Friday, 3 October 2014

പ്രണയവിരുദ്ധം


ഒറ്റപ്പെട്ട തുരുത്തിലേക്ക്
തെറ്റിപ്പോകുന്ന യാത്രയാണ് ,
പ്രണയം.

ഒരുമിച്ചിരുന്നു തുഴയുമ്പോഴും
ഇരുവശങ്ങളിലൂടെ ഒഴുകിത്തീരും
സ്വപ്‌നങ്ങള്‍.

നിറങ്ങള്‍ നിറഞ്ഞു നിറഞ്ഞ്
കറ പിടിച്ചൊരു ചിത്രം,
പ്രണയം.

ഒരുമിച്ചു വരയുമ്പോഴും
വര വളഞ്ഞു വികൃതം
കാന്‍വാസ്.

മസാലയേറിയേറി
മനം മടുക്കും പാഥേയം,
പ്രണയം.

വഴിയിലെനിക്കെരിയുമ്പോള്‍
നിനക്ക് പുളിയും ചവര്‍പ്പും.

കഥാപാത്രങ്ങളിറങ്ങിപ്പോയി
കഥയില്ലാത്ത നാടകം ,
പ്രണയം.

മത്സരിച്ചഭിനയിക്കുമ്പോഴും
കര്ട്ടന് പിന്നില്‍
നീയും ഞാനും ഒറ്റക്കൊറ്റക്ക്‌ .

വ്യാമോഹത്തെരുവില്‍
വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന
വഴിപോക്കന്‍ മാത്രം,
പ്രണയം.

രക്തസാക്ഷിപ്പുടവ പോലുമില്ലാതെ
പ്രണയം.

1 comment:

  1. പ്രണയനിര്‍വചനങ്ങള്‍

    ReplyDelete