ഞാനിന്ന്
കല്ലുകള്‍ ശേഖരിക്കുകയാണ്.
മിനിമിനുത്ത മാര്‍ബിളുകള്‍
മുന കൂര്‍ത്ത കരിങ്കല്‍ ചില്ലുകള്‍
വെളുവെളുത്ത വെള്ളാരങ്കല്ലുകള്‍
എല്ലാ തരം കല്ലുകളും
ഞാന്‍ ശേഖരിക്കുന്നു.
കല്ലിനുമേല്‍ കല്ലുവെച്ച്
ഞാനൊരു കോട്ട പണിയും
കാലിനുമേല്‍ കാലു വെച്ചു
അതിന്‍റെ കൊത്തളങ്ങളില്‍
ഞാനിരിക്കും .
കോട്ടയിലേക്ക് പ്രവേശനം
എനിക്ക് മാത്രം
എന്‍റെ പ്രവേശനത്തിനുശേഷം
കോട്ടയ്ക്കു കതകുകളില്ല.
പ്രവേശനത്തിന് ശ്രമിക്കുന്നവര്‍
കോട്ടവതില്‍ക്കല്‍ കാവല്‍ക്കാരായി
ശിക്ഷിക്കപ്പെടും.
എന്‍റെ ഭ്രാന്തും കവിതയും കേട്ട്
നിങ്ങള്‍ക്ക് നൊമ്പരപ്പെടെണ്ടിവരും
എന്‍റെ ദുസ്വപ്നങ്ങളില്‍
നിങ്ങള്‍ക്കിരുന്നു കരയേണ്ടിവരും.
പൂര്‍ണ ഗര്‍ഭാവസ്ഥയില്‍
എന്‍റെ ചിന്തകള്‍ അലസുന്നതും
നിറഞ്ഞ വസന്തത്തില്‍
എന്‍റെ പൂക്കള്‍ കൊഴിയുന്നതും
നിങ്ങളെ വേദനിപ്പിക്കും .
അവസാനം
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
മൂര്ധന്യാവസ്ഥയില്‍
കോട്ടയുടെ ഉത്തരങ്ങളില്‍,ഞാന്‍
നൂറു നൂറു ശവങ്ങളായി കിടന്നാടുന്നതു
നിങ്ങള്‍ക്ക് കാണേണ്ടി വരും
അത് കൊണ്ട് ,അരുത്
ആരും അകത്തു കടക്കരുത്.
No comments:
Post a Comment