Saturday 28 March 2015

മൂന്നാം പക്കം മരണം

ഒന്നാം പക്കം

കറുത്ത പൂക്കളെ വിരിയിച്ചെടുക്കുന്ന
കാഞ്ഞു കിടക്കുന്ന മണ്ണാണെന്‍ ചിന്തകൾ
കണ്ണു നിരിറ്റിറ്റു വീഴ്ത്തിക്കൊടുത്തിട്ടും
കത്തുന്നു പൂവിലെ തേൻതുള്ളി പോലും.

കണ്ണുകളൊന്നടക്കാനൊരുങ്ങുമ്പോൾ
കുതറിയെത്തുന്നു കാണാത്ത ദുഖങ്ങൾ
മുഖം പൊത്തിക്കരയാൻ കൈകളുയർത്തവേ
മൂർച്ചയാൽ കുത്തുന്നു കണ്ണിൽ വിരലുകൾ

വശം കെട്ടു പോയൊരു വംശാവലിയുടെ
വാലറ്റത്ത് കിടന്നു പിടയുകയാണു ഞാന്‍ .
വരി വരിയായിന്നകന്നു പോകുന്നു
വഴി തെറ്റാതെ കൂട്ടു നിന്ന നന്മകള്‍

രണ്ടാം പക്കം

ചിറകു കുഴഞ്ഞൊരു പക്ഷിയെൻ ജാലക-
പ്പുറകിലിരുന്നു പതിയെച്ചിലക്കുമ്പോൾ
ചിലമ്പിച്ച ശബ്ദത്തിലാത്മാവു ചൊല്ലുന്നു
നിശ്ചയം,നിശ്ചയം,തോല്ക്കുകയാണ് ഞാൻ.

ചതുരംഗപ്പലകയിലാകെക്കരുക്കൾ
ചതുരക്കളങ്ങൾ തെളിയുന്നുമില്ല.
കറുപ്പേത്  വെളുപ്പേത്? കണ്ണു കഴക്കുമ്പോൾ
അറിയുന്നു,നിശ്ചയം,തോൽക്കുകയാണ് ഞാൻ.

അപ്പുറമിരുന്നു കളിക്കുന്നു ദൈവം
ഇപ്പുറമിരുന്നു തോൽക്കുകയാണ് ഞാൻ
പണയമെന്തെന്നു ചോദിക്കുന്നു ദൈവം
പണയമെൻ  ജീവിതം എടുത്തു കൊള്ളൂ.

മുടിയും കടിഞ്ഞൂൽ പൊട്ടനാണ് ഞാൻ
മഠയന്‍ നാറിപ്പുരുഷനാണ് ഞാൻ
മതി വിട്ടു കൊതിച്ചൊരച്ഛനാണ് ഞാൻ
മതിപ്പു കെട്ടൊരീ ജീവിതം എടുത്തു കൊള്ളൂ.

കഠിനം വെറുപ്പാൽ വലിച്ചെറിയുന്നു ഞാൻ
കഥയില്ലാത്തൊരീ വഷളൻ തിരക്കഥ
കല്ലുകൾ വെച്ചു പൊലിപ്പിച്ച നുണക്കഥ
കല്ലറയിലേക്കിറക്കി വെക്കുന്നു ഞാൻ.

മനസ്സിൽ മറച്ചിട്ട മോഹങ്ങളൊക്കെയും
മരണാസന്നമുദ്രകൾ കളിക്കുമ്പോൾ
മൃതമാം കനവുകൾക്കവസാന വരിയായി
മങ്ങി മങ്ങി മറയുന്നു ജീവിതത്തിരച്ചിത്രം


മൂന്നാം പക്കം മരണം

അക്ഷമന്‍ മരണം വാതിലില്‍ മുട്ടുന്നു
"അവസാനിച്ചുവോ ആത്മഹത്യാക്കുറിപ്പ്?
മേശമേലിക്കവിത ഞാന്‍ വെക്കുന്നു
മരണത്തോടൊപ്പം ഇറങ്ങി നടക്കുന്നു.

1 comment: