്കുന്നു. ഇഷ്ടം.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം.വായനക്ക് നന്ദി

      Delete
  4. മാറ്റങ്ങളാണെവിടെയും ഇതാണ് നല്ലതെന്നവര്‍!!

    ReplyDelete
    Replies
    1. വായനക്ക് വളരെ നന്ദി ,അജിത്‌

      Delete